IndiaLatest

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറച്ച്‌ രാജസ്ഥാന്‍

“Manju”

ജയ്‌പൂ‌ര്‍: മൂന്ന് ഘട്ട ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ രാജസ്ഥാന്‍. ഇന്നുമുതല്‍ പൊതുഇടങ്ങളിലെത്തുന്ന ജനങ്ങള്‍ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിരിക്കണം. ജിമ്മുകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിവ മൂന്ന് മണിക്കൂര്‍ കൂടി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. വൈകിട്ട് നാല് മുതല്‍ ഏഴ് വരെയാണിത്. ഇതില്‍ റെസ്‌റ്റോറന്റിലെ ജീവനക്കാരില്‍ 60 ശതമാനമെങ്കിലും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം.
പുറമേ നടക്കുന്ന കായിക മത്സരങ്ങള്‍ അനുവദിക്കും, എന്നാല്‍ ഇന്‍ഡോ‌ര്‍ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നവരില്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിച്ചവരാകണം. സര്‍ക്കാര്‍ ഓഫീസുകള്‍ ആറ് മണിവരെ പ്രവര്‍ത്തിക്കും. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ച സ്വകാര്യ ഓഫീസുകള്‍ മൂന്ന് മണിക്കൂര്‍ അധികമായി പരമാവധി 7 മണിവരെ പ്രവര്‍ത്തിക്കാം.
25 പേര്‍ വരെയുള‌ള സ‌ര്‍ക്കാ‌ര്‍ ഓഫീസുകളില്‍ മുഴുവന്‍ ആളുകളും ജോലിക്ക് ഹാജരാകാം. അതില്‍ കൂടുതല്‍ ജീവനക്കാരുള‌ള ഓഫീസുകളില്‍ 50 ശതമാനം ജോലിക്കെത്തണം. 60 ശതമാനമോ അതില്‍ കൂടുതലോ ജീവനക്കാര്‍ വാക്‌സിന്‍ സ്വീകരിച്ചെങ്കില്‍ മുഴുവന്‍ ജീവനക്കാരും ഓഫീസിലെത്തണം. രാവിലെ 9.30 മുതല്‍ വൈകിട്ട് 6 മണിവരെയാകും ഓഫീസ് സമയം.
വിവാഹങ്ങള്‍ അനുവദിക്കും. എന്നാല്‍ പരമാവധി 40 അതിഥികളേ പാടുള‌ളു. വൈകുന്നേരം നാല് മണി വരെയാണ് അനുമതി. ജൂലായ് ഒന്നുമുതലാണ് ഇതിന് അനുമതി നല്‍കിയത്. ആരാധനാലയങ്ങള്‍ രാവിലെ 5 മുതല്‍ വൈകിട്ട് 4 വരെ തുറക്കാം. എന്നാല്‍ ഭക്തജനങ്ങളും ജീവനക്കാരും ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിക്കണം.
പാര്‍ക്കുകള്‍ തുറക്കും. നഗരത്തിലെ മിനി ബസുകളിലെ ഡ്രൈവര്‍ ഒരു ഡോസ്‌വാക്‌സിനെങ്കിലും സ്വീകരിച്ചാല്‍ ഓടിക്കാം. തിങ്കള്‍ മുതല്‍ ശനി വരെ സ്വകാര്യ വാഹനങ്ങള്‍ രാവിലെ 5 മുതല്‍ രാത്രി 8 വരെയേ അനുവദിക്കൂ.
കടകള്‍, ചന്തകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ ഇവിടങ്ങളിലെല്ലാം തൊഴിലാളികളില്‍ 60 ശതമാനവും വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. വിദ്യാഭ്യാസ, ആഘോഷ,ആചാര പരിപാടികള്‍ക്കെല്ലാം തുടര്‍ന്നും വിലക്കുണ്ടാകും. ശനിയാഴ്‌ച രാത്രി 8 മുതല്‍ തിങ്കള്‍ രാവിലെ 5 വരെ പ്രതിവാര കര്‍ഫ്യുവും നിലവിലുണ്ടാകും.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 162 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ 9,52,129 പേര്‍ക്കാണ് രാജസ്ഥാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

Related Articles

Back to top button