IndiaLatest

നരേന്ദ്രമോഡി സര്‍ക്കാര്‍ പുന:സംഘടനയ്ക്ക് ഒരുങ്ങുന്നു

“Manju”

ന്യൂഡല്‍ഹി: നരേന്ദ്രമോഡി സര്‍ക്കാര്‍ രണ്ടാം ടേമില്‍ ആദ്യമായി മന്ത്രിസഭാ പുന:സംഘടനയ്ക്ക് ഒരുങ്ങുന്നു. അടുത്ത വര്‍ഷം അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പും 2024 ല്‍ നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ടുള്ള നീക്കത്തില്‍ മദ്ധ്യപ്രദേശില്‍ നിന്നും ജ്യോതിരാദിത്യ സിന്ധ്യേയും അസമില്‍ നിന്നും സര്‍ബാനന്ദ സോനോവാളും എല്‍ജെപിയുടെ പശുപതി പരസും മന്ത്രിസഭയില്‍ എത്തുമെന്നാണ് സൂചനകള്‍.
മദ്ധ്യപ്രദേശില്‍ ബിജെപിയ്ക്ക് വന്‍ നേട്ടം ഉണ്ടാക്കാന്‍ സഹായിച്ചയാളാണ് ജ്യോതിരാദിത്യ സിന്ധ്യ. അസമില്‍ ബിജെപി രണ്ടാം ടേമില്‍ അധികാരനേട്ടം ഉണ്ടാക്കിയപ്പോള്‍ മുഖ്യമന്ത്രി പദത്തിലേക്ക് ഹിമന്ദ ബിസ്വാസിന് വഴി മാറിയയാളാണ് സര്‍ബാനന്ദ.
കേന്ദ്രമന്ത്രിയായിരിക്കെ കഴിഞ്ഞ വര്‍ഷം മരണമടഞ്ഞ എല്‍ജെപി നേതാവ് രാം വിലാസ് പസ്വാന്റെ സ്ഥാനത്താണ് പശുപതി പരസിന് അവസരം. എല്‍ജെപിയില്‍ ചിരാഗ് പസ്വാനെ തള്ളിക്കളഞ്ഞ് പാര്‍ട്ടിയെ പിളര്‍ത്തിയെടുത്തു കൊണ്ടുപോയ ആളാണ് പശുപതി.
ബിഹാര്‍ നേതാവ് സുശീല്‍മോഡി, മഹാരാഷ്ട്രാ നേതാവ് നാരായണ റാണേ, ഭൂപേന്ദ്രയാദവ് എന്നിവരും മോഡിയുടെ പുതിയ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് സൂചനക. മന്ത്രിമാരുടെ പ്രകടനം സംബന്ധിച്ച കാര്യത്തില്‍ ഒരു മാസം നീണ്ട വിലയിരുത്തലുകള്‍ക്ക് ശേഷമാണ് അന്തിമമായി പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
അടുത്ത വര്‍ഷം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്ന ഉത്തര്‍പ്രദേശാണ് രാഷ്ട്രീയമായി ബിജെപിയുടെ പ്രധാനലക്ഷ്യം. വരുണ്‍ഗാന്ധി, രാംശങ്കര്‍ കത്തേരിയ, അനില്‍ ജെയ്ന്‍, റിതാ ബഹുഗുണ ജോഷി, സഫര്‍ ഇസ്‌ളാം എന്നിവരും ക്യാബിനറ്റിലേക്കുള്ള ക്യൂവിലുണ്ട്.
ഉത്തരാഖണ്ഡില്‍ നിന്നുള്ള അജയ്ഭട്ടോ അനില്‍ ബലുനിയോ മന്ത്രിയാകും. കര്‍ണാടകയെ പ്രതിനിധീകരിച്ച്‌ മന്ത്രിസഭയില്‍ പ്രതാപ് സിന്‍ഹ വരും. ബംഗാളില്‍ നിന്നും നേതാക്കളെ പരിഗണിക്കുന്നുണ്ട്. ജഗന്നാഥ് സര്‍ക്കാര്‍, ശന്തനു താക്കൂര്‍, നിതീത് പ്രമാണിക്ക് എന്നിവരുടെ പേരുകള്‍ക്കാണ് ബംഗാളില്‍ നിന്നും ശക്തി കൂടുന്നത്.
ഹരിയാനയില്‍ നിന്നും ബ്രിജേന്ദ്ര സിംഗ്, രാജസ്ഥാനില്‍ നിന്നും രാഹുല്‍ കസ്വാന്‍, ഒഡീഷയില്‍ നിന്നും അശ്വിനി വൈഷ്ണവ്, മഹാരാഷ്ട്രയില്‍ നിന്നും പൂനം മഹാജനോ പ്രീതം മുണ്ടേയോ ഡല്‍ഹിയില്‍ നിന്നും പര്‍വേഷ് വര്‍മ്മയോ മീനാക്ഷി ലേഖിയോ ഒക്കെ പട്ടികയിലുണ്ട്. ജനതാദള്‍ യു വിന്റെ നിതീഷ്‌കുമാര്‍ ക്യാബിനറ്റില്‍ ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. 2019 ലും മോഡിയുടെ വാഗ്ദാനം ബീഹാര്‍ മുഖ്യമന്ത്രി തള്ളിയിരുന്നു.

Related Articles

Back to top button