IndiaLatest

അങ്കണവാടികള്‍ സമ്പൂർണമായി വൈദ്യുതിവത്ക്കരിക്കും

“Manju”

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും വൈദ്യുതിവത്ക്കരിക്കാന്‍ തീരുമാനിച്ചു. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
സംസ്ഥാനത്ത് 2256 അങ്കണവാടികളിലാണ് വൈദ്യുതി ഇല്ലാത്തത്. വയറിംഗ് പൂര്‍ത്തീകരിച്ചിട്ടും വൈദ്യുതി നല്‍കാത്ത അങ്കണവാടികളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതാണ്.
ഒരു പോസ്റ്റ് ആവശ്യമായ അങ്കണവാടികള്‍ക്ക് കെ.എസ്.ഇ.ബി. അവരുടെ സ്‌കീമില്‍ ഉള്‍പ്പെടുത്തി സൗജന്യമായി അനുവദിക്കുന്നതാണ്. വയറിംഗ് നടന്നുകൊണ്ടിരിക്കുന്നവ ഒരു മാസത്തിനുള്ളില്‍ വയറിംഗ് പൂര്‍ത്തിയാക്കി അത് കെ.എസ്.ഇ.ബി.യെ അറിയിക്കാന്‍ നിര്‍ദേശം നല്‍കി.
സ്വന്തം കെട്ടിടങ്ങളുണ്ടായിട്ടും ഫണ്ട് കണ്ടെത്താന്‍ കഴിയാത്ത 221 അങ്കണവാടികളുണ്ട്. പഞ്ചായത്തുകള്‍ ഫണ്ട് കണ്ടെത്തി അത് പരിഹരിക്കുന്നതാണ്. പൊതു കെട്ടിടങ്ങളിലും വാടക കെട്ടിടത്തിലും പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ വൈദ്യുതിവത്ക്കരിക്കാന്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റുന്നതാണ്.
ഇതേരീതിയില്‍ ഇതുവരെ 30 അങ്കണവാടികളെ മാറ്റിക്കഴിഞ്ഞു. 6 ജില്ലകളിലെ 21 അങ്കണവാടികളില്‍ വൈദ്യുതി ലൈന്‍ വലിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. ആ സ്ഥലങ്ങളില്‍ അനര്‍ട്ട് നല്‍കിയ പ്രോജക്‌ട് അംഗീകരിക്കാനും തീരുമാനിച്ചു.
രണ്ട് വകുപ്പിലേയും സെക്രട്ടറിമാര്‍, വകുപ്പ് മേധാവികള്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button