International

വീണ്ടും ശ്രീലങ്കയിൽ വികസന പദ്ധതികളുമായി ചൈന

“Manju”

കൊളംബോ: ഇടക്കാലത്തെ അതൃപ്തികൾ മറികടന്ന് ശ്രീലങ്കയിൽ നിർമ്മാണവുമായി ചൈന. ഹമ്പന്തോട്ട തുറമുഖ നിർമ്മാണം പൂർത്തിയാക്കിയാണ് ചൈന ശ്രീലങ്കയ്ക്ക് മേൽ പിടിമുറുക്കിയിട്ടുള്ളത്. ഇതിനോട് അനുബന്ധമായ പദ്ധതികളാണ് പുനരാരംഭിക്കുന്നത്. ചൈനയുടെ തുറമുഖ വികസന കമ്പനിയുടെ നേതൃത്വത്തിൽ 17 കിലോമീറ്റർ എലിവേറ്റഡ് ഹൈവേ നിർമ്മാണമാണ് നടക്കുന്നത്.

ഹൈവേ നിർമ്മാണത്തിന് മുതൽമുടക്കുന്ന ചൈന 18 വർഷത്തിന് ശേഷം ഉടമസ്ഥാവകാശം ശ്രീലങ്കയ്ക്ക് പൂർണ്ണമായും കൈമാറുമെന്നാണ് കരാർ. അതുവരെ ടോൾപിരിവിലൂടെ നിർമ്മാണ തുക തിരികെപിടിക്കാനാവുമെന്നാണ് ലക്ഷ്യമിടുന്നത്. കൊളംബോ പോർട്ട് സിറ്റി എന്ന അത്യാധുനിക നിർമ്മാണ പദ്ധതിയുടെ ഭാഗമായിട്ടാണ് വികസനം. തുറമുഖം , വിമാനതാവളം, വ്യാപാരകേന്ദ്രങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന വിശാലമായ പദ്ധതിയാണ് നടപ്പാക്കാൻ പോകുന്നത്.

ശ്രീലങ്കയിൽ നിന്നും ഇന്ത്യൻ മഹാസമുദ്രത്തെ ചുറ്റിയുള്ള ചൈനയുടെ ചരക്കുനീക്കമാണ് ഹമ്പന്തോട്ടയിലൂടെ സാദ്ധ്യമായത്. ചൈനയുടെ സൈനിക ആവശ്യങ്ങൾക്കും ഇതേ തുറമുഖ ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പസഫിക്കിലേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തെ അമേരിക്കയും ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള ബീജിംഗിന്റെ കടന്നുകയറ്റത്തെ ഇന്ത്യയും വിമർശിച്ചിരുന്നു.

ലഡാക്കിന് നേരെ ചൈന നടത്തിയ കടന്നുകയറ്റത്തെ വിമർശിച്ചുകൊണ്ട് ശ്രീലങ്ക ഇന്ത്യയെ പിന്തുണച്ചത് ചൈനയ്ക്ക് ഇടക്കാലത്ത് തിരിച്ചടിയായി. ഒപ്പം ചൈനയുടെ സാമ്പത്തിക തന്ത്രങ്ങളെപ്പറ്റി അമേരിക്ക ശ്രീലങ്കയ്ക്ക് മുന്നറിയിപ്പും നൽകിയിരുന്നു. ചൈനയിൽ നിന്നും അകലാനായി അമേരിക്ക ശ്രീലങ്കയ്ക്ക് കൂടുതൽ ധനസഹായവും അനുവദിച്ചിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധികളുള്ള രാജ്യങ്ങളെ അങ്ങോട്ട് സമീപിച്ച് പടിച്ചടക്കുന്ന നയമാണ് ശ്രീലങ്കയിലും ചൈന നടപ്പാക്കുന്നത്. ഏഷ്യൻ മേഖലകളിലും ആഫ്രിക്കയും ചൈന നടപ്പാക്കുന്നത് ഒരേ തന്ത്രമാണ്. പാകിസ്താനിലെ സാമ്പത്തിക ഇടനാഴി, ഡാമുകൾ, വൈദ്യുത നിലയങ്ങൾ, മെട്രോ തുടങ്ങിയ നിർമ്മാണങ്ങളിലൂടെ ഒരിക്കലും തിരികെ കൊടുക്കാൻ സാധിക്കാത്ത വിധമുള്ള സാമ്പത്തിക അടിമത്തമാണ് ചൈന നടപ്പാക്കുന്നത്.

Related Articles

Back to top button