InternationalLatest

ഒളിമ്പിക്സില്‍ കാണികള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ സാദ്ധ്യത

“Manju”

ടോക്കിയോ: ജപ്പാനില്‍ വര്‍ദ്ധിച്ചു വരുന്ന കൊവിഡ് കണക്കുകളില്‍ ആശങ്കയുണ്ടെങ്കിലും അടുത്ത മാസം നടക്കുന്ന ഒളിമ്ബിക്സ് മത്സരങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് അധികൃതരുടെ തീരുമാനം. ജപ്പാനില്‍ നിലവില്‍ കൊവിഡിന്റെ ഏറ്റവും പുതിയ തരംഗം ആരംഭിച്ചിട്ടുണ്ട്. ഒളിമ്ബിക്സ് മത്സരങ്ങള്‍ നടക്കുന്ന ജൂലായ് മാസത്തില്‍ ഇത് മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ കണക്കാക്കുന്നത്. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ കാണികളെ പൂര്‍ണമായി ഒഴിവാക്കി കൊണ്ടുള്ള ഒളിമ്ബിക് മത്സരങ്ങളാകും ഇത്തവണ നടക്കുക. എന്നാല്‍ കാണികളെ ഒഴിവാക്കുന്നത് ഏറ്റവും അവസാനത്തെ മാര്‍ഗമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നിലവിലുള്ള തീരുമാനം അനുസരിച്ച്‌ വിദേശ കായികപ്രേമികളെ പൂര്‍ണമായി ഒഴിവാക്കി മത്സരം നടത്താനാണ് ഒളിമ്ബിക് കമ്മിറ്റിയുടെ തീരുമാനം. പരമാവധി 10,000 കാണികള്‍ക്കു മാത്രമേ ഒരു സമയം സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശനം അനുവദിക്കുകയുള്ളു. അന്താരാഷ്ട്ര ഒളിമ്ബിക്ക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്ക് ഇന്ന് ടോക്കിയോയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. അതിനുശേഷം മാത്രമായിരിക്കും കാണികളുടെ പ്രവേശനം സംബന്ധിച്ച്‌ അന്തിമതീരുമാനം ഉണ്ടാകുകയുള്ളു.
കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ജപ്പാനില്‍ ജൂലായ് 12 മുതല്‍ ആഗസ്റ്റ് 22 വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് ഭരണകൂടം അറിയിച്ചിരുന്നു. ജൂലായ് 23നാണ് ഒളിമ്ബിക്സ് തുടങ്ങുന്നത്. അതിനുശേഷം ഭിന്നശേഷിക്കാരുടെ ഒളിമ്ബിക്സ് ആയ പാരാലിമ്ബിക്സും നടക്കും.

Related Articles

Back to top button