IndiaKerala

മന്ത്രിക്കൊപ്പം ഉച്ചഭക്ഷണം; ചർച്ചകൾക്കു ശേഷം കിറ്റെക്സ് സംഘം നാളെ മടങ്ങും

“Manju”

കൊച്ചി∙ തെലങ്കാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഹൈദരാബാദിലെത്തിയ കിറ്റെക്സ് മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബും സംഘവും ശനിയാഴ്ച മടങ്ങും. വെള്ളിയാഴ്ച ഉച്ചയോടെ ഹൈദരാബാദിലെത്തിയ സംഘം, വ്യവസായ മന്ത്രി രാമ റാവുവിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് ഔദ്യോഗിക ചർച്ചകൾ തുടങ്ങിയത്. തെലങ്കാനയിൽ നിലവിലുള്ള വ്യവസായ സാഹചര്യങ്ങളും പുതിയ സ്ഥാപനം ആരംഭിക്കുന്ന പക്ഷം ലഭ്യമാകുന്ന സൗകര്യങ്ങളും മന്ത്രി വിശദീകരിച്ചു.

ഉച്ചയ്ക്കു ശേഷം കക്കാതിയ മെഗാ ടെക്‌സ്റ്റൈയില്‍ പാര്‍ക്ക് സന്ദര്‍ശിച്ച് നിലവിലുള്ള വ്യവസായ സാഹചര്യങ്ങൾ സംഘം വിലയിരുത്തി. തുടർന്നു, വൈകിട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉൾപ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തെലങ്കാന ടെക്‌സ്‌റ്റൈയില്‍സ് മില്‍സ് അസോസിയേഷനുമായും കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച രാവിലെ വെല്‍സ്പണ്‍ ഫാക്ടറി സന്ദര്‍ശിക്കുന്ന സംഘം ഉച്ചയോടെ മന്ത്രിയുമായുള്ള അവസാനവട്ട ചര്‍ച്ചകൾക്കു ശേഷം മടങ്ങും.

തെലങ്കാന സര്‍ക്കാര്‍ അയച്ച ആഡംബര സ്വകാര്യ ചാർട്ടേഡ് ജെറ്റ് വിമാനത്തിലാണ് കിറ്റെക്‌സ് സംഘം വെള്ളിയാഴ്ച ഉച്ചയോടെ ഹൈദരാബാദിലേക്കു പുറപ്പെട്ടത്. എംഡിക്കൊപ്പം ഡയറക്ടർമാരായ ബെന്നി ജോസഫ്, കെ.എൽ.വി. നാരായണൻ, വൈസ് പ്രസിഡന്റ് ഓപറേഷൻസ് ഹർകിഷൻ സിങ് സോധി, സിഎഫ്ഒ ബോബി മൈക്കിൾ, ജനറൽ മാനേജർ സജി കുര്യൻ എന്നിവരാണ് സംഘത്തിലുള്ളത്.

കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതികളിൽനിന്നു പിന്മാറുന്നെന്ന് കിറ്റെക്‌സ് പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു കിറ്റെക്സിന് തെലങ്കാനയിൽനിന്നു ക്ഷണം ലഭിച്ചത്. ഇതുവരെ 9 സംസ്ഥാനങ്ങളിൽനിന്നു നിക്ഷേപം നടത്താൻ കമ്പനിക്കു വാഗ്ദാനങ്ങൾ ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button