ErnakulamKeralaLatest

രോഗബാധിതയായ കുഞ്ഞിന്റെ പേരില്‍ പണം തട്ടിയ അമ്മയും മകളും പിടിയില്‍

“Manju”

 

കൊച്ചി: രോഗബാധിതയായ മൂന്നര വയസുകാരിയുടെ പേരില്‍ വ്യാജപോസ്റ്ററുകളുണ്ടാക്കി പണം തട്ടിയെന്ന സംഭവത്തില്‍ രണ്ടു പേരെ ചേരാനെല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാല സ്വദേശികളായ അമ്മയും മകളുമാണ് അറസ്റ്റിലായത്. വൈറ്റിലയില്‍ താമസിക്കുന്ന മറിയാമ്മ, മകള്‍ അനിത, മകന്‍ അരുണ്‍ എന്നിവരാണ് തട്ടിപ്പ് നടത്തിയത്.

ഇവരില്‍ മറിയാമ്മയെയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്ബാവൂര്‍ സ്വദേശി പ്രവീണിന്റെ മകള്‍ ഗൗരി ലക്ഷ്മിയുടെ പേരിലാണ് ഇവര്‍ പണം തട്ടിയത്. മകന്‍ അരുണാണ് കുഞ്ഞിന്റെ ചിത്രം ഉപയോഗിച്ച്‌ സഹായമഭ്യര്‍ഥിച്ചുള്ള വ്യാജ കാര്‍ഡുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചത്. മറിയാമ്മയുടെ പേരിലുള്ള ബാങ്ക് അകൗണ്ടാണ് തട്ടിപ്പിന് ഉപയോഗിച്ചത്. അതേസമയം അരുണിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ന്യൂറോഫൈബ്രോമാറ്റിസ് എന്ന രോഗം ബാധിച്ച്‌ മാസങ്ങളായി കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലാണ് പ്രവീണിന്‍റെ മകള്‍ ഗൗരി ലക്ഷ്മി. ശരീരത്തിനുള്ളിലെ ഞരമ്ബുകളില്‍ മുഴകളുണ്ടാകുന്നതാണ് രോഗം. കഴുത്തിന്റെ ഒരു ഭാഗത്ത് ഓപറേഷന്‍ നടത്തി മുഴകള്‍ നീക്കം ചെയ്തു. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ മറുഭാഗത്തെ ശസ്ത്രക്രിയ നടത്താനായില്ല. തൊണ്ടയില്‍ ദ്വാരമിട്ട് ഘടിപ്പിച്ചിരിക്കുന്ന വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. ചികിത്സക്കായി ലക്ഷങ്ങള്‍ ഇതിനകം ചെലവായി.

പെയിന്റിംഗ് തൊഴിലാളിയായ കുട്ടിയുടെ അച്ഛന്‍ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ വിഷമിക്കുന്നത് കണ്ട കാരുണ്യപ്രവര്‍ത്തകന്‍ ചെര്‍പ്പുളശേരി സ്വദേശി ഫറൂക്ക് കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു.  ഒപ്പം അക്കൗണ്ട് വിവരങ്ങള്‍ ചേര്‍ത്ത് ഒരു കാര്‍ഡും തയ്യാറാക്കി വെച്ചു. ഈ അക്കൗണ്ടിലേക്ക് സുമനസ്സുകള്‍ സഹായം നല്‍കിവന്നു.

പിന്നാലെ കുഞ്ഞിന്റെ ഫോട്ടോയും വ്യാജ അക്കൗണ്ടും കാര്‍ഡും ഉണ്ടാക്കി തട്ടിപ്പുകാര്‍ പണപിരിവ് നടത്തുകയായിരുന്നു.  സത്യമറിയാതെ ആളുകള്‍ അക്കൗണ്ടിലേക്ക് പണ അയക്കുകയും ചെയ്തു.  ദിവസങ്ങള്‍കൊണ്ട് അറുപതിനായിരത്തോളം രൂപ കളക്ട് ചെയ്തു.

 

Related Articles

Back to top button