KeralaLatestThiruvananthapuram

സിക്ക വൈറസ്; തിരുവനന്തപുരത്ത് അതീവ ജാഗ്രത

“Manju”

തിരുവനന്തപുരം: സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‌ത തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനം. നഗരത്തിലെ നൂറ് വാര്‍ഡുകളില്‍ നിന്നായി കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധിക്കാനാണ് തീരുമാനം. തിരുവനന്തപുരം നഗരസഭയ്‌ക്കും ജില്ലാ പഞ്ചായത്തിനും ഇതുസംബന്ധിച്ച്‌ കര്‍ശന നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കനത്ത് വെല്ലുവിളിയായി മാറിയിരിക്കുകയാണ് സിക്ക വൈറസ്. കൊതുക് നിര്‍മാര്‍ജനത്തിനുളള പ്രവര്‍ത്തനം ഊര്‍ജിതമാക്കിയെന്ന് നഗരസഭാ ഭരണസമിതി അവകാശപ്പെടുമ്പോള്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിലടക്കം നഗരസഭയ്‌ക്ക് പാളിച്ചപ്പറ്റിയെന്നാണ് പ്രധാന പ്രതിപക്ഷമായ ബി.ജെ.പി ആരോപിക്കുന്നത്.

വൈറസ് പ്രതിരോധത്തിന് കര്‍മ്മപദ്ധതി രൂപീകരിച്ചാണ് ജില്ലാ ഭരണകൂടം മുന്നോട്ട് നീങ്ങുന്നത്. ലാബുകളോട് സിക്ക സംശയമുള്ള കേസുകള്‍ പ്രത്യേകം റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യകേന്ദ്രങ്ങളില്‍ പനി ക്ലീനിക്കുകള്‍ ഉറപ്പാക്കും.

തിരുവനന്തപുരത്തെത്തിയ, കേന്ദ്ര ഉന്നതതല സംഘം ഇന്ന് തലസ്ഥാനത്തെ സ്ഥിതി വിലയിരുത്തും. രോഗബാധ റിപ്പോര്‍ട്ട് ചെയ്‌ത നഗരസഭാ പരിധിയിലും പാറശാലയിലും ഉള്‍പ്പടെ സംഘം സന്ദര്‍ശിക്കും. ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തുന്ന സംഘം രോഗപ്രതിരോധം സംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍ നല്‍കും.

ഇന്ന് രാവിലെ 17 പേരുടെ പരിശോധനാഫലം പൂന്നെയില്‍ നിന്ന് പുറത്തുവന്നു. ഗര്‍ഭാവസ്ഥയില്‍ സിക്ക സ്ഥിരീകരിച്ച യുവതിയുടെ സ്വദേശമായ പാറശാലയില്‍ നിന്നുള്‍പ്പെടെയുളളവരുടെ ഫലമാണ് പുറത്തുവന്നത്. എല്ലാം നെഗറ്റീവാണ്. കൂടുതല്‍ പേരുടെ ഫലം വരാനുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നഗരസഭാ പരിധിയില്‍ ഉള്‍പ്പടെ ഇനിയും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

സിക്ക വൈറസ് ഗര്‍ഭിണികളെയാണ് ഗുരുതരമായി ബാധിക്കുന്നത്. അതിനാല്‍ ഗര്‍ഭിണികള്‍ ആദ്യ നാല് മാസത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്യണമെന്നാണ് ആരോ​ഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.

Related Articles

Back to top button