InternationalLatest

കാണ്ഡഹാര്‍ കോണ്‍സുലേറ്റ് സംഘത്തെ പാക്ക് വ്യോമപാത തൊടാതെ ‘തിരിച്ചെത്തിച്ച്‌’ ഇന്ത്യ!

“Manju”

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കൂടുതല്‍ പ്രദേശങ്ങള്‍ കൈയ്യടക്കിയതോടെ സ്ഥിതി ഭയാനകമായ സാഹചര്യത്തില്‍ കാണ്ഡഹാര്‍ കോണ്‍സുലേറ്റ് സംഘത്തെ തിരിച്ചെത്തിച്ച്‌ ഇന്ത്യ. 50 ഓളം നയതന്ത്ര ഉദ്യോഗസ്ഥരേയും മറ്റ് സ്റ്റാഫ് അംഗങ്ങളെയുമാണ് അഫ്ഗാനിലെ കാണ്ഡഹാറില്‍ നിന്ന് ഇന്ത്യ ഒഴിപ്പിച്ചത്. കാണ്ഡഹാര്‍ നഗരത്തിനടുത്ത് താലിബാന്‍ നടത്തുന്ന രൂക്ഷമായ പോരാട്ടത്തെ തുടര്‍ന്നാണ് കോണ്‍സുലേറ്റ് സംഘത്തെ തിരിച്ചെത്തിച്ചതെന്ന് ഇന്ത്യ വ്യക്തമാക്കി.
അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സേന പിന്മാറിയതോടെയാണ് താലിബാന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. അഫ്ഗാനില്‍ 80 % പ്രദേശങ്ങളും കൈയ്യടക്കിയെന്ന് താലിബാന്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. കോണ്‍സുലേറ്റില്‍ നിന്നുള്ള ഇന്ത്യന്‍ സംഘത്തെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ശനിയാഴ്ച വൈകിട്ടോടെ എത്തിച്ചത്. എന്നാല്‍ പാക്ക് വ്യോമപാത തൊടാതെയാണ് കോണ്‍സുലേറ്റ് സംഘത്തെ രാജ്യത്ത് തിരിച്ചെത്തിച്ചതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും , ഉദ്യോഗസ്ഥരുടെ സുരക്ഷയാണ് പരമപ്രധാനമെന്നും വിദേശകാര്യ മന്ത്രാലയം പറുത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം കാണ്ഡഹാറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടച്ചിട്ടില്ലെന്നും, കാണ്ഡഹാര്‍ നഗരത്തിനടുത്തായുള്ള രൂക്ഷ പോരാട്ടം നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ താത്ക്കാലികമായി തിരികെ കൊണ്ടുവന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശിക സ്റ്റാഫ് അംഗങ്ങളിലൂടെ കോണ്‍സുലേറ്റ് പ്രവര്‍ത്തനം തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. അടച്ചുപൂട്ടില്ലെന്ന് കാബൂളിലെ ഇന്ത്യന്‍ എംബസി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. കാണ്ഡഹാറിലെ കോണ്‍സുലേറ്റ് തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കിയിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഹെറാതിലേയും ജലാലബാദിലേയും കോണ്‍സുലേറ്റ് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അടച്ചുപൂട്ടിയിരുന്നു.

Related Articles

Back to top button