IndiaLatest

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 19ന് ആരംഭിക്കും

“Manju”

ദില്ലി: പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം ജൂലൈ 19ന് ആരംഭിക്കും. ആഗസ്റ്റ് 13 വരെയാകും സമ്മേളനം എന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. ഈ സമ്മേളന കാലത്ത് 19 ദിവസങ്ങളിലാണ് പാര്‍ലമെന്റ് ചേരുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പാര്‍ലമെന്റ് നടപടികള്‍. അംഗങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം നല്‍കുമെന്ന് അറിയിച്ച സ്പീക്കര്‍, കൊവിഡ് പരിശോധനയില്‍ ഇളവുണ്ടാകുമെന്നും സൂചിപ്പിച്ചു.

എല്ലാ അംഗങ്ങളും ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമല്ല. എന്നാല്‍ വാക്‌സിന്‍ ഇതുവരെ സ്വീകരിക്കാത്തവര്‍ രോഗമില്ലെന്ന് ഉറപ്പാക്കണം. മിക്ക പാര്‍ലമെന്റംഗങ്ങളും വാക്‌സിന്‍ സ്വീകിരിച്ചിട്ടുണ്ട്. ഒരു ഡോസ് എടുക്കാത്ത അംഗങ്ങളില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും സമ്മേളനം നടക്കുക എന്നും സ്പീക്കര്‍ ആവര്‍ത്തിച്ചു.

നേരത്തെ രോഗ വ്യാപനം കൂടുതലുള്ള വേളയില്‍ പാര്‍ലമെന്റ് ഹാളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സമയത്തിലും ഇരിപ്പിടത്തിലും പ്രത്യേക ക്രമീകരണം വരുത്തിയിരുന്നു. മാത്രമല്ല, പ്രായമായ അംഗങ്ങള്‍ക്ക് സഭയില്‍ ഹാജര്‍ നിര്‍ബന്ധമുണ്ടായിരുന്നില്ല. ഈ സമ്മേളനത്തില്‍ ഇത്തരം നിയന്ത്രണങ്ങളുണ്ടോ എന്ന് വ്യക്തമല്ല. വരും ദിവസങ്ങളിലെ രോഗവ്യാപനം പരിശോധിച്ച ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്നറിയുന്നു.

രാജ്യത്ത് കൊവിഡ് വ്യാപനം നന്നേ കുറഞ്ഞിട്ടുണ്ട്. 40000ല്‍ താഴെയാണ് പ്രതിദിന രോഗികളുടെ എണ്ണം. രാജ്യത്ത് ആശങ്കയുള്ളത് കേരളത്തിലും മഹാരാഷ്ട്രയിലും മാത്രമാണ്. കേരളത്തില്‍ പ്രതിദിന രോഗികള്‍ കുറേദിവസങ്ങളായി 10000ത്തില്‍ മുകളിലാണ്.

 

Related Articles

Back to top button