KeralaLatest

‘ഫുള്‍ എ പ്ലസ്​ കിട്ടാത്ത മിടുക്കര്‍ക്ക്​; ഒന്നൊന്നര ‘മോട്ടിവേഷനാ’ണ്​ ഈ പോസ്റ്റ്​

“Manju”

തിരുവനന്തപുരം : എസ്​.എസ്​.എല്‍.സി റിസള്‍ട്ട്​ വന്ന സമയത്ത്​ ഫുള്‍ എ പ്ലസ്​ ആയിരുന്നു കേരളത്തിലെ സംസാരവിഷയം. ഫുള്‍ എ പ്ലസുകാരുടെ എണ്ണം കൂടിയപ്പോള്‍ അത്​ നേടാനാകാതെ പോയവര്‍ നിരവധി. എ പ്ലസുകളുടെ എണ്ണം കുറഞ്ഞതിലും തോറ്റതിലുമൊക്കെ വിഷമിച്ച്‌​ കഴിയുന്നവരെ ആശ്വസിപ്പിച്ചുകൊണ്ട്​ സമൂഹ മാധ്യമങ്ങളില്‍ കുറിപ്പുകളും ധാരാളം വന്നു. എസ്​.എസ്​.എല്‍.സിക്ക്​ തോറ്റവര്‍ക്ക്​ കൊടൈക്കനാലിലേക്ക്​ സൗജന്യ വിനോദയാത്രയും മന്തിയുമൊക്കെ പലരും ഓഫര്‍ ചെയ്​തതും വാര്‍ത്തയായിരുന്നു. എസ്​.എസ്​.എല്‍.സിക്ക്​ മികച്ച വിജയം കൈവരിച്ചില്ല എന്ന്​ വിഷമിച്ചിരിക്കുന്നവര്‍ക്ക്​ ഒന്നാന്തരമൊരു ‘മോട്ടിവേഷന്‍’ ആകുകയാണ്​ ജിയോ ക്രിസ്റ്റി ഈപ്പന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റ്​. അവര്‍ക്ക്​ മാത്രമല്ല, തന്‍റെ എന്തോ കുഴപ്പം കൊണ്ടാണ്​ ഒന്നുമാകാന്‍ കഴിയാത്തത്​ എന്ന്​ കരുതി ഉള്‍വലിയുന്നവര്‍ക്കെല്ലാം ഈ പോസ്റ്റ്​ പ്രചോദനമാകും.
പത്താം ക്ലാസില്‍ തേര്‍ഡ്​ ക്ലാസ്​ ആയിരുന്ന താന്‍ ജീവിതത്തില്‍ പിന്നിട്ട വിജയവഴികളാണ്​ ഇപ്പോള്‍ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ അക്വാകള്‍ച്ചറിന്‍റെ മറൈന്‍ ഫിന്‍ഫിഷ് ഹാച്ചറി പ്രൊജക്ടിന്‍റെ പ്രോജക്റ്റ് ഇന്‍ ചാര്‍ജ് ആയ ജിയോ പങ്കുവെക്കുന്നത്​. കമ്പ്യൂട്ടര്‍ അറിയാത്തതിന്​ ടീച്ചര്‍ കളിയാക്കി വിട്ട താന്‍ പുസ്​തകം നോക്കി എം.എസ്​ ഓഫിസ്​ പഠിച്ച്‌​, ആ ടീച്ചറിന്‍റെയടക്കം റെ​ക്കോര്‍ഡ്​ ബുക്കിന്‍റെ ഫ്രണ്ട്​ പേജ്​ ഡിസൈന്‍ ചെയ്​തതും എറണാകുളത്ത് പൊരിവെയിലത്തും ടൈയ്യും കെട്ടി പുസ്തകം വിറ്റ് നടന്ന് ഇംഗ്ലീഷ് പറയാന്‍ പഠിച്ചതും പി.എസ്.സിയുടെ സുവോളജി കോളജ് അധ്യാപക പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയതുമൊക്കെ ജിയോ വിവരിക്കുന്നു.
ജിയോ ക്രിസ്റ്റി ഈപ്പന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂര്‍ണരൂപം-
പത്താം ക്ലാസില്‍ ഫുള്‍ A+ കിട്ടാത്ത എല്ലാ മിടുക്കരുടെയും ശ്രദ്ധയ്ക്ക്. ഈ തൂങ്ങിക്കിടക്കുന്ന ഞാന്‍ പത്താം ക്ലാസില്‍ തേര്‍ഡ്​ ക്ലാസ് ആണെന്ന് ! തലക്കകത്ത് കേറാത്ത കണക്ക് പ്രീഡിഗ്രിക്ക് ഒഴിവാക്കി സെക്കന്‍ഡ്​ ഗ്രൂപ്പ് എടുത്തപ്പോ സെക്കന്‍ഡ്​ ക്ലാസ് വാങ്ങി. അതില്‍ പണി തന്ന ഫിസിക്സ് തൂക്കി എറിഞ്ഞ് സൂവോളജി എടുത്തപ്പോ ഫസ്റ്റ്​ ക്ലാസായി. പിന്നെ കെമിസ്ട്രിയും കളഞ്ഞ് എല്ലാരും ചിരിച്ച്‌ തള്ളിയ സൂവോളജി പഠിച്ച്‌ ഫസ്റ്റ്​ ക്ലാസിന്‍റെ സ്റ്റാന്‍ഡേര്‍ഡ് ലേശം കൂട്ടി. കമ്ബ്യൂട്ടര്‍ അറിയാത്തതിന് ‘നിനക്ക് പറ്റിയത് ചീട്ടുകളി ആണെടാ’ എന്ന് പറഞ്ഞ് ഇറക്കിവിട്ട ടീച്ചറുടെ ക്ലാസീന്ന് നേരെ മുണ്ടും മാടിക്കുത്തി ഇറങ്ങി മഹാരാജാസിന്‍റെ ഗേറ്റിലെ അമൃതാ ബുക്സ്റ്റോളിന്ന് 40 രുപക്ക് വാങ്ങിയ ‘കമ്ബ്യൂട്ടര്‍ കളിക്കാം പഠിക്കാം’ എന്നോ മറ്റോ പേരുള്ള പുസ്തകം (റാണാപ്രതാപന്‍ കെ. ശേഖരന്‍ സാറെഴുതിയത്- എന്ന് ഈ പോസ്റ്റിന് ശേഷം പിടികിട്ടി സാറിന്‍റെ കമന്‍റില്‍ നിന്ന്) വായിച്ച്‌ ചിറ്റൂര്‍ റോഡിലെ കഫേയില്‍ പോയിരുന്ന് എം.എസ് ഓഫീസ് പഠിച്ച്‌ ആ ടീച്ചറി​േന്‍റതടക്കം റെക്കോര്‍ഡ് ബുക്കിന്‍റെ ഫ്രണ്ട് പേജുകള്‍ സ്വയം ഡിസൈന്‍ ചെയ്ത് ഡി.റ്റി.പി ചെയ്ത് നൈസായിട്ട് പകരം വീട്ടി. (2002-ല്‍ ആണ് സംഭവം)
കൂടെ പഠിച്ച പഠിപ്പിസ്റ്റുകളെ പിന്നിലാക്കി നെറ്റ്​ പാസായി. എറണാകുളത്ത് പൊരിവെയിലത്തും ടൈയ്യും കെട്ടി പുസ്തകം വിറ്റ് നടന്ന് ഇംഗ്ലീഷ് പറയാന്‍ പഠിച്ചു. പി.ജിക്ക് എന്നെ പഠിപ്പിച്ച ഗസ്റ്റ് ലക്ചററിനോടൊപ്പം പങ്കെടുത്ത സൂവോളജി യു.ജി.സി സബ്സ്റ്റിറ്റ്യൂട്ട് അധ്യാപക ഒഴിവില്‍ ആ പാവത്തെയും പിന്നിലാക്കി മൂന്ന് വര്‍ഷം കോളജ് അധ്യാപകനായി. വൈവയ്ക്ക് വന്ന ജോര്‍ജ് ഏബ്രഹാം സാറിനൊപ്പം പഠിപ്പിച്ചു. പി.ജിക്ക് പഠിപ്പിച്ച പ്രിയപ്പെട്ട വിജയകുമാരി ടീച്ചറിനൊപ്പം എം.ജി വാഴ്സിറ്റി പോസ്റ്റ് ഗ്രാജ്വേഷന്‍ പരീക്ഷകളുടെ പേപ്പര്‍ വാല്യുവേഷനും കൂടി. ഇടക്കാലത്ത് ട്യൂഷനെടുത്തപ്പോള്‍ കിട്ടിയ ഇക്കണോമിക്സ് അറിവുവച്ച്‌ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ നേഷന്‍ വൈഡ് ഇന്‍റര്‍വ്യൂവില്‍ ഒരേയൊര് ഒഴിവില്‍ തൊഴിലിന് കയറി. ഇതിനിടെ പി.എസ്.സിയുടെ സൂവോളജി കോളജ് അധ്യാപക പരീക്ഷയുടെ റാങ്ക് ലിസ്റ്റിലും കയറി.
പിന്നെ അറിയാത്ത ജലകൃഷി ചെയ്ത് പഠിച്ച്‌ ഇന്ന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ അക്വാകള്‍ച്ചറിന്‍റെ മറൈന്‍ ഫിന്‍ഫിഷ് ഹാച്ചറി പ്രൊജക്‌ട് പ്രോജക്റ്റ് ഇന്‍ ചാര്‍ജ് ആയി മാന്യമായി ജീവിക്കുന്നു. ഒരു ബഞ്ചില്‍ ഒപ്പമിരുന്ന് പത്തില്‍ തേര്‍ഡ്​ ക്ലാസ് വാങ്ങിയ വേറൊരു ഗഡി ഉണ്ട്. ഹിജാസ് കെ. ബഷീര്‍. അവന്‍ ഇന്ന് ജിയോളജിക്കല്‍ സര്‍വേ ഒാഫ് ഇന്ത്യയില്‍ സയന്‍റിസ്റ്റ് ആണ്. പണ്ട് പി.എസ്.സി ഇന്‍റര്‍വ്യൂവില്‍ ചോദിച്ച അവസാന ചോദ്യം ഇതായിരുന്നു. ‘താങ്കള്‍ ഒരു ‘ഗുരു’ ആകണം എന്ന് എഴുതിയിരിക്കുന്നു റെസ്യൂമെയില്‍. എന്താ ‘ടീച്ചര്‍’ എന്ന് എഴുതാത്തത്!?’ എന്ന്. ഉത്തരം കൊടുത്തു. ‘Sir, A teacher is someone. who teaches his students what he learned from a particular subject but a ‘Guru’ is someone who shows his desciples what he learned from his life, so that the desciple will follow what is right’ എന്ന്.
തീര്‍ന്നില്ല. ‘സര്‍ എനിക്ക് ന്യൂമെറിക്കല്‍ ഡിസെബിളിറ്റി ഉണ്ട്. 70×30 എത്രയാണെന്ന് സാര്‍ ചോദിച്ചാല്‍ എനിക്ക് പറയാനാകില്ല. പക്ഷെ എന്‍റെ മുന്‍പിലിരിക്കുന്ന എന്‍റെ വിദ്യാര്‍ഥികളില്‍ ഒരുവന് ഇതേപോലുള്ള അവസ്ഥ ഉണ്ടെങ്കില്‍ അവനെ എനിക്ക് തിരിച്ചറിയാനും സഹായിക്കാനും ആകും. That’s the reason why I want to be a Guru rather than a mere teacher’-എന്ന്. അന്ന് പി.എസ്.സി ഇന്‍റര്‍വ്യൂ ബോര്‍ഡ് ചെയര്‍മാന്‍ അന്ന് തന്ന ഹാന്‍ഡ് ഷെയ്ക്ക് എനിക്ക് ധാരാളം മതിയെന്ന്. സര്‍ക്കാര്‍ വക കോളജ് അധ്യാപന ഉദ്യോഗം കിട്ടിയില്ല. എന്നാലും പുല്ലാണെന്ന്. ഇതിനോടകം ആയിരക്കണക്കായ ജനങ്ങള്‍ക്ക് മാന്യമായി ജീവിക്കാനും വിജയിക്കാനുമുള്ള മാര്‍ഗം കാട്ടിക്കൊടുക്കുന്ന ആളാണ് ഞാന്‍. ഇന്നും. ഇനിയും. അതല്ലേ ‘ഗുരു’ എന്നതിന്‍റെ സാരവും. പോകാന്‍ പറടാ ഉവ്വേ.. ഫുള്‍ എ പ്ലസ് ഇല്ലാത്തവരുടെ കളി തന്തതള്ളമാരും സാറന്മാരും കാണാനിരിക്കുന്നേയുള്ളെന്ന് പോയി പറഞ്ഞേക്ക്.
P.S: സകലമാന ഗുരുക്കന്മാര്‍ക്കുമായി ഒരു ലോഗോയും ഡിസൈന്‍ ചെയ്ത് കൊടുത്തിട്ടുണ്ട് പണ്ടത്തെ തേര്‍ഡ്​ ക്ലാസുകാരന്‍. ‘Logo for teachers’ എന്ന് ഇമേജ് സെര്‍ച്ച്‌​ ചെയ്താല്‍ ആദ്യം കാണുന്ന വിക്കിപീഡിയ ലിങ്കില്‍.

Related Articles

Back to top button