InternationalLatest

പാകിസ്താനിലെ സ്ഥാനപതിയെ തിരിച്ച് വിളിച്ച് അഫ്ഗാൻ

“Manju”

കാബൂൾ : പാകിസ്താനിലെ അഫ്ഗാൻ സ്ഥാനപതിയെ തിരിച്ചു വിളിച്ച് പ്രസിഡന്റ് അഷ്‌റഫ് ഗാനി. സ്ഥാനപതി അലികിലിന്റെ 26കാരിയായ മകളെ തട്ടിക്കൊണ്ടു പോയ പശ്ചാത്തലത്തിലാണ് നടപടി. പാകിസ്താനിലേക്ക് സ്ഥാനപതിയെ തിരിച്ചയക്കേണ്ടെന്നാണ് അഫ്ഗാന്റെ തീരുമാനം.

ശനിയാഴ്ചയാണ് അലികിലിന്റെ മകളെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ക്രൂരമായി മർദ്ദിച്ച് അവശയാക്കിയ ശേഷം പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം നയതന്ത്ര പ്രതിനിധികളെ അഫ്ഗാൻ തിരിച്ചു വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനപതിയേയും തിരിച്ച് വിളിച്ചത്. അഫ്ഗാൻ ഉദ്യോഗസ്ഥർക്ക് ആവശ്യമായ സംരക്ഷണം പാക് ഭരണകൂടം ഉറപ്പാക്കണമെന്നും അല്ലാത്ത പക്ഷം ഉദ്യോഗസ്ഥരെ തിരിച്ചയക്കില്ലെന്നും അഫ്ഗാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

സംഭവത്തിന്റെ അന്വേഷണം വിലയിരുത്തുന്നതിനായി അഫ്ഗാനിലെ പ്രതിനിധി സംഘം അടുത്തു തന്നെ പാകിസ്താനിൽ എത്തും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ സ്വീകരിക്കുകയെന്നും വിദേശകാര്യമന്ത്രാലയം താക്കീത് നൽകിയിട്ടുണ്ട്.

രാജ്യത്ത് വർദ്ധിച്ചുവരുന്ന താലിബാൻ ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പാകിസ്താൻ ആണെന്ന് അഫ്ഗാൻ പ്രസിഡന്റും വൈസ് പ്രസിഡന്റും വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനപതിയുടെ മകളെ തട്ടിക്കൊണ്ട് പോയത്. രാജ്യത്തിന്റെ അഭിമാനം വ്രണപ്പെടുത്തിയ സംഭവമെന്നാണ് അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ പ്രതികരിച്ചത്.

Related Articles

Back to top button