Health

ഗർഭചര്യ

“Manju”
Dr. T A Aathira B.S.M.S

സ്ത്രീയെ സംബന്ധിച്ചിടത്തോളം മാതൃത്വം പ്രകൃതിയുടെ വരദാനമാണ്. ഈ പാവന ധർമം നിർവഹിക്കുവാൻ പാകമായ വിധത്തിലുള്ള ശാരീരിക മാനസിക ഭാവങ്ങൾ സ്ത്രീക്ക് സ്വന്തമാണ്.
സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തമാണ് അമ്മയാകാൻ പോകുന്നു എന്നറിയുന്ന നിമിഷം. ഗർഭധാരണം മുതൽ പ്രസവം വരെ ഗർഭിണി അനുഷ്ഠിക്കേണ്ട കർമ്മങ്ങൾ ആണ് ഗർഭചര്യ. ആദ്യമായി ഗർഭിണി ആകുമ്പോൾ പലവിധ ആശങ്കകളും ആകുലതകളും ഉണ്ടാവുക സാധാരണം ആണ്. കുഞ്ഞിൻ്റെ വളർച്ച ശരിയാണോ കിടപ്പ് ശരിയാണോ, കുട്ടി നോർമൽ ആണോ താൻ എങ്ങനെ കിടക്കണം എങ്ങനെ നടക്കണം എന്തെല്ലാം കഴിക്കണം എന്ന് തുടങ്ങി നൂറ് നൂറ് സംശയങ്ങൾ ഗർഭിണിക്ക് ഉണ്ടാകും.
ഗർഭം ഒരു രോഗം അല്ലെന്നും പ്രസവം എന്നത് സ്വാഭാവിക പ്രക്രിയയാണ് എന്നും ആദ്യമേ തന്നെ ഗർഭിണി മനസ്സിലാക്കേണ്ടതുണ്ട്. ആഹാരം , വിശ്രമം,ഉറക്കം,ശുചിത്വം, വസ്ത്രധാരണം, സമയബന്ധിതമായ വൈദ്യപരിശോധന എന്നിവയ്ക്കെല്ലാം ഗർഭകാലത്ത് വളരെ പ്രാധാന്യമുണ്ട്.
ദമ്പതികളുടെ ആരോഗ്യവും, സന്തുഷ്ടി , ശാന്തമായ മനസ്സ് എന്നിവ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകുന്നതിന് അത്യാവശ്യം ആണ്.

ഗർഭധാരണം:

ആർത്തവം തുടങ്ങിയതിനു ശേഷം 12 മുതൽ 16 ദിവസങ്ങൾക്ക് ഇടയിൽ ആണ് ഗർഭധാരണത്തിന് ഏറ്റവും സാധ്യതയുള്ളത്.
ചിലരിൽ 8 മുതൽ 20 വരെയുള്ള ദിവസങ്ങളിലും നടക്കാറുണ്ട്. ഓവുലേഷൻ ശേഷം 48 മണിക്കൂറിന് ഉള്ളിൽ അണ്ഡവും പുരുഷ്ബീജവുമായി സംയോഗം നടക്കുന്നു. ഫലോപ്പയൻ ട്യൂബിൽ വച്ച് ബീജ സംയോഗം നടന്നതിനു ശേഷം അണ്ഡം ഗർഭാശയ ഭിത്തിയിൽ ചേർന്നിരുന്നു വളരുവാൻ തുടങ്ങും.

ഗർഭ ലക്ഷണങ്ങൾ:

മാസമുറ തെറ്റിക്കുക,
ഓക്കാനം, ഛർദി
വായിൽ വെള്ളമൂറും
ക്ഷീണവും തലകറക്കവും തോന്നുക,
സ്തനങ്ങൾ വലുത് ആവുക,
ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക
മാനസിക അവസ്ഥയിൽ മാറ്റം വരുക,
ദേഷ്യം വരിക,
ചില പ്രത്യേക സാധനങ്ങളിൽ താൽപര്യം തോന്നുക.
മാസ മുറ തെറ്റിയാൽ കൂടി അപൂർവം ചിലരിൽ 1-2 മാസം നേരിയതോതിൽ രക്തം പോകുന്നത് സ്വാഭാവികം ആണ്.
രക്തത്തിലെ ഈസ്ട്രജൻ ഹോർമണിൻ്റെ അളവ് കൂടുന്നത് കൊണ്ട് ആണ് ഓക്കാനവും ഛർദിയും ഉണ്ടാകുന്നത്. ഗർഭിണി ആണോ എന്ന് അറിയുവാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ടെസ്റ്റ് ആണ് കാർഡ് ടെസ്റ്റ് .അത് മെഡിക്കൽ ഷോപ്പിൽ ലഭ്യമാണ്. കൂടുതൽ വൈദ്യപരിശോധനയ്ക്ക് ഒരു ഗൈനക്കോളജിസ്റ്റ്നെ കാണേണ്ടതാണ്.
അവസാന ആർത്തവത്തിൻ്റെ തുടക്ക ദിവസത്തോട് 9 കലണ്ടർ മാസവും 7 ദിവസവും കൂട്ടിയാണ് പ്രസവദിവസം കണക്കാക്കുന്നത്.
ഗർഭകാലത്തെ 3 മാസങ്ങൾ വീതമുള്ള 3 ഘട്ടങ്ങൾ ആയി തരം തിരിക്കുന്നു.
ആദ്യത്തെ 3 മാസം ഫസ്റ്റ് ട്രൈമെസ്റ്റർ,
അടുത്ത മൂന്ന് മാസം സെക്കന്റ്‌ ട്രൈമെസ്റ്റർ,
അവസാനത്തെ 3 മാസം തേർഡ് ട്രൈമെസ്റ്റർ .
ആദ്യ മൂന്നു മാസം ശിശുവിൻ്റെ വളർച്ചയുടെ ഏറ്റവും പ്രധാന ഘട്ടമാണ്. ഭ്രൂണം പല കോശങ്ങളായി വിഭജിക്കുന്ന മറുപിള്ള രൂപം കൊള്ളുന്നതും ഈ ഘട്ടത്തിലാണ്.
രണ്ടാമത്തെ ഘട്ടത്തിലെ പ്രധാന മാറ്റം കുഞ്ഞിൻ്റെ ചലനം കുറെ അമ്മ അറിയാൻ തുടങ്ങുന്നു എന്നതാണ്.
മൂന്നാം ഘട്ടത്തിൽ കുട്ടിയുടെ ശരീരഭാഗങ്ങൾ തിരിച്ചറിയാൻ കഴിയും.
ഏകദേശം 28 ആഴ്ച ആകുമ്പോഴേക്കും ഗർഭസ്ഥശിശുവിൻ്റെ എല്ലാ ഭാഗങ്ങളും വളർന്നിരിക്കും .

ആഹാരവിഹാരങ്ങൾ:

ഗർഭത്തിൻ്റെ ആദ്യത്തെ 3 മാസം ഭ്രൂണ വളർച്ചയിൽ വളരെ പ്രധാനം ആണ്. അതിനാൽ ഗർഭിണി ആവശ്യത്തിന് വിശ്രമിക്കുകയും ശരിയായ പോഷക ഗുണമുള്ള ഭക്ഷണം കഴിക്കുകയും വേണം. ആദ്യ മാസങ്ങളിൽ ഓക്കാനവും ഛർദിയും കാരണം മിക്കവർക്കും വേണ്ടത്ര ഭക്ഷണം കഴിക്കാൻ സാധിക്കാറില്ല. ധാരാളം ഭക്ഷണം കഴിക്കുന്നതിൽ ഉപരി വേണ്ട അളവിൽ പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. ഭക്ഷണത്തിൻ്റെ അളവിന് അല്ല ഗുണത്തിന് ആണ് പ്രാധാന്യം ചായ, കാപ്പി എന്നിവയുടെ ഉപയോഗം കുറച്ച് പകരം ഇളനീർ വെള്ളം, പഴച്ചാറുകൾ , മോര് , കഞ്ഞിവെള്ളം, എന്നിവ ധാരാളം ഉപയോഗിക്കുക. കൃത്രിമ പാനീയങ്ങൾ ഒഴിവാക്കുക.ഓക്കാനം ഛർദി ഉള്ള ആദ്യ ഘട്ടത്തിൽ ഛർദി കുറയാനും ക്ഷീണം അകറ്റാനും മലർപൊടി ഇട്ടു തിളപ്പിച്ച വെള്ളം പഞ്ചസാര ചേർത്ത് പലവട്ടം ആയി ഉപയോഗിക്കാം.. ഗർഭിണികൾ കഠിനമായ ജോലികൾ ചെയ്യുന്നത് ഒഴിവാക്കണം.

വ്യായാമം:

ഗർഭിണിക്ക് നാലാം മാസം മുതൽ ആയാസം ഇല്ലാത്ത ചെറിയതോതിൽ ഉള്ള വ്യായാമം ചെയ്യാം.ആദ്യത്തെ മൂന്നു മാസവും അവസാനത്തെ രണ്ടു ആഴ്‌ചയും അധിക ദൂരമുള്ള നടപ്പും, യാത്രയും വ്യായാമവും ഒഴിവാക്കുന്നത് നല്ലതാണ്.

മാനസിക നില:

മാനസിക ഉല്ലാസം ഗർഭിണിക്ക് വളരെ ആവശ്യം ആണ്.ദുഃഖം, കോപം, ഭയം, ഇവ ഇല്ലാതെ നോക്കണം.

ശുചിത്വം:

ശരീരം വൃത്തിയായി നോക്കേണ്ടത് ഗർഭകാലത്ത് പരമ പ്രധാനം ആണ്.ദിവസേന രണ്ടു നേരം കുളിക്കണം. കുളിക്കാൻ ഇളം ചൂട് വെള്ളം ആണ് നല്ലത്.ഏഴാം മാസം മുതൽ എണ്ണ തേച്ചു കുളിക്കുന്നത് നല്ലത്.പ്രത്യേകിച്ച് അടി വയറ്റിൽ കുഴമ്പ് പുരട്ടുന്നത് ചൊറിച്ചിൽ പാടുകൾ എന്നിവ ഒഴിവാക്കാൻ സഹായിക്കും. ധന്വന്തരം കുഴമ്പോ തൈലമോ തേച്ചു കുളിക്കുന്നത് നല്ലതാണ്.

വസ്ത്രങ്ങൾ:

അയവുള്ളതും അലക്കിയതും ആയ മിനുസമുള്ള കനം കുറഞ്ഞ പരുത്തി വസ്ത്രങ്ങൾ ആണ് ധരിക്കേണ്ടത്.

 

For More : Dr . T.A  Aathira B.S.M.S
Deputy Medical Officer (Siddha)
Santhigiri Ayurveda and Siddha Hospital, Ernakulam
Ph:9746492847

Buy Our Products Online : https://www.santhigirionline.com

Order through WhatsApp : wa.me/918136969961 (or) wa.me/918590036694

Related Articles

Back to top button