IndiaLatest

ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് കേരളത്തിലെ ആശുപത്രികളെ സമീപിക്കരുത്-സുകന്യ കൃഷ്ണ

“Manju”

തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് ഒരു കാരണവശാലും ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിലെ ആശുപത്രികളെ സമീപിക്കരുതെന്ന് ആക്ടിവിസ്റ്റായ സുകന്യ കൃഷ്ണ. അൽപം ചിലവ് കുറവുണ്ട് എന്ന് കരുതി ആശുപത്രി തിരഞ്ഞെടുക്കരുത്. ആരോഗ്യത്തേക്കാൾ വലുതല്ല പണമെന്ന് സുകന്യ പറയുന്നു.
ട്രാൻസ്‌ജെൻഡർ അനന്യ അലക്‌സിന്റെ മരണത്തിന് പിന്നാലെയാണ് സുകന്യയുടെ പ്രതികരണം. സർജറിക്ക് പോകും മുൻപ് സർജറി എന്താണെന്ന് വ്യക്തമായി പഠിക്കുക. പലവിധം സർജറികളും ഇന്ന് നിലവിലുണ്ട്. അതിൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യം എന്ന് കരുതുന്നത് തിരഞ്ഞെടുക്കുക.
സർജറി ചെയ്താൽ മാത്രമേ പൂർണത ലഭിക്കു എന്ന ചിന്താഗതി തെറ്റാണ്. നല്ലത് പോലെ ആലോചിച്ച് മാത്രം സർജറിക്കായി മുതിരുകയെന്നും സുകന്യ കുറിയ്‌ക്കുന്നു. ഫേസ്ബുക്കിലൂടെയാണ് സുകന്യയുടെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം
ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് വിധേയരാകാൻ ആഗ്രഹിക്കുന്ന എന്റെ എല്ലാ സുഹൃത്തുക്കളോടും സ്ഥിരമായി പറയാറുള്ള ചില കാര്യങ്ങൾ ഉണ്ട്.
1. ഒരിക്കലും ഒരു പ്ലാസ്റ്റിക്ക് സർജന്റെ മുന്നിൽ ബോട്ടം സർജറിക്കായി പോകരുത്, യൂറോളജിസ്റ്റ് ആയ ഒരു ഡോക്ടറെ സമീപിക്കുക.
2. നിങ്ങൾ ഏത് തരം സർജറി ആണ് ആഗ്രഹിക്കുന്നത് എന്ന് സ്വയം കണ്ടെത്തുക, അതിനായി മറ്റുള്ളവരുടെ അഭിപ്രായങ്ങൾ തേടരുത്.
3. സർജറിക്ക് പോകും മുൻപ് സർജറി എന്താണെന്ന് വ്യക്തമായി പഠിക്കുക. പലവിധം സർജറികളും ഇന്ന് നിലവിലുണ്ട്. അതിൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യം എന്ന് കരുതുന്നത് നിങ്ങൾ തിരഞ്ഞെടുക്കുക.
4. നിർബന്ധമായും ഒരു സൈക്കോളജിക്കൽ ഇവാലുവേഷന് വിധേയമാകുക. നിങ്ങൾ ശരിക്കും ഈ സർജറി ആഗ്രഹിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. സർജറിക്ക് മുൻപ് സർജറിക്കായി അടങ്ങാത്ത അഭിനിവേശം ഉള്ളവർക്ക് പോലും, പിന്നീട് അത് വേണ്ടായിരുന്നു എന്ന് തോന്നാറുണ്ട് എന്ന് മനസ്സിലാക്കുക.
5. നിങ്ങളുടെ ശരീരം ഒരു പരീക്ഷണ വസ്തു ആകും എന്ന് തോന്നിയാൽ, “വരുന്നത് വരട്ടെ” എന്ന രീതിയിൽ മുന്നോട്ട് പോകാതിരിക്കുക. കാരണം ഒരിക്കൽ ചെയ്താൽ പിന്നെ ഒരു മടങ്ങി പോക്കില്ലാത്ത ഒന്നാണ് ഈ സർജറി.
6. നിങ്ങളുടെ സുഹൃത്തുക്കളുമായി നിങ്ങളെ താരതമ്യം ചെയ്യാതെ ഇരിക്കുക. നിങ്ങളുടെ സുഹൃത്ത് അവരുടെ ഏറ്റവും നല്ല വശം മാത്രമായിരിക്കും നിങ്ങളുടെ മുന്നിൽ പ്രകടിപ്പിച്ചിട്ടുണ്ടാകുക. ഒരു മറുവശം എല്ലാവർക്കുമുണ്ട് എന്ന ബോധം വളർത്തുക.
7. നിങ്ങൾക്ക് ചുറ്റുമുള്ള നിങ്ങളുടെ കമ്മ്യൂണിറ്റി മെമ്പർമാർ തന്നെ നിങ്ങളെ സർജറിക്ക് പ്രോത്സാഹിപ്പിച്ചേക്കാം. അല്ലെങ്കിൽ, സർജറി ചെയ്യാത്ത നിങ്ങളെ പരിഹസിച്ചേക്കാം. അതൊക്കെ ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ കളയുക.
8. ഒരു കാരണവശാലും ഹിജഡ സംസ്കാരത്തിൽ എത്തിപ്പെടാതിരിക്കുക. വിശാലമായ ഒരു ലോകം നിങ്ങളുടെ മുന്നിലുണ്ട്. അവിടെ സ്വാതന്ത്ര്യം എന്ന ഒരു നിധിയുണ്ട്. സർവ സുലഭമായി തന്നെ…
9. സർജറി ചെയ്താൽ മാത്രമേ പൂർണത ലഭിക്കൂ എന്ന ചിന്താഗതി തെറ്റാണ്. നല്ലത് പോലെ ആലോചിച്ച് മാത്രം സർജറിക്കായി മുതിരുക.
10. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു കാരണവശാലും കേരളത്തിലെ ആശുപത്രികളിൽ സർജറിക്ക് വിധേയരാകാതിരിക്കുക.
11. അല്പം ചിലവ് കുറവുണ്ട് എന്ന് കരുതി ആശുപത്രി തിരഞ്ഞെടുക്കരുത്. ആരോഗ്യത്തേക്കാൾ വലുതല്ല പണം.
12. നമുക്ക് ചുറ്റുമുള്ള ലോകം അനുദിനം മാറുകയാണ്. ഇന്നലെ നമ്മെ കളിയാക്കിവർ ഇന്ന് നമ്മെ അംഗീകരിക്കുന്നു. ഇന്ന് നമ്മെ കളിയാക്കുന്നവർ നാളെ നമ്മെ അംഗീകരിക്കാനുള്ളവർ മാത്രമാണ്.
നിങ്ങൾക്ക് ഏത് സമയത്തും എന്ത് കാര്യത്തിനും എന്നെ കോൺടാക്ട് ചെയ്യാവുന്നതാണ്. എന്നാൽ കഴിയുന്ന എന്ത് സഹായവും ഒരു സുഹൃത്തെന്ന നിലയിൽ തീർച്ചയായും നിങ്ങൾക്ക് ചെയ്യും. ഉറപ്പ്.
ഞാൻ എന്ത് കരുതും എന്ന് കരുതി ഉപേക്ഷ വിചാരിക്കേണ്ട യാതൊരു ആവശ്യകതയും ഇല്ല.
കടുത്ത തീരുമാനങ്ങൾ എടുക്കും മുന്നേ, ഒന്ന് വിളിക്കാം…
പ്രിയ സുഹൃത്ത്,
സുകന്യ കൃഷ്ണ

Related Articles

Back to top button