Kerala

തിരുവോണത്തോണി, ഉതൃട്ടാതി ജലമേള; പങ്കെടുക്കാനുള്ള പള്ളിയോടങ്ങളെ തീരുമാനിച്ചു

“Manju”

പത്തനംതിട്ട: തിരുവോണത്തോണി വരവ്, ഉതൃട്ടാതി ജലമേള എന്നിവയിൽ പങ്കെടുക്കുന്ന 3 പള്ളിയോടങ്ങളെ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. കിഴക്കൻമേഖലയിൽ നിന്ന് കോഴഞ്ചേരി, മധ്യ മേഖലയിൽ നിന്ന് മാരാമൺ പടിഞ്ഞാറൻ മേഖലയിൽ നിന്ന് കീഴ് വന്മഴി എന്നീ പള്ളിയോടങ്ങളെയാണ് തിരഞ്ഞെടുത്തത്. പാർഥ സാരഥി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ പള്ളിയോട സേവാസംഘം സെക്രട്ടറി പിആർ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്. മേൽശാന്തി കൃഷ്ണകുമാർ പോറ്റി ഓരോ മേഖലയുടെയും ലോട്ടുകളിൽ നിന്ന് നറുക്ക് എടുത്തു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫrസർ ജി ബിനു സന്നിഹിതനായിരുന്നു.

കഴിഞ്ഞ വർഷം ളാക–ഇടയാറന്മുള പള്ളിയോടം മാത്രമാണ് ജലമേള ചടങ്ങിന് പങ്കെടുത്തത്. കൊറോണ നിയന്ത്രണങ്ങളിൽ ലഭിച്ച ഇളവിന്റെ അടിസ്ഥാനത്തിൽ ഇത്തവണ 3 പള്ളിയോടങ്ങൾക്ക് ജലമേളയിലും തിരുവോണത്തോണി വരവിലും പങ്കെടുക്കാൻ അനുമതി ലഭിച്ചിരുന്നു. ഓരോ മേഖലയിൽ നിന്നും ഓരോ പള്ളിയോടം വീതമാണ് നറുക്കെടുപ്പിലൂടെ തീരുമാനിച്ചത്.
കിഴക്കൻമേഖലയിൽ നിന്ന് കുറിയന്നൂർ, നെടുംപ്രയാർ, കോറ്റാത്തൂർ, ഇടപ്പാവൂർ, ചെറുകോൽ, കോഴഞ്ചേരി എന്നീ 6 പള്ളിയോടങ്ങളും മധ്യമേഖലയിൽ നിന്ന് ഇടയാറന്മുള, ഇടയാറന്മുള കിഴക്ക്, ളാക–ഇടയാറന്മുള, ഇടശ്ശേരിമല, ഇടശ്ശേരിമല കിഴക്ക്, പുന്നംതോട്ടം, മല്ലപ്പുഴശ്ശേരി, കോയിപ്രം, നെല്ലിക്കൽ, ആറാട്ടുപുഴ, തെക്കേമുറി, മാരാമൺ എന്നീ 12 പള്ളിയോടങ്ങളും പടിഞ്ഞാറൻ മേഖലയിൽ നിന്ന് വന്മഴി, കീഴ്ചേരിമേൽ, ഓതറ, കീഴ് വന്മഴി, കോടിയാട്ടുകര എന്നീ 5 പള്ളിയോടങ്ങളും സമ്മത പത്രം നൽകിയിരുന്നു.

ആദ്യം കോഴഞ്ചേരിയുടെയും രണ്ടാമത് മാരാമണിന്റെയും മൂന്നാമത് കീഴ് വന്മഴിയുടെയും പേരുകൾ ഓരോ മേഖലയുടെയും നറുക്കെടുപ്പിലൂടെ ക്ഷേത്ര സന്നിധിയിൽ വിളംബരം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട പള്ളിയോട കരകൾക്ക് കൊറോണ മാനദണ്ഡം അനുസരിച്ച് സ്വീകരിക്കേണ്ട നിയമങ്ങളും നിർദേശങ്ങളും പള്ളിയോട സേവാസംഘം സെക്രട്ടറി രേഖാമൂലം കൈമാറിയിട്ടുണ്ട്.

Related Articles

Back to top button