IndiaInternational

 പാക് അധീനകശ്മീരിൽ തിരഞ്ഞെടുപ്പ്: പ്രതിഷേധം ശക്തമാക്കി പ്രദേശവാസികൾ

“Manju”

ശ്രീനഗർ: പാക് സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി പാക് അധീന കശ്മീരിലെ ജനങ്ങൾ. കശ്മീരിൽ അവകാശവാദം ഉന്നയിക്കുന്ന ചില പ്രദേശങ്ങളിൽ പാകിസ്താൻ തിരഞ്ഞെടുപ്പ് നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെയാണ് പാക് അധീന കാശ്മീരിൽ പ്രതിഷേധം നടക്കുന്നത്. തെരഞ്ഞെടുപ്പിൽ ഭരണകക്ഷി അംഗങ്ങൾ അട്ടിമറി നടത്തിയെന്നാരോപിച്ചാണ് പ്രതിഷേധം നടക്കുന്നത്.

ജൂലായ് 25ന് ആണ് പാക് അധീന കശ്മീരിൽ തിരഞ്ഞെടുപ്പ് നടന്നത്. 53 സീറ്റുകളിൽ 45ലേക്കാണ് നേരിട്ട് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 25 സീറ്റുകളിൽ ഇമ്രാൻഖാന്റെ തെഹ്‌രീക്-ഇ-ഇൻസാഫ്(പിടിഐ) വിജയിച്ചു. പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) 11 ഇടങ്ങളിൽ വിജയിച്ചു. പാകിസ്ഥാൻ മുസ്ളീം ലീഗ് (പിഎംഎൽ-എൻ) ആറ് സീറ്റിലും വിജയിച്ചു.

തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. ഇതിനെ തുടർന്ന് തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

ജനങ്ങളെ വഞ്ചിക്കുന്ന തിരഞ്ഞെടുപ്പ് പ്രഹസനമാണ് നടന്നതെന്ന് പാക് അധിനിവേശ കാശ്‌മീ‌ർ പ്രധാനമന്ത്രി രാജാ ഫറൂക്ക് ഹൈദർ പറഞ്ഞു.പിഎം‌എൽ-എൻ നേതാവ് മറിയം നവാസും തിരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പിപിപി നേതാവ് ബിലാവൽ ഭൂട്ടോ ആരോപിക്കുന്നു.

ഗിൽജിത്ത്-ബാൾട്ടിസ്ഥാൻ പ്രദേശത്ത് തിരഞ്ഞെടുപ്പ് നടത്താനുള‌ള പാക് തീരുമാനത്തെ ഇന്ത്യ മുൻപ് തന്നെ എതിർത്തിരുന്നു. ശക്തമായ പ്രതിഷേധം ഇതിൽ ഇന്ത്യ അറിയിച്ചു. എന്നാൽ ഇമ്രാൻ ഖാൻ സർക്കാർ തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുകയും ജനങ്ങളിൽ നിന്ന് തന്നെ പ്രതിഷേധം നേരിടുകയുമായിരുന്നു.

Related Articles

Back to top button