IndiaLatest

ജഡ്ജിയുടെ മരണം, ജോഗിംഗിനിടെ ഇടിച്ചിട്ട ദൃശ്യങ്ങള്‍ പുറത്ത്

“Manju”

ജാര്‍ഖണ്ഡ്‌: ജാർഖണ്ഡിൽ പ്രഭാത സവാരിക്കിറങ്ങിയ ജഡ്ജിയുടെ മരണം കൊലപാതകമെന്ന് സംശയം. അപകടമരണമെന്ന് കരുതിയ മരണം കൊലപാതകമെന്ന സംശയങ്ങള്‍ക്ക് ഇടനല്‍കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു . ജഡ്ജിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്.ജില്ലാ, അഡീഷണൽ ജഡ്ജി ഉത്തം ആനന്ദ് ബുധനാഴ്ച ധൻബാദിൽ രാവിലെ ഓടിക്കൊണ്ടിരിക്കെ വീട്ടിൽ നിന്ന് അര കിലോമീറ്റർ അകലെ അജ്ഞാത വാഹനം ഇടിച്ചാണ് മരിച്ചത്‌.
പുലർച്ചെ 5 മണിയോടെ വിജനമായ റോഡിൽ ജഡ്ജി ജോഗിംഗ് നടത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഒരു ഓട്ടോറിക്ഷ ജഡ്ജിയുടെ നേരെ പോകുന്നു. ഓട്ടോ ജഡ്ജിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോകുന്നത് ദൃശ്യങ്ങളില്‍ കാണാം.
റോഡിൽ രക്തത്തില്‍ കുളിച്ച് മണിക്കൂറുകളോളം കിടന്ന ജഡ്ജിയെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രാവിലെ 7 മണിക്ക് തിരിച്ചെത്താത്തപ്പോൾ അദ്ദേഹത്തെ കാണാതായതായി വീട്ടുകാർ അറിയിച്ചു. ഒടുവില്‍ നടത്തിയ അന്വേഷണത്തിലാണ് അപകടത്തില്‍ പരിക്കേറ്റ് മരിച്ചത് ജഡ്ജിയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്.
ഓട്ടോ മനപൂർവ്വം തട്ടിയതായി സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നുവെന്ന് പോലീസ് പറയുന്നു. ജഡ്ജിയെ ഇടിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഓട്ടോ മോഷ്ടിക്കപ്പെട്ടതായി അന്വേഷണത്തിൽ വ്യക്തമായി. ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ധൻബാദ് പട്ടണത്തിൽ നിരവധി മാഫിയ കൊലപാതക കേസുകൾ കൈകാര്യം ചെയ്തിരുന്ന അദ്ദേഹം അടുത്തിടെ രണ്ട് ഗുണ്ടാസംഘങ്ങളുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.

Related Articles

Back to top button