IndiaLatestSports

ഒളിമ്പിക്‌സിൽ നിന്നും പുറത്തായിട്ടും മേരി കോമിന് അഭിനന്ദന പ്രവാഹം

“Manju”

ന്യൂഡൽഹി : ആറ് തവണ ലോക ചാമ്പ്യനായ ബോക്‌സിംഗ് താരം മേരി കോം ടോക്കിയോ ഒളിമ്പിക്‌സിൽ നിന്നും പുറത്തായി. കൊളംബിയയുടെ വലൻസിയയോട് മത്സരിച്ച് പ്രീ ക്വാട്ടറിലാണ് താരം പുറത്തായത്. ഇതോടെ രാജ്യത്തിന്റെ പ്രതീക്ഷയായിരുന്ന ബോക്‌സിംഗ് വിഭാഗത്തിലെ മെഡൽ നഷ്ടമായിരിക്കുകയാണ്. എന്നാൽ അവസാന നിമിഷം വരെ തളരാതെ പോരാടിയ മേരി കോമിന് അഭിനന്ദനമറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

നീതിന്യായ വകുപ്പ് മന്ത്രി കിരൺ റിജിജു വനിതാ ബോക്‌സിംഗ് താരത്തിന് പ്രശംസയറിയിച്ചു. ‘ടോക്കിയോ ഒളിമ്പിക്‌സിൽ താങ്കൾ ഒരു പോയിന്റിന് പരാജയപ്പെട്ടിട്ടുണ്ടാകും, എന്നാൽ മേരി കോം എന്നും ചാമ്പ്യനാണ്. ലോകത്ത് ഒരു വനിതാ ബോക്‌സിംഗ് താരവും നേടിയിട്ടില്ലാത്തത് താങ്കൾ കൈവരിച്ചിട്ടുണ്ട്. ഇതിഹാസ താരമായ മേരി കോമിനെ ഓർത്ത് രാജ്യം എന്നും അഭിമാനിക്കുമെന്നും’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ബോക്‌സിംഗ് റിംഗിനുള്ളിലെ അഗ്നി എന്നാണ് ടീം ഇന്ത്യ മേരി കോമിനെ വിശേഷിപ്പിച്ചത്. അതിവേഗത്തിൽ പ്രവർത്തിക്കുന്ന കൈകളും കാലുകളുമാണ് മേരി കോമിനുള്ളത് എന്നും ടീം ഇന്ത്യ ട്വിറ്ററിലൂടെ പറയുന്നു. ഏറ്റവും മികച്ച രീതിയിൽ പ്രകടനം നടത്തിയ മേരി കോമിനെ പ്രശംസിച്ച് മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിംഗും രംഗത്തെത്തി. എന്തുതന്നെയായാലും നിങ്ങൾ തന്നെയാണ് ജേതാവ് എന്നും രാജ്യം നിങ്ങളെയോർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്നും ഇന്ത്യയ്‌ക്ക് പ്രചോദനം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എക്കാലത്തെയും ഇതിഹാസ താരമാണ് മേരി കോം എന്നാണ് മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ വീരേൻ രാസ്‌ക്വിൻഹ പറഞ്ഞത്.

Related Articles

Back to top button