IndiaInternational

ഐക്യരാഷ്‌ട്ര സുരക്ഷാ സഭയിൽ ആഗസ്റ്റ് മാസത്തെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യക്ക്

“Manju”

ന്യൂയോർക്ക്: ഭീകരതയ്‌ക്കെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ. ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിൽ യോഗത്തിലാണ് ഇന്ത്യ ഭീകരവിരുദ്ധ നയം വ്യക്തമാക്കാൻ ഒരുങ്ങുന്നത്. സുരക്ഷാ കൗൺസിൽ അദ്ധ്യക്ഷ സ്ഥാനം ആദ്യമായി അലങ്കരിക്കാൻ ആഗസ്റ്റ് മാസത്തിൽ തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് സുപ്രധാന മുൻഗണന എന്തെന്ന് ഇന്ത്യ വ്യക്തമാക്കിയത്. ആഗോളതലത്തിൽ ലോകരാജ്യങ്ങളെ ബാധിക്കുന്ന മൂന്ന് കാര്യങ്ങളെ മുൻനിർത്തിയാണ് ഇന്ത്യ വിഷയങ്ങൾ അവതരിപ്പിക്കുകയെന്നും വിദേശകാര്യവകുപ്പ് അറിയിച്ചു.

ആഗസ്റ്റ് മാസം രണ്ടാം തിയതിയാണ് ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ സുരക്ഷാ കൗൺസിൽ യോഗം ആരംഭിക്കുന്നത്. സമുദ്രമേഖലയിലെ സുരക്ഷ, സമാധാന സേനകളുടെ പ്രവർത്തനം, ഭീകരവിരുദ്ധ പ്രവർത്തനം എന്നീ മൂന്ന് കാര്യങ്ങളിലൂന്നിയാണ് ഇന്ത്യ സുരക്ഷാ കൗൺസിലിൽ വിഷയങ്ങൾ അവതരിപ്പിക്കുക.

അത്യന്തം അപൂർവ്വവും നിർണ്ണായകവുമായ ബഹുമതിയാണ് സുരക്ഷാ കൗൺസിലിന്റെ അദ്ധ്യക്ഷ പദം അലങ്കരിക്കുന്നതിലൂടെ ലഭിച്ചിട്ടുള്ളത്. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന മാസം തന്നെ ആഗോളതലത്തിലെ അംഗീകാരം വലിയ അഭിമാനം നൽകുന്നുവെന്ന് ഐക്യരാഷ്‌ട്രസഭ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി പറഞ്ഞു.

അദ്ധ്യക്ഷം വഹിക്കുന്ന രാജ്യത്തിന്റെ ഉന്നത തല ഭരണനേതൃത്വമാണ് ഒരുമാസക്കാലം സുരക്ഷാ കൗൺസിലിന്റെ വിവിധ യോഗങ്ങൾ നയിക്കേണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി എസ്.ജയശങ്കറും നിർണ്ണായക പങ്കുവഹിക്കുന്ന യോഗങ്ങളാണ് നടക്കാനിരിക്കുന്നത്. എന്നാൽ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും സുരക്ഷാ കൗൺസിൽ പങ്കെടുക്കേണ്ടത് എപ്പോഴാണെന്ന സമയക്രമത്തിൽ തീരുമാനം ആയിട്ടില്ല.

സുരക്ഷാ കൗൺസിലിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തും വിധം കൃത്യമായ ആസുത്രണത്തോടെയുള്ള മാതൃകാ യോഗങ്ങളാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. സമുദ്രസുരക്ഷ, സമാധാന സേനകളുടെ പ്രവർത്തനം, ഭീകരവിരുദ്ധ പ്രവർത്തനം എന്നീ വിഷയത്തിൽ ഇന്ത്യ ശ്രദ്ധ ചെലുത്തും. എല്ലാ രാജ്യങ്ങളുടെ അനുഭവങ്ങളും നിർദ്ദേശങ്ങളും പങ്കുവെയ്‌ക്കാനും ഉടനടി തീരുമാനം എടുക്കാനും യോഗത്തിൽ സംവിധാനം ഒരുക്കുമെന്നാണ് സൂചന.സമാധാന സേനകളെല്ലാം അത്യാധുനിക സാങ്കേതിക സംവിധാനത്തെ ഉപയോഗപ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മാത്രമല്ല സമാധാന സേനാംഗങ്ങളേയും ഉദ്യോഗസ്ഥരേയും അപായപ്പെടുത്തുന്ന ഭീകരസംഘങ്ങളെ നിയന്ത്രിക്കാനും ഇല്ലായ്മ ചെയ്യാനും ഇന്ത്യ വെച്ച നിർദ്ദേശവും ഏറെ ഗൗരവത്തോടെയാണ് അമേരിക്കയടക്കം പരിഗണിച്ചത്. എല്ലാ അന്താരാഷ്‌ട്ര നിയമലംഘകരേയും ഭീകരരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അന്താരാഷ്‌ട്രകൂട്ടായ്മയാണ് ആവശ്യമെന്നുള്ള ഇന്ത്യൻ നയത്തിനും മുൻഗണന ലഭിച്ചിട്ടുണ്ട്.

എട്ടാം തവണയാണ് ഇന്ത്യ സുരക്ഷാ കൗൺസിലിൽ അംഗമായി പ്രവർത്തിക്കുന്നത്. രണ്ടുവർഷമാണ് കാലാവധി. ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണമെന്ന ആവശ്യം ഊട്ടിഉറപ്പിക്കുന്ന തരത്തിലുള്ള ഇടപെടലാണ് ഐക്യരാഷ്‌ട്രസഭയിലും സുരക്ഷാ കൗൺസിലിലും ഇന്ത്യ 2014 മുതൽ നടത്തുന്നത്. ചൈന മാത്രമാണ് ഇന്ത്യയെ എതിർക്കുന്ന സ്ഥിരാംഗത്വമുള്ള ഏക രാജ്യം.

Related Articles

Back to top button