HealthIndiaLatest

മൂക്കിന്റെ രന്ധ്രാഗ്ര ഭാഗത്ത്‌ നിന്ന്‌ തലച്ചോറ് വരെ എത്തിയ സൂചി നീക്കം ചെയ്തു

“Manju”

കൊല്‍ക്കത്ത: അന്‍പതുകാരന്റെ മൂക്കിന്റെ രന്ധാഗ്രത്തിന്റെ തലച്ചോറിനോട്‌ ചേര്‍ന്നുള്ള ഭാഗത്ത്‌ നിന്ന്‌ സൂചി നീക്കം ചെയ്‌തു. കൊല്‍ക്കത്തയിലെ ആശുപത്രിയിലാണ്‌ അതീവ സങ്കീര്‍ണമായ ഈ ശസ്‌ത്രക്രിയ നടന്നത്‌.
ഒരു ലോഹവസ്‌തു ശരീരത്തിനുള്ളില്‍ ഉണ്ടെന്നതൊഴിച്ചാല്‍ ഇദ്ദേഹത്തിന്‌ മറ്റ്‌ യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. പൂര്‍ണമായും ബോധവനും ആയിരുന്നു. മസ്‌തിഷ്‌കാര്‍ബുദമോ തലച്ചോറിലെ അസാധാരണമായ വളര്‍ച്ചകളോ നീക്കം ചെയ്യാന്‍ ചെയ്യുന്ന ക്രാനിയോട്ടമി എന്ന ശസ്‌ത്രക്രിയ വഴിയാണ്‌ സൂചി നീക്കം ചെയ്‌തത്‌.

തലയോട്ടി തുറന്നാണ്‌ ഈ ശസ്‌ത്രക്രിയ നടത്തിയത്‌. കൊല്‍ക്കത്ത ന്യൂറോ സയന്‍സ്‌ ഇന്‍സ്‌റ്റിറ്റിയൂട്ടിലെ മുതിര്‍ന്ന ഡോക്ടര്‍ ആണ്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ നേതൃത്വം നല്‍കിയത്‌. മൂക്കില്‍ നിന്നുള്ള രക്തസ്രാവത്തെ തുടര്‍ന്നാണ്‌ അദ്ദേഹം ആശുപത്രിയില്‍ എത്തിയത്‌. ആശുപത്രിയില്‍ എത്തുന്ന സമയത്ത്‌ അദ്ദേഹം മദ്യപിച്ചിരുന്നു. അത്‌ കൊണ്ട്‌ തന്നെ ഇദ്ദേഹത്തെ ആരെങ്കിലും ഉപദ്രവിച്ചതാണോ എന്നൊരു സംശയം തങ്ങള്‍ക്കുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തുടര്‍ന്ന്‌ സ്‌കാന്‍ ചെയ്യാന്‍ തീരുമാനിച്ചു.സ്‌കാനിംഗ്‌ റിപ്പോര്‍ട്ട്‌ പുറത്ത്‌ വന്നതോടെയാണ്‌ മൂക്ക്‌ മുതല്‍ തലച്ചോറിന്‌ സമീപം വരെ നീണ്ട ഒരു സൂചി ശ്രദ്ധയില്‍ പെട്ടത്‌.
ഇത്രയും വലിയ സൂചി ഉണ്ടായിട്ടും അദ്ദേഹത്തിന്‌ സാധാരണപോലെ തന്നെ ഭക്ഷണം കഴിക്കുന്നത്‌ അടക്കമുള്ള പ്രവൃത്തികള്‍ ചെയ്യാനും സാധിച്ചിരുന്നു. രോഗി പൂര്‍ണമായും സുഖം പ്രാപിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ചെറിയതോതില്‍ മൂക്കില്‍ നിന്ന്‌ രക്തസ്രാവം ഉണ്ട്‌.അത്‌ ഐസ്‌ ഉപയോഗിച്ച്‌ നിയന്ത്രിക്കാനാകുന്നുമുണ്ട്‌.മൂന്ന്‌ദിവസത്തിന്‌ ശേഷം അദ്ദേഹം ആശുപത്രി വിട്ടു. അതേസമയം എങ്ങനെയാണ്‌ സൂചിമൂക്കിനുള്ളില്‍ എത്തിയതെന്ന്‌ വ്യക്തമല്ല.
മൂക്ക്‌ പോലെ ഏറ്റവും വൃത്തിഹീനമായ സ്ഥലത്ത്‌ കൂടി ശരീരത്തിലെ ഏറ്റവും വൃത്തിയുള്ള തലച്ചോറുള്‍പ്പെടുന്ന ഭാഗത്ത്‌ എത്തിച്ചേര്‍ന്ന സൂചി എത്രയും പെട്ടെന്ന്‌ തന്നെ നീക്കം ചെയ്യുക എന്നതായിരുന്നു ആദ്യത്തെ ഉദ്യമം.ഇല്ലെങ്കില്‍ അണുബാധയ്‌ക്ക്‌ സാധ്യതയുണ്ടായിരുന്നു. അത്‌ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക്‌ നയിക്കാനും ഇടയുണ്ട്‌. രോഗി ഇപ്പോള്‍ സുഖമായിരിക്കുന്നുണ്ടെങ്കിലും ഇനിയും സ്‌കാനിംഗ്‌ അടക്കമുള്ള തുടര്‍പരിശോധനകള്‍ വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Related Articles

Back to top button