IndiaLatest

ജന്മനാട്ടില്‍ തിരിച്ചെത്തിയ സിന്ധുവിന് ഗംഭീര വരവേല്‍പ്പ്

“Manju”

ഹൈദരാബാദ് ; ഒളിമ്പിക്‌സില്‍ രാജ്യത്തിന് അഭിമാനമായ പി.വി സിന്ധുവിന് വന്‍ സ്വീകരണം. രാജ്യത്തിന് വേണ്ടി കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ ആണ് സിന്ധുവിനെ സ്വീകരിക്കാന്‍ എത്തിയത്. പി.വി സിന്ധു ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു. കഠിനാധ്വാനത്തില്‍ നിന്നും എന്ത് നേടാമെന്നത് കാണിച്ചു തന്നുവെന്നും ഇന്ത്യയിലെ വലിയ ഒളിമ്പ്യന്മാരില്‍ ഒരാളാണ് സിന്ധുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും സ്വീകരണത്തില്‍ പങ്കെടുത്തിരുന്നു.

ഇന്നലെ വൈകിട്ടാണ് പിവി സിന്ധു രാജ്യത്തേയ്‌ക്ക് മടങ്ങിയെത്തിയത്. ഗംഭീര വരവേല്‍പ്പാണ് താരത്തിന് ലഭിച്ചത്. ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളോടെയാണ് സിന്ധുവിനെ വിമാനത്താവളത്തില്‍ വരവേറ്റത്. കൂടെ നിന്നവര്‍ക്കും പിന്തുണച്ചവര്‍ക്കുമെല്ലാം സിന്ധു നന്ദി പറയുകയും ചെയ്തു.

വനിതകളുടെ സിംഗിള്‍സ് ബാഡ്മിന്റണ്‍ ഇനത്തിലാണ് ഇന്ത്യയുടെ പി വി സിന്ധു വെങ്കലം നേടിയത്. ചൈനീസ് താരമായ ഹി ബിങ് ജിയാവോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്. ടോക്ക്യോയില്‍ മെഡല്‍ നേടിയതോടെ സിന്ധു ചരിത്ര നേട്ടത്തിന് ഉടമയാവുക കൂടി ചെയ്തു. തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടമാണ് സിന്ധു സ്വന്തമാക്കിയത്.

Related Articles

Back to top button