India

താൻ ഈശ്വര വിശ്വാസിയാണ് അന്ധവിശ്വാസിയല്ല; യോഗി ആദിത്യനാഥ്

“Manju”

ലക്നൗ : താൻ ഈശ്വര വിശ്വാസിയാണ് അന്ധവിശ്വാസിയല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗുരു ഗോരഖ്നാഥ് ക്ഷേത്രത്തിലെ പ്രധാന പൂജാരി കൂടിയായിരുന്ന യോഗി ആദിത്യനാഥ് തന്റെ വിശ്വാസങ്ങളെ കുറിച്ച് വ്യക്തമാക്കിയത്.

ധർമ്മത്തിനാണോ, രാഷ്‌ട്രീയത്തിനോ മുൻഗണന നൽകുന്നതെന്ന ചോദ്യത്തിന് തന്റെ വ്യക്തിത്വത്തിന്റെ ഭാഗമായി ധർമ്മം ആണ് ആദ്യം വരുന്നതെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ മറുപടി . എന്നാൽ ഒരു ദൈവത്തെ ആരാധിക്കുകയോ ആചാരങ്ങൾ പിന്തുടരുകയോ മാത്രമല്ല ധർമ്മമെന്നും അദ്ദേഹം പറഞ്ഞു . രാജ്യത്തിന്റെയും സമൂഹത്തിന്റെയും താൽപ്പര്യാർത്ഥം പ്രവർത്തിക്കാൻ പ്രചോദിപ്പിക്കുന്ന കടമയും ധർമ്മം തന്നെയാണ് .

അധികാരത്തിലിരിക്കെ നോയ്ഡ സന്ദർശിച്ചവർക്കൊക്കെ അധികാര കസേര നഷ്ടപ്പെട്ടിട്ടുണ്ടെന്ന വാദത്തിൽ വിശ്വാസമുണ്ടോ എന്ന ചോദ്യത്തിന് താൻ ദൈവത്തിൽ വിശ്വസിക്കുന്നു എന്നാൽ അന്ധവിശ്വാസങ്ങളുടെ ആശയം നിരസിക്കുന്നുവെന്നായിരുന്നു യോഗിയുടെ മറുപടി .

അന്ധവിശ്വാസത്തെ തുടർന്ന്, അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവർ നോയിഡ സന്ദർശിച്ചിട്ടില്ല. എന്നാൽ മുഖ്യമന്ത്രിയായതിന് ശേഷം, താൻ നോയിഡയും ബിജ്നോറും പലതവണ സന്ദർശിച്ചിട്ടുണ്ടെന്ന് യോഗി വ്യക്തമാക്കി . നോയിഡ സന്ദർശിച്ചതിന് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പിലും മറ്റ് നിരവധി തിരഞ്ഞെടുപ്പുകളിലും ബിജെപി വിജയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ യാഥാസ്ഥിതികനല്ല . ക്ഷേത്രങ്ങൾ സന്ദർശിക്കുക, പാരമ്പര്യങ്ങൾ പിന്തുടരുക അതിലാണ് താൻ വിശ്വസിക്കുന്നത് . അന്ധവിശ്വാസങ്ങൾ പിന്തുടർന്നാൽ സ്വർഗം നേടാമെന്ന ആശയം നിരസിക്കുന്നു. കർമ്മത്തിലൂടെ പ്രതിഫലം നേടാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .

തന്റെ സർക്കാർ ഒരിക്കലും ആരോടും മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിൽ വിവേചനം കാണിച്ചിട്ടില്ല. ഏറ്റുമുട്ടലിൽ മരിച്ച ഗ്യാങ്സ്റ്റർ വികാസ് ദുബെ ബ്രാഹ്മണനാണെങ്കിൽ, അദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കൊല്ലപ്പെട്ട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ഒരു ബ്രാഹ്മണനായിരുന്നു. തന്റെ സർക്കാർ ബ്രാഹ്മണർക്ക് എതിരാണെന്ന ബിഎസ്പിയുടെയും മറ്റ് പ്രതിപക്ഷ പാർട്ടികളുടെയും ആരോപണം രാഷ്‌ട്രീയപ്രേരിതമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

സമുദായങ്ങൾ തമ്മിലുള്ള സംഘർഷം പ്രോത്സാഹിപ്പിച്ചിട്ടുള്ള എസ്പിക്കോ ബിഎസ്പിക്കോ സാമൂഹിക ഐക്യത്തെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ല. തെറ്റായ കേസുകളിൽ സർക്കാർ ഒരിക്കലും ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുമുതൽ നശിപ്പിക്കുന്നത് ആരുടെയും മൗലികാവകാശമല്ല. അങ്ങനെ ചെയ്യുന്നവരുടെ, സ്വത്തുക്കൾ വഴി തന്നെ ആ നാശനഷ്ടം നികത്താൻ നിയമം കൊണ്ടുവരാനും സംസ്ഥാന സർക്കാരിന് അവകാശമുണ്ട് .ഗുണ്ടാ നിയമപ്രകാരം മാഫിയകളിൽ നിന്ന് സംസ്ഥാനം 1600 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായും അദ്ദേഹം പറഞ്ഞു .

Related Articles

Back to top button