IndiaLatestSpiritual

രാമായണം ‍ഇംഗ്ലീഷ് ഗദ്യരൂപത്തില്‍

“Manju”

സനാതന ധര്‍മത്തിന്റെ അടിസ്ഥാനം നിലകൊള്ളുന്നത് വേദത്തിലാണ് വേദമെന്നാല്‍ അറിവ് എന്നാണര്‍ത്ഥം. അതായത് ഈ പ്രപഞ്ചത്തെ സംബന്ധിച്ചും പ്രപഞ്ചത്തിന്റെ നിയാമകശക്തിയെ സംബന്ധിച്ചും, തന്നെ സംബന്ധിച്ചും ഉള്ള അറിവാണത്. അതായത് ജഗത്, ഈശ്വരന്‍, ജീവന്‍ എന്നിവയെ സംബന്ധിച്ചും ജീവന്റെ ആത്യന്തികലക്ഷ്യത്തെയും ലക്ഷ്യപ്രാപ്തിയേയും സംബന്ധിച്ചുമുള്ള അറിവാണ് വേദം. വേദമാണ് സനാതനധര്‍മ്മത്തിന്റെ മൂലമെങ്കിലും നമ്മുടെ സാമൂഹികവീക്ഷണവും ധര്‍മ്മവ്യവസ്ഥയും രൂപപ്പെട്ടു വന്നത് ഒരു പക്ഷേ വേദത്തേക്കാള്‍ ഏറെ ഇതിഹാസങ്ങളുടേയും പുരാണങ്ങളുടേയുംസ്വാധീനത്താലാണെന്നു കാണാം. വേദത്തെ വിശദീകരിക്കുകയും അതിലെ മൂല്യങ്ങളെ സാമാന്യജനങ്ങള്‍ക്ക് പകര്‍ന്നു നല്കുകയും ചെയ്യാന്‍ വേണ്ടിയാണ് ഇതിഹാസപുരാണങ്ങള്‍ രചിക്കപ്പെട്ടത്.വിശേഷിച്ച്‌ ഇതിഹാസങ്ങള്‍ – രാമായണം മഹാഭാരതം എന്നിവ കഥാരൂപത്തിലും നാടകങ്ങളായും ചിത്രങ്ങളായും കവിതകളായും ക്ഷേത്രകലാരൂപങ്ങളായും മറ്റ് വിവിധ രീതികളില്‍ ജനസമൂഹത്തില്‍ വ്യാപിക്കുകയും തദ്വാരാ നമ്മുടെ ജീവിതവീക്ഷണത്തെയും ധര്‍മ്മാവബോധത്തെയും വളര്‍ത്തിയെടുക്കുകയും ചെയ്തു.അങ്ങിനെ ചിന്തിക്കുമ്ബോള്‍ രാമായണ മഹാഭാരതങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്.
പ്രഥമ ഇതിഹാസമായ വാല്‍മീകി രാമായണത്തില്‍ ധര്‍മ്മ വിഗ്രഹമായ രാമന്റെ ജീവചരിത്രം, രാമനുമായി ബന്ധപ്പെടുന്ന മറ്റ് മഹദ് വ്യക്തികളുടെ ജീവചരിത്രത്തോട് ചേര്‍ത്ത് ഹൃദയസ്പൃക്കായി വര്‍ണ്ണിച്ച്‌ അതിലൂടെ ധര്‍മ്മവ്യാഖ്യാനം ചെയ്തിരിക്കുന്നു. വാല്‍മീകി മഹര്‍ഷി രചിച്ച ഈ ആദിരാമായണത്തിന്റെ ധര്‍മ്മസന്ദേശത്തിന് ഒരു കോട്ടവും തട്ടാതെ എന്നാല്‍ ശുദ്ധമായ ഭക്തിയുടേയും സൂക്ഷ്മമായ വേദാന്തചിന്തയുടേയും ഭാവങ്ങളെ ചേര്‍ത്തുവച്ചു രാമന്റെ ഈശ്വരീയഭാവത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് രചിക്കപ്പെട്ടതാണ് അദ്ധ്യാത്മരാമായണം – പതിനെട്ടു മഹാപുരാണങ്ങളിലൊന്നായ ബ്രഹ്മാണ്ഡപുരാണത്തിന്റെ ഉത്തരഖണ്ഡത്തില്‍ ഉള്‍പ്പെട്ടതാണെന്നാണ് പരമ്പരാഗതമായി നാം അദ്ധ്യാത്മരാമായണത്തെ വിശ്വസിച്ച്‌ മാനിച്ച്‌ പോരുന്നത്. ഇതില്‍ 7 കാണ്ഡങ്ങളും 64 സര്‍ഗ്ഗങ്ങളും 4200 ഗ്ലോകങ്ങളുമാണ് ഉള്ളത്.
ഹൃദ്യസുന്ദരമായ ഈ അദ്ധ്യാത്മരാമായണത്തിന്റെ മലയാള അനുവാദമാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ കിളിപ്പാട്ടായി നമുക്ക് സമ്മാനിച്ചത്. ഇവിടെ തര്‍ജ്ജമ എന്നു പറയുമ്പോള്‍ അതൊരു സ്വതന്ത്ര അനുവാദം ആണെന്ന് നാം മനസ്സിലാക്കണം. ഏറെക്കുറെ മൂലത്തെ അനുസരിച്ചു തന്നെയാണെങ്കിലും പല സന്ദര്‍ഭങ്ങളിലും എഴുത്തച്ഛന്‍ തന്റെ മനോധര്‍മ്മം നല്ലപോലെ കിളിപ്പാട്ടില്‍ പ്രയോഗിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ കവിത്വസുന്ദരമായ, ഹൃദയാവര്‍ജ്ജകമായ ഒരു കൃതിയാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്. മലയാളികളുടെ ഇടയില്‍ വളരെ പ്രചാരമുള്ള കൃതിയാണല്ലോ ഇത്, പ്രത്യേകിച്ചും കര്‍ക്കിടക മാസത്തില്‍ രാമായണം വായിക്കുക എന്ന ആചാരം എത്രയോ തലമുറകളായി കേരളത്തില്‍ നിലനില്ക്കുന്നു. വളരെയധികം സ്വാതന്ത്ര്യം ഉപയോഗിച്ച്‌ ഭക്തിഭാവം നിറഞ്ഞ് കവിഞ്ഞൊഴുകുന്ന ഒരു കൃതിയായാണ്. എഴുത്തച്ഛന്‍ കിളിപ്പാട്ട് രചിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ പരാഭക്തിവിശേഷം അത്ഭുതകരം തന്നെയാണ്
ഈ രാമായണത്തെ, അതിന്റെ ഇതിവൃത്തത്തെ, മലയാളം അറിയാത്തവര്‍ക്ക് വേണ്ടി പരിചയപ്പെടുത്തുവാനുള്ള വലിയൊരു പരിശ്രമമാണ് ‘Ramayanam in 30 Days’ എന്ന ഇംഗ്ലീഷ് ഗദ്യകൃതിയിലൂടെ ഡോ. സുകുമാര്‍ കാനഡ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പരിശ്രമം വിജയകരമായിരിക്കുന്നു എന്ന് പറയാന്‍ എനിക്ക് അനല്‍പ്പമായ സന്തോഷമുണ്ട്.
ഭാരതത്തില്‍ നിന്ന് വളരെ ദൂരെ കാനഡയില്‍ സ്ഥിരതാമസമാക്കി, തന്റെ ഔദ്യോഗിക കൃത്യങ്ങളില്‍ കുശലതയോടെ വ്യവഹരിക്കുന്ന ശ്രീ സുകുമാര്‍ജി സനാതന ധര്‍മ്മശാസ്ത്രങ്ങളിലും ആശയങ്ങളിലും അങ്ങേയറ്റം ആകൃഷ്ടനും അവയുടെ പ്രചരണത്തിനായി നിരന്തരം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്. വ്യക്തിപരമായും പല സംഘടനകളിലൂടെയും അദ്ദേഹമത് ചെയ്തു കൊണ്ടിരിക്കുന്നു. ആ ശാസ്ത്രധര്‍മ്മപ്രവര്‍ത്തനങ്ങളുടെ ഫലമായി ഒട്ടനവധി ലേഖനങ്ങള്‍ അദ്ദേഹം ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടതാണ് യോഗവാസിഷ്ഠത്തിന്റെ ഹൃദ്യസുന്ദരമായ മലയാള പരിഭാഷ. അത് ജന്മഭൂമിയില്‍ ഖണ്ഡശ അവതരിപ്പിക്കുകയും പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സജ്ജനശ്രദ്ധ അതിലേക്ക് ഉണ്ടാവട്ടെ എന്നുകൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭാഗവതം, ദേവീഭാഗവതം എന്നിവയും നിത്യപാരായണരൂപത്തില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ വിശിഷ്ട ഗ്രന്ഥത്തിന്റെ പ്രചാരത്തിനും വിജയത്തിനുമായി പ്രാര്‍ത്ഥിച്ചുകൊണ്ട്, സമൂഹം ഇതിനെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കട്ടെ എന്ന് സങ്കല്‍പ്പിച്ചു കൊണ്ട് ‘Ramayana in 30 Days – Based on Ezhutthachan’s Adhyatma Ramayanam Kilippaattu’ സജ്ജനസമക്ഷം സമര്‍പ്പിക്കുന്നു. ഇംഗ്ലീഷ് ഗദ്യത്തിലേക്ക് കിളിപ്പാട്ട് രാമായണത്തെ സുകുമാര്‍ജി അനുവാദം ചെയ്തിരിക്കുന്നത് വളരെ ഹൃദ്യമായ ശൈലിയിലാണ്. തീര്‍ച്ചയായും മലയാളികളുടെ ധര്‍മ്മാവബോധത്തിന് ഹേതുഭൂതവും അതുപോലെ ഒരു ഗൃഹാതുരത്വഭാവം അവര്‍ക്ക് നല്കുന്നതുമായ കിളിപ്പാട്ടിന്റെ സവിശേഷത മലയാളമറിയാത്തവര്‍ക്കുകൂടി എത്തിച്ചു കൊടുക്കാന്‍ ഈ ഗ്രന്ഥത്തിന് സാധിക്കട്ടെ. അതിനായി എല്ലാ ശുഭാശംസകളും നേര്‍ന്നുകൊളളുന്നു.

സ്വാമി ചിദാനന്ദപുരി

Related Articles

Back to top button