India

കളിപ്പാട്ട നിർമ്മാണം; ചൈനയുടെ മേൽക്കോയ്മ തകർക്കാൻ യുപി

“Manju”

നോയ്ഡ: കളിപ്പാട്ട നിർമാണത്തിൽ ചൈനയുടെ മേൽക്കോയ്മ തകർക്കാൻ ഒരുങ്ങുകയാണ് ഉത്തർപ്രദേശ്. യുപിയിലെ ഗൗതം ബുദ്ധ നഗർ രാജ്യത്തെ ഏറ്റവും വലിയ കളിപ്പാട്ട നിർമാണ ഹബ്ബായി മാറുകയാണെന്ന് യമുന എക്‌സ്പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി. 410.13 കോടി രൂപയുടെ നിക്ഷേപത്തിലാണ് 134 വൻകിട കളിപ്പാട്ട നിർമാണ കമ്പനികൾ നോയ്ഡയിലെ ടോയ് പാർക്കിൽ ചുവടുറപ്പിക്കുന്നത്.

6157 പേർക്ക് ഈ ഫാക്ടറികളിലൂടെ സ്ഥിരം ജോലി ലഭിക്കുമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. വർഷങ്ങളായി കളിപ്പാട്ട നിർമാണ മേഖലയിൽ ചൈന വലിയ മേൽക്കോയ്മയാണ് കൈയ്യാളുന്നത്. ചൈനയുടെ മേധാവിത്വം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയും കോടികളുടെ കളിപ്പാട്ട വിപണിയിലൂടെ രാജ്യത്തിന് മറ്റൊരു വരുമാനമേഖല തുറന്നിടാനും ടോയ്‌ക്കത്തോൺ ഉൾപ്പെടെയുളള പരിപാടികൾ കേന്ദ്രസർക്കാർ സംഘടിപ്പിച്ചു വന്നിരുന്നു. ആഗോള ടോയ് വിപണിയിൽ ഇന്ത്യയുടെ പങ്കാളിത്തം ഉയർത്തുകയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു ഇത്തരം പരിപാടികൾ.

ടോയ് പാർക്കിൽ കമ്പനികളുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാരും വ്യക്തമാക്കി. ഫൺ സൂ ടോയ്‌സ് ഇന്ത്യ, ഫൺ റൈഡ് ടോയ്‌സ് എൽഎൽപി, സൂപ്പർ ഷൂസ്, ആയുഷ് ടോയ് മാർക്കറ്റിങ്, സൺലോഡ് അപ്പാരൽസ്, ഭാരത് പ്ലാസ്റ്റിക്‌സ്, ആർആർഎസ് ട്രേഡേഴ്‌സ് തുടങ്ങി കളിപ്പാട്ട വിപണിയിലെ മുൻനിര ഇന്ത്യൻ കമ്പനികളും ടോയ് പാർക്കിൽ യൂണിറ്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നവരിൽ ഉണ്ട്. ഫൺ സൂ ടോയ്‌സ് ഇന്ത്യ, ഫൺ റൈഡ് ടോയ്‌സ് എൽഎൽപി തുടങ്ങിയ കമ്പനികൾ ഈ മേഖലയിലെ ചൈനയുടെ മേൽക്കോയ്മയെ വെല്ലുവിളിക്കാൻ ശേഷിയുളള സ്ഥാപനങ്ങളാണെന്ന് യമുന എക്‌സ്പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.

അസംഘടിത മേഖലയിൽ ചിതറിക്കിടക്കുന്ന നാലായിരത്തോളം ചെറുകിട സൂക്ഷ്മ ഇടത്തരം കളിപ്പാട്ട നിർമാണ കമ്പനികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുളള ശ്രമങ്ങൾക്കും സംസ്ഥാന സർക്കാർ തുടക്കമിട്ടിട്ടുണ്ട്. ഇന്ത്യയിൽ അസംഘടിത മേഖലയിലെ കമ്പനികൾ ഓരോ വർഷവും കയറ്റുമതി ചെയ്യുന്നത് 18 മുതൽ 20 ബില്യൻ രൂപയുടെ വരെ കളിപ്പാട്ടങ്ങളാണ്.

കളിപ്പാട്ട നിർമാണത്തിന് ആവശ്യമായ വസ്തുക്കളുടെ ഉയർന്ന വിലയാണ് ചൈനീസ് ഉത്പ്പന്നങ്ങളുമായി മത്സരിക്കുന്നതിൽ ഈ കമ്പനികൾക്ക് പ്രധാന വെല്ലുവിളിയാകുന്നത്. ഇതിന് പരിഹാരമായി കുറഞ്ഞ വിലയ്‌ക്ക് ഗുണനിലവാരം ഉറപ്പുവരുത്തി ഇത്തരം സാധനങ്ങൾ കമ്പനികൾക്ക് ലഭ്യമാക്കാനും യുപി ആലോചിക്കുന്നുണ്ട്.

2024 ഓടെ രാജ്യത്തെ കളിപ്പാട്ട വിപണി 147 ബില്യൻ മുതൽ 221 ബില്യൻ വരെയെത്തുമെന്നാണ് വിലയിരുത്തൽ. ഓരോ വർഷവും ആഭ്യന്തര വിപണിയിൽ 10 മുതൽ 15 ശതമാനം വരെ കളിപ്പാട്ടങ്ങളുടെ ആവശ്യകതയും വർദ്ധിക്കുന്നുണ്ട്. ഇതും കമ്പനികൾക്ക് ഗുണകരമാകും. ആഗോള വിപണിയിൽ ഇത് 5 ശതമാനം മാത്രമാണ്.

Related Articles

Back to top button