IndiaLatest

നീരജിന് പി ടി ഉഷയെ കാണണം

“Manju”

ന്യൂഡല്‍ഹി: കേരളത്തിലേക്ക് വരാനും പി ടി ഉഷയെ നേരിട്ട് കാണാനുമുള്ള ആഗ്രഹം പ്രകടിപ്പിച്ച്‌ ടോക്യോ ഒളിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. ഇന്നലെ ന്യൂഡല്‍ഹിയില്‍ ഒളിമ്ബിക്സ് ജേതാക്കള്‍ക്ക് പ്രധാനമന്ത്രി നല്‍കിയ സ്വീകരണത്തിനു ശേഷം ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നീരജ് തന്റെ ആഗ്രഹം വ്യക്തമാക്കിയത്. സംസ്ഥാനത്തു നിന്നും ക്ഷണം ലഭിച്ചാല്‍ തീര്‍ച്ചയായും കേരളത്തിലേക്ക് വരുമെന്നും പി ടി ഉഷയെ കാണുമെന്നും നീരജ് പറഞ്ഞു. ടോക്യോ ഗെയിംസില്‍ പുരുഷവിഭാഗം ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റാണ്.
അതേസമയം 2015ല്‍ നാഷണല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതാണ് തന്റെ സ്പോര്‍ട്സ് ജീവിതത്തിലെ ഈ നേട്ടങ്ങള്‍ക്കെല്ലാം കാരണമെന്ന് നീരജ് വെളിപ്പെടുത്തി. അതിനു മുമ്പ് താന്‍ തന്നെ പാകം ചെയ്യുന്ന ഭക്ഷണം ആയിരുന്നു കഴിച്ചിരുന്നത്. മികച്ച പരിശീലനം തന്നെയായിരുന്നു അപ്പോഴും ചെയ്തിരുന്നതെങ്കിലും ആധുനിക പരിശീലനത്തിനു വേണ്ട സൗകര്യങ്ങള്‍ ലഭിച്ചത് നാഷണല്‍ ക്യാമ്പില്‍ പങ്കെടുത്തതിനു ശേഷമായിരുന്നെന്ന് നീരജ് വ്യക്തമാക്കി. അത് കൂടാതെ ക്യാമ്പില്‍ ഉള്ള മറ്റ് സീനിയര്‍ താരങ്ങളെ കാണുമ്പോഴും അവരോട് സംസാരിക്കുമ്പോഴും തനിക്ക് ഇതിലേറെ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്ന തോന്നല്‍ ഉണ്ടായെന്ന് നീരജ് പറഞ്ഞു. തന്റെ അടുത്ത ലക്ഷ്യം ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പാണെന്നും ഒളിമ്പിക്സിലെ അതേ പ്രകടനം തന്നെ അവിടെയും പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും നീരജ് പറഞ്ഞു.

Related Articles

Back to top button