KeralaLatestThiruvananthapuram

എലിപ്പനി: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

“Manju”

തിരുവനന്തപുരം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. എലിപ്പനി ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ അടിയന്തര ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു അറിയിച്ചു.

എലിമൂത്രത്തില്‍നിന്നാണ് എലിപ്പനി മനുഷ്യരിലേക്കു പകരുന്നത്. എലി മൂത്രത്തിലൂടെ മണ്ണിലും വെള്ളത്തിലും എത്തുന്ന രോഗാണുക്കള്‍ മനുഷ്യ ശരീരത്തിലെ മുറിവുകള്‍ വഴിയോ കണ്ണിലെയും മൂക്കിലേയും വായിലേയും ശ്ലേഷമ സ്ഥരങ്ങള്‍ വഴിയോ ശരീരത്തില്‍ എത്തുമ്ബോഴാണു രോഗമുണ്ടാകുന്നത്. കടുത്ത പനി, തലവേദന, പേശിവേദന, വിറയല്‍, കണ്ണിനു ചുവപ്പുനിറം, മൂത്രത്തിനു മഞ്ഞ നിറം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍.

എലിപ്പനി മാരകമാകാമെന്നതിനാല്‍ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഇ-സഞ്ജീവനീയിലൂടെയോ വീട്ടിലിരുന്നോ ചികിത്സ തേടണം. തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, വയലുകളില്‍ പണിയെടുക്കുന്നവര്‍, റോഡ്, തോട് കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവര്‍, തുടങ്ങി ജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ ജാഗ്രത പാലിക്കണം. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ആഴ്ചയിലൊരിക്കല്‍ 200 മില്ലിഗ്രാം ഡോക്‌സിസൈക്ലിന്‍ ഭക്ഷണത്തിനുശേഷം കഴിക്കണം.

ജോലിസ്ഥലത്ത് കൈയുറ, കാലുറ എന്നിവ ധരിക്കണം. കുട്ടികള്‍ മലിനജലത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. എലി നശീകരണം ആണ് എലിപ്പനിയുടെ പ്രധാന പ്രതിരോധ നടപടി എന്നതിനാല്‍ ചപ്പുചവറുകള്‍ കൂട്ടിയിടാതിരിക്കാനും മാലിന്യങ്ങള്‍ വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്‌കരിക്കാനും പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

Related Articles

Back to top button