IndiaLatest

വാക്സിന്‍ ഇടകലര്‍ത്തി നല്‍കുന്നത് കൂടുതല്‍ ഫലപ്രദമെന്ന് ഐസിഎംആര്‍

“Manju”

ന്യൂഡല്‍ഹി: കൊറോണ വൈറസ് മഹാമാരി പ്രവചനാതീതമായി  മുന്നേറിക്കൊണ്ടിരിക്കുകയാണ്. വൈറസിന് പലവിധ മ്യൂട്ടേഷനുകള്‍ സംഭവിക്കുന്നത് നിലവിലെ ആന്റിബോഡികളെ തകര്‍ക്കുകയും ചികിത്സയെ വരെ ബാധിക്കുകയും ചെയ്തേക്കാം. വൈറസിനെതിരെ പ്രവര്‍ത്തിക്കാനുള്ള പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഒരേയൊരു ഘടകം വാക്സിനാണ്. ഇന്ത്യയില്‍ ലഭ്യമായ കോവാക്സിന്‍, കൊവീഷീല്‍ഡ് വാക്സിനുകള്‍ ഇടകടലര്‍ത്തി സ്വീകരിച്ചാല്‍ അത് കൂടുതല്‍ മെച്ചപ്പെട്ട പ്രതിരോധശേഷി വാഗ്ദാനം ചെയ്യുമെന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) കണ്ടെത്തിയിരിക്കുന്നത്.

അബദ്ധത്തില്‍ നിന്നുള്ള കണ്ടെത്തല്‍ യുപിയിലെ സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയിലെ 20ഓളം ആളുകള്‍ക്ക് അബദ്ധത്തില്‍ രണ്ട് വാക്സിനുകളുടെയും ഓരോ ഡോസ് വീതം നല്‍കിയിരുന്നു. ഏപ്രില്‍ ആദ്യവാരം കോവിഷീല്‍ഡ് ഷോട്ട് സ്വീകരിച്ച ഇവര്‍ക്ക് തുടര്‍ന്ന് മേയ് 14 ന് കോവാക്സിന്‍ ഡോസ് നല്‍കി. അബദ്ധത്തില്‍ സംഭവിച്ചതാണെങ്കിലും വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രതികൂലമായി ഒന്നും സംഭവിച്ചില്ല. തുടര്‍ന്ന് ഐസിഎംആര്‍ ഗവേഷകര്‍ “ഉത്തര്‍പ്രദേശിലെ കോവിഡ് -19 വാക്സിന്‍-മിക്സ്” പഠന വിഷയമാക്കുകയായിരുന്നു. രണ്ട് വാക്സിനുകളുടെയും ഓരോ ഡോസ് വീതം സ്വീകരിക്കുന്നത് കോവിഡ് പ്രതിരോധത്തില്‍ സഹായകരമാണോ അതോ ദോഷകരമാണോ എന്ന് പരിശോധിക്കുന്നതിനായാണ് പഠനം നടത്തിയത്. എന്തായാലും പഠനത്തില്‍ നിന്നുള്ള കണ്ടെത്തലുകള്‍ പോസിറ്റീവ് ആയിരുന്നു.

ഐസിഎംആര്‍ ഗവേഷകര്‍ കോവിഷീല്‍ഡ് അല്ലെങ്കില്‍ കോവാക്സിന്‍ ഷോട്ടിന്റെ രണ്ട് ഡോസുകള്‍ സ്വീകരിച്ച 40 പേരടങ്ങുന്ന രണ്ട് ഗ്രൂപ്പുകളുമായി രണ്ട് വ്യത്യസ്ത വാക്സിനുകള്‍ സ്വീകരിച്ച 18 പേരുടെ പ്രതിരോധശേഷിയുമായി താരതമ്യം ചെയ്യാന്‍ ശ്രമിച്ചു. മൂന്ന് ഗ്രൂപ്പുകളിലെയും പ്രതിരോധ കുത്തിവയ്പ്പിനെത്തുടര്‍ന്നുണ്ടായ പ്രതികരണങ്ങള്‍ പരിശോധിച്ചു. മിശ്രണം മൂലം 18 പേരടങ്ങിയ ഗ്രൂപ്പില്‍ അമിതമായ പ്രതികരണങ്ങളൊന്നും കണ്ടെത്തിയില്ല. ഇത് “കോമ്പിനേഷന്‍ വാക്സിന്റെ സുരക്ഷ അടിവരയിടുന്നതായി” പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

ഇത്തരത്തില്‍ ഇടകലര്‍ത്തി വാക്സിന്‍ സ്വീകരിക്കുന്ന കൊറോണ വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വേരിയന്റുകള്‍ക്കെതിരായ പ്രതിരോധശേഷിയില്‍ മികച്ചതാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി. രണ്ട് കോവിഡ് വാക്സിനും ചേര്‍ന്നുള്ള പ്രതിരോധ കുത്തിവയ്പ്പ് സുരക്ഷിതമാണെന്ന് മാത്രമല്ല, മികച്ച രോഗപ്രതിരോധ ശേഷി ഉണ്ടാക്കുകയും ചെയ്തുവെന്ന് ഗവേഷകര്‍ പറയുന്നു.

Related Articles

Back to top button