InternationalLatest

താലിബാനുമായി സമവായ നീക്കത്തിനൊരുങ്ങി അഫ്ഗാന്‍ ഭരണകൂടം 

“Manju”

കാബുള്‍: അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന നഗരമായ ഗസ്‌നി പിടിച്ചെടുത്ത താലിബാനുമായി സര്‍ക്കാര്‍ സമവായ നീക്കത്തിലേക്കെന്ന് റിപ്പോര്‍ട്ട്. താലിബാനുമായി അഫ്ഗാന്‍ ഭരണകൂടം അധികാരം പങ്കിടാന്‍ തയ്യാറാണെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. രാജ്യത്ത് നിരന്തരം അക്രമസംഭവങ്ങള്‍ അരങ്ങേറുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സമവായ നീക്കങ്ങളുമായി താലിബാനെ സമീപിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
താലിബാന്‍ ഇപ്പോള്‍ പിടിച്ചെടുത്തിരിക്കുന്ന ഗസ്‌നി, തലസ്ഥാന നഗരമായ കാബുളില്‍ നിന്നും 150 കിലോമീറ്റര്‍ മാത്രം ദൂരെയാണെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ താലിബാന്‍ കീഴടക്കുന്ന പത്താമത്തെ പ്രവിശ്യാ തലസ്ഥാനമാണ് ഗസ്‌നി എന്നതും സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
ഗവര്‍ണറുടെ ഓഫിസ്, പൊലീസ് ആസ്ഥാനം, ജയില്‍ എന്നിവ താലിബാന്റെ നിയന്ത്രണത്തിലായതായി പ്രവിശ്യാ കൗണ്‍സില്‍ നേതാവ് നാസിര്‍ അഹമ്മദ് ഫഖിരിയെ ഉദ്ധരിച്ചു കൊണ്ട് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ഗസ്നി നഗരം പിടിച്ചെടുത്തതായി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി താലിബാനും രംഗത്തെത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഗസ്‌നി പിടിച്ചെടുത്തതിലൂടെ കടുത്ത പ്രതിസന്ധിയിലേക്കാണ് അഫ്ഗാന്‍ ഭരണകൂടം ചെന്നെത്തിയിരിക്കുന്നത്.
മൂന്ന് മാസത്തിനുള്ളില്‍ താലിബാന്‍ കാബുള്‍ കയ്യടക്കുമെന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ശരിവെയ്ക്കുന്ന നീക്കമാണ് ഭീകരരുടെ ഭാഗത്തുനിന്നും ഉണ്ടായികൊണ്ടിരിക്കുന്നത് എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.

Related Articles

Back to top button