KeralaLatestThiruvananthapuram

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനയ്ക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ്

“Manju”

തിരുവനന്തപുരം: ഓണം അടുത്തതോടെ ജില്ലയില്‍ ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ജില്ലാ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടപടികള്‍ തുടങ്ങി. ഇതിനായി സ്‌പെഷ്യല്‍ സ്‌ക്വാഡുകളെ നിയോഗിച്ചു. ഭക്ഷ്യനിര്‍മ്മാണ യൂണിറ്റുകള്‍,​ ബേക്കറികള്‍,​ റസ്‌റ്റോറന്റുകള്‍,​ ഗ്രോസറി ഷോപ്പുകള്‍,​ പച്ചക്കറി മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധനകള്‍ നടത്തും.ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ്

നാല് സ്‌ക്വാഡുകളെയാണ് പരിശോധനയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങും. അടുത്ത രണ്ടാഴ്‌ചത്തേക്ക് സ്‌ക്വാഡുകള്‍ സജീവമായി രംഗത്തുണ്ടാകും. നഗരം മാത്രം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമല്ല,​ മറിച്ച്‌ ജില്ലയിലാകെ പരിശോധന നടത്തുമെന്ന് ഫുഡ് സേഫ്‌റ്റി കമ്മിഷണര്‍ അലക്‌സ് കെ. ഐസക്ക് പറഞ്ഞു.

പാല്‍,​ എണ്ണ,​ ചിപ്‌സ്,​ മറ്റ് ലഘുഭക്ഷണങ്ങള്‍ എന്നിവയ്‌ക്ക് ആവശ്യം ഏറുന്ന സമയമാണ് ഓണക്കാലം. അതുകൊണ്ടു തന്നെ ഇത്തരം ഭക്ഷ്യവസ്തുക്കളില്‍ ശരീരത്തിന് ഹാനികരമായ കൃത്രിമ നിറങ്ങളും മറ്റും ചേര്‍ത്ത് ഭക്ഷണം ആകര്‍ഷകമാക്കാനുള്ള ശ്രമങ്ങള്‍ നടക്കും. ഇത്തരം സിന്തറ്റിക്കുകളുടെ ഉപയോഗം തടയുകയും നിര്‍മ്മാണ, കാലാവധി തീയതികള്‍ വ്യക്തമാക്കുന്ന ഉല്‍പ്പന്നങ്ങള്‍ മാത്രമേ മാര്‍ക്കറ്റുകളില്‍ വില്‍ക്കാന്‍ അനുവദിക്കുയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കൃത്രിമ നിറങ്ങളുടെ ഉപയോഗം ഹൃദയത്തിനും വൃക്കകള്‍ക്കും സാരമായ തകരാറുണ്ടാക്കുന്നതാണ്.

ലോക്ക് ഡൗണിനെ തുടര്‍ന്ന് മിക്ക കടകളും ദീര്‍ഘനാളായി അടഞ്ഞ് കിടക്കുകയായിരുന്നു. ഓണം സീസണ്‍ ആയതോടെ ഇവയൊക്കെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. കടകള്‍ തുറക്കുമ്പോള്‍ വൃത്തിയും വെടിപ്പും കാത്തുസൂക്ഷിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനാല്‍, കടകളില്‍ നിന്ന് ഭക്ഷണ സാധനങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധന നടത്തും. ക്രമക്കേട് കാണിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

ജൂലായില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ഭക്ഷ്യസുരക്ഷാ അധികൃതര്‍ 650 ഓളം സാമ്പിളുകള്‍ പരിശോധനയ്‌ക്കായി എടുത്തിരുന്നു. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുകയാണ് പരിശോധനകളിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം 362 പരിശോധനകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയത്. 481 ഭക്ഷ്യസാമ്പിളുകള്‍ മൊബൈല്‍ പരിശോധനാ ലാബിലൂടെയാണ് പരിശോധിച്ചത്.

Related Articles

Back to top button