IndiaKeralaLatest

മേയര്‍ക്ക് ഭരണം ‘കുട്ടിക്കളി’,ആരോപണവുമായി ബിജെപി

“Manju”

തിരുവനന്തപുരം: മേയര്‍‌ക്ക് കോര്‍പ്പറേഷന്‍ ഭരണം കുട്ടിക്കളിയെന്ന ആരോപണവുമായി ബിജെപി രംഗത്ത്. വാര്‍ഷിക പദ്ധതി തയ്യാറാക്കുന്ന യോഗങ്ങളില്‍ പോലും പങ്കെടുക്കാതെ മേയര്‍ ആര്യ രാജേന്ദ്രന്‍ കോര്‍പ്പറേഷന്‍ ഭരണം കുട്ടിക്കളിയാക്കിയെന്ന് ആരോപിച്ച്‌ സമരത്തിനൊരുങ്ങുകയാണ് ബിജെപി കൗണ്‍സിലര്‍മാര്‍.

നഗരസഭയുടെ വികസന അജണ്ട നിശ്ചയിക്കേണ്ട പല തീരുമാനങ്ങളും കൈക്കൊള്ളുന്നത് വികസന സെമിനാറിലാണ്. എംഎല്‍എമാര്‍ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ മേയറുടെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമാണ്. മുന്‍വര്‍ഷങ്ങളിലൊക്കെ ഇതേ മാതൃകയില്‍ തന്നെയാണ് യോഗം നടന്നിട്ടുള്ളതെന്ന് ബിജെപി പറയുന്നു. എന്നാല്‍ കാര്യഗൗരവം മനസിലാക്കാതെയാണ് മേയര്‍ വിട്ടുനില്‍ക്കുന്നതെന്നാണ് ഇവരുടെ ആരോപണം.

ഡെപ്യൂട്ടി മേയര്‍ പങ്കെടുത്തെങ്കിലും ദേഹാസ്വസ്ഥ്യത്തിന്റെ പേരില്‍ ഉടനെ മടങ്ങുകയായിരുന്നു. യോഗം വിളിച്ചുകൂട്ടിയ മേയര്‍ പാര്‍ട്ടി പരിപാടിക്കായി കണ്ണൂര്‍ക്ക് പോയി. ഭരണത്തെക്കുറിച്ച്‌ ഒന്നും അറിയാതെ നേതാക്കന്‍മാര്‍ പറയുന്നതനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.

ത്രികോണ മല്‍സരം പ്രതീക്ഷിക്കുന്ന നേമം,വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം എന്നീ നാല് മണ്ഡലങ്ങളാണ് കോര്‍പ്പറേഷനിലുള്ളത്. അതുകൊണ്ടുതന്നെ കോര്‍പ്പറേഷനില്‍ വിദ്യാര്‍ത്ഥിനിയെ മേയറാക്കി സിപിഎം നേടിയ മേല്‍ക്കൈക്ക്, ‘റബ്ബര്‍ സ്‌റ്റാമ്ബ് പദവി എന്ന ആരോപണം ഉയര്‍ത്തി തിരിച്ചടിക്കാനാണ് ബിജെപിയുടെ നീക്കം

അതേസമയം, യോഗം അതീവപ്രധാനമല്ലായിരുന്നെന്നും, വികസനസെമിനാറില്‍ പങ്കെടുത്തില്ലെന്നത് രാഷ്ട്രീയ ആരോപണം മാത്രമെന്നുമാണ് മേയറുടെ മറുപടി. എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണപ്രതിസന്ധിയുണ്ടെന്ന് ചില ഉദ്യോഗസ്ഥരും സമ്മിതിക്കുന്നുണ്ട്. സുപ്രധാനമായ റവന്യൂ വകുപ്പിലടക്കം പലയിടത്തും ഉദ്യോഗസ്ഥര്‍ അവധിയിലാണ്. ഇതുകാരണം ഫയല്‍ നീക്കം സ്തംഭവനാവസ്ഥയിലാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

 

 

 

 

 

 

Related Articles

Back to top button