KeralaLatest

ആലുവ-മൂന്നാര്‍ റോഡ് വികസനം വേഗത്തിലാക്കും; മന്ത്രി മുഹമ്മദ്‌ റിയാസ്

“Manju”

കോതമംഗലം : ജില്ലയിലെ വിനോദസഞ്ചാര വികസനത്തിന് കൂടുതല്‍ ഉണര്‍വേകാന്‍ ആലുവ മൂന്നാര്‍ രാജപാത തുറക്കുന്നതിന് വനം വകുപ്പുമായി ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ വേഗത്തിലാക്കും. രാജപാത തുറന്നാല്‍ കോതമംഗലത്ത് നിന്നും മൂന്നാര്‍ വരെ 60 കിലോമീറ്റര്‍ മാത്രം. റോഡ് പുനസ്ഥാപിച്ചാല്‍ ആലുവ – മൂന്നാര്‍ രാജപാത മൂന്നാറിലേക്ക് സമാന്തരപാതയാകും.

തിരുവിതാംകൂര്‍ രാജഭരണകാലത്ത് നിര്‍മ്മിച്ച “ആലുവ – മൂന്നാര്‍ രാജപാത ” ആലുവയില്‍ നിന്ന് ആരംഭിച്ച്‌ കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, തോള്‍നട, കുഞ്ചിയാറ്, കരിന്തിരി പെരുമ്പന്‍കുത്ത്, മാങ്കുളം വഴി മൂന്നാറില്‍ എത്തുന്നതായിരുന്നു. മൂന്നാറിലേക്കുള്ള യാത്രയില്‍ കൊടും വളവുകളോ കുത്തനെയുള്ള കയറ്റിറക്കങ്ങളോ ഇല്ലാത്ത റോഡ് 1924 ലെ വെള്ളപ്പൊക്കത്തില്‍ കരിംതിരി മലയിടിഞ്ഞ് റോഡ് ഭാഗികമായി തകരുകയായിരുന്നു. അടുത്ത കാലം വരെ കുറത്തിക്കുടി, മേട്നാ പാറ, ഞണ്ടുകളം പ്രദേശങ്ങളിലെ ആളുകള്‍ വാഹന ഗതാഗതത്തിന് ഉപയോഗിച്ചിരുന്ന റോഡ് കുറച്ച്‌ നാളുകളായി വനം വകുപ്പ് അധികൃതര്‍ പൂയംകുട്ടിക്ക് സമീപം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച്‌ യാത്ര തടസ്സപ്പെടുത്തിയിരിക്കുകയാണ്.

വനം വകുപ്പുമായി ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു. ഇത് സംബന്ധിച്ച്‌ ആന്റണി ജോണ്‍ എംഎല്‍എയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റോഡ് വികസനവുമായി ബന്ധപ്പെട്ട് ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റ് തയ്യാറാക്കുവാന്‍ അനുവദിക്കണമന്ന് ആവശ്യപ്പെട്ടു കൊണ്ട് നിരത്ത് വിഭാഗം ചീഫ് എന്‍ജിനീയര്‍ വനം വകുപ്പിന്റെ കോടനാട്, കോതമംഗലം, മൂന്നാര്‍ ഡിവിഷന്‍ ഓഫീസുകളിലേക്ക് അപേക്ഷ നല്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വനം വകുപ്പുമായി കൂടി ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചു.

Related Articles

Back to top button