KeralaLatest

സമ്പൂര്‍ണ വാക്‌സിനേഷന്‍ ജില്ലയായി വയനാട്

“Manju”

കല്‍പ്പറ്റ: രണ്ട് ദിവസങ്ങളിലായി നടന്ന മെഗാ വാക്‌സിനേഷന്‍ ഡ്രൈവിലൂടെ സമ്പൂര്‍ണ വാക്‌സിനേഷന്‍ ജില്ലയായി വയനാട്. ജില്ലയില്‍ 18 വയസിനു മുകളിലുള്ള അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശപ്രകാരം ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. 6,15,729 പേരാണ് വയനാട്ടില്‍ വാക്‌സിന്‍ സ്വീകരിച്ചത്. 2,13,277 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.

ഏറ്റവുമധികം ആദിവാസികളുള്ള പുല്‍പ്പള്ളി, നൂല്‍പ്പുഴ, വൈത്തിരി പഞ്ചായത്തുകളില്‍ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. ഓരോ തദ്ദേശസ്ഥാപനങ്ങളും തയ്യാറാക്കിയ വാക്‌സിനേഷന്‍ പദ്ധതി അനുസരിച്ചാണ് ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നത്. മൂന്ന് മാസത്തിനിടെ കൊറോണ സ്ഥിരീകരിച്ചവര്‍, വാക്‌സീന്‍ സ്വീകരിക്കാന്‍ പാടില്ലാത്തവര്‍, സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍, കണ്ടെയ്ന്‍മെന്റ് സോണുകളിലും ക്ലസ്റ്ററുകളിലുമുള്ളവര്‍ എന്നിവര്‍ക്കൊഴികെ എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കാനായിട്ടുണ്ട്.

ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി സജ്ജീകരിച്ച വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ ഓരോ കേന്ദ്രങ്ങളിലും ഒരു ഡോക്ടര്‍, 3 നഴ്‌സുമാര്‍, ഒരു ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെയും നിയോഗിച്ചിരുന്നു. ഗോത്ര ഊരുകള്‍ കേന്ദ്രീകരിച്ച്‌ മൊബൈല്‍ ടീമുകളും പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി. 13 മൊബൈല്‍ ടീമുകളെയാണ് ഇതിനായി സജ്ജീകരിച്ചത്. സംസ്ഥാനത്ത് 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് പൂര്‍ണമായും വാക്‌സിനേഷന്‍ നടത്തിയ ജില്ലകളെന്ന ബഹുമതി നേരത്തെ വയനാടും കാസര്‍ഗോഡും പങ്കിട്ടിരുന്നു.

Related Articles

Back to top button