LatestThiruvananthapuram

സംഗീതസാന്ദ്രമായ പൊന്നോണസദ്യ ഒരുക്കി ജനമൈത്രി പൊലീസ്

“Manju”

തിരുവനന്തപുരം: നല്ലോണം പൊന്നോണം, ജനമൈത്രി പൊലീസിന്റെ ഓണപ്പാട്ടുകളും ബോധവല്‍ക്കരണ പരിപാടിയും റിലീസ് ചെയ്തു. സാമൂഹിക അകലവും മാനസിക അടുപ്പവും ഒത്തുചേര്‍ത്ത് സമുചിതമായി ഓണമാഘോഷിക്കാന്‍ സന്ദേശം നല്‍കുകയാണ് പൊലീസ് ഈ സംഗീത ആല്‍ബത്തിലൂടെ. കോവിഡ് ഉയര്‍ത്തുന്ന പ്രതിസന്ധികളില്‍ നിന്ന് ഓണക്കാലത്ത് അതിജീവനത്തിന്റെ പുതുവഴി തേടുന്ന ഓരോ മലയാളിക്കും സംഗീതസാന്ദ്രമായ പൊന്നോണസദ്യ ഒരുക്കിയിരിക്കയാണ് ഇത്തരമൊരു പരിപാടിയിലൂടെ ജനമൈത്രി പൊലീസ്.
എ ഡി ജി പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുളള പൊലീസ് ഓര്‍ക്കസ്ട്ര ടീമാണ് മലയാളികളില്‍ ഗൃഹാതുരസ്മരണ ഉണര്‍ത്തുന്ന ഓണപ്പാട്ടുകളുമായി ഈ ഓണക്കാലത്ത് രംഗത്തെത്തിയിരിക്കുന്നത്. മഹാമാരിയുടെ ആശങ്കകള്‍ക്കിടയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കഴിയുന്നത്ര പാലിച്ച്‌ വീട്ടിലൊതുങ്ങി ഓണമാഘോഷിക്കാന്‍ ആഹ്വാനം ചെയ്യുന്നതിനൊപ്പം ആഘോഷങ്ങള്‍ക്ക് പകിട്ടൊട്ടും കുറയാതിരിക്കാനും ഈ സംഗീതവിരുന്നൊരുക്കുന്നതിലൂടെ പൊലീസ് ലക്ഷ്യമിടുന്നു.
രാഗവിസ്താരമുള്‍പെടെ വിവിധ രാഗങ്ങളിലെ സിനിമാഗാനങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന രാഗമാലിക എന്ന ആദ്യഭാഗം വ്യത്യസ്ത സംഗീത അനുഭവമാണ് നല്‍കുന്നത്. ജനമൈത്രി പൊലീസ് ഡയറക്ടറേറ്റ് രചനയും സംവിധാനവും നിര്‍വഹിച്ച ചിങ്ങമായി അത്തമായി എന്ന പുത്തന്‍ ഓണപ്പാട്ട് ഓണാരവങ്ങള്‍ ഉയര്‍ത്തി മുന്നേറാന്‍ കാഴ്ചക്കാരെ പ്രേരിപ്പിക്കുന്നു.
ഓണത്തിന്റെ ആരവവും ആഘോഷവും ജനമനസുകളില്‍ എന്നും നിലനിര്‍ത്തുന്ന ഉത്രാടപ്പൂനിലാവേ, പൊന്നോണം വന്നു പൂംപട്ട്, അത്തക്കളത്തിന് പൂതേടുമ്ബോള്‍, കതിര് കതിര് കതിര് കൊണ്ട്, ഓണപ്പൂവേ ഓമല്‍പ്പൂവേ, അത്തപ്പൂവും നുളളി തൃത്താപ്പൂവും നുളളി, ഓണക്കോടി ഉടുത്തൂ മാനം എന്നിവയാണ് കേരളാ പൊലീസിന്റെ ഓണസമ്മാനത്തിലുളള ഗാനങ്ങളില്‍ ചിലത്. ഒപ്പം ജനമൈത്രി നാടകടീമിന്റെ കോവിഡ് ബോധവത്ക്കണ സ്‌കിറ്റും ഉള്‍പെടുത്തിയിട്ടുണ്ട്.
മനോഹരമായ ഓണക്കാഴ്ചകള്‍കൊപ്പം ചിത്രീകരിച്ചിരിക്കുന്ന നല്ലോണം പൊന്നോണം പരിപാടി സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക് പേജില്‍ റിലീസ് ചെയ്ത പരിപാടി ആദ്യ മണിക്കൂറില്‍തന്നെ ആയിരക്കണക്കിന് പേരാണ് വീക്ഷിച്ചത്.
എ ഡി ജി പി എസ് ശ്രീജിത് നയിച്ച ഗാനമാലികയില്‍ ഒമ്ബത് പാട്ടുകളാണ് ഉള്‍കൊളളിച്ചിട്ടുളളത്. പൊലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് റാഫി പി, ശ്യാം രഞ്ജ് ആര്‍ എസ്, ആര്യാദേവി, നിമി രാധാകൃഷ്ണന്‍, ശരത് കെ പി എന്നിവരാണ് മറ്റ് ഗായകര്‍.
പൊലീസ് ഓര്‍കസ്ട്ര ടീമിലെ രതീഷ് വി എസ്, ജോണിദേവ് ഡി പി, സുരേഷ് ബാബു എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ നേതൃത്വത്തില്‍ ചിത്രീകരിച്ച ഈ ഓണപ്പരിപാടിയുടെ ഏകോപനം നിര്‍വഹിച്ചിരിക്കുന്നത് എ ഡി ജി പി മനോജ് എബ്രഹാം ആണ്.
കോവിഡ് മഹാമാരിക്ക് ശേഷമുളള രണ്ടാമത്തെ ഓണക്കാലത്ത് സന്തോഷത്തിന് ഇടിവ് വരാതെ കൊറോണ പ്രതിരോധം തീര്‍ത്ത് സുരക്ഷിതമായി ഓണമാഘോഷിക്കാന്‍ അപേക്ഷിക്കുന്നതോടൊപ്പം പ്രതീക്ഷയുടെ പൊന്നോണം ആശംസിക്കുകയുമാണ് കേരളാ പൊലീസ് ഈ സംഗീതസദ്യയിലൂടെ.

Related Articles

Back to top button