KeralaLatestThiruvananthapuram

സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങളില്ല; ഞായറാഴ്ച ലോക്ഡൗണ്‍ തുടരും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമെടുത്തത്.

കടകള്‍ക്കുളള ഇളവുകള്‍ക്ക് മാറ്റമില്ല. ഞായറാഴ്ച ലോക്ഡൗണും തുടരും.പുതിയ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. രോഗം കൂടുതലുള്ള സ്ഥലങ്ങളില്‍ മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തും. കടകളുടെ പ്രവര്‍ത്തനത്തിനു നിലവിലെ ഇളവുകള്‍ തുടരാനും തീരുമാനമായി. രോഗവ്യാപനം കൂടുതലുള്ള സ്ഥലത്തുനിന്ന് 100 മീറ്റര്‍ പരിധിയായിരിക്കും നിയന്ത്രണത്തിനായി കണക്കാക്കുക.

വാക്സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ ടെസ്റ്റിംഗ് വ്യാപകമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകനയോഗത്തില്‍ നിര്‍ദ്ദേശിച്ചു. ആദ്യ ഡോസ് വാക്‌സിനേഷന്‍ എഴുപത് ശതമാനത്തില്‍ കൂടുതല്‍ പൂര്‍ത്തീകരിച്ച ജില്ലകള്‍ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്‌സിനേഷന്‍ പൂര്‍ണമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

നിലവില്‍ സംസ്‌ഥാനത്തിന്റെ പക്കല്‍ പതിനാറ് ലക്ഷം സിറിഞ്ചുകള്‍ ലഭ്യമാണ്. കൂടുതല്‍ സിറിഞ്ചുകള്‍ ലഭ്യമാക്കാനും സമാഹരിക്കാനും നടപടിയെടുക്കും.പത്ത് ലക്ഷം വാക്‌സിന്‍ ഡോസുകള്‍ കെ.എം എസ്. സി. എല്‍ നേരിട്ട് വാക്‌സിന്‍ ഉത്പ്പാദകരില്‍ നിന്ന് വാങ്ങിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും മറ്റു സ്വകാര്യ സ്‌ഥാപനങ്ങളും വഴി ഇത് നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനുകള്‍ അഞ്ച് ശതമാനത്തില്‍ കൂടുതലാണ്. ഈ ജില്ലകളില്‍ ജനിതക പഠനം നടത്താന്‍ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.ഓരോ തദ്ദേശ സ്‌ഥാപന അതിര്‍ത്തിയിലും എത്ര വാക്‌സിനേഷനുകള്‍ നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Related Articles

Back to top button