InternationalLatest

ഐഎസിന്റെ പിന്‍ഗാമി താലിബാന്‍?

“Manju”

കന്യകമാരെ വിൽപ്പനയ്ക്ക്, ലൈംഗിക അടിമയാക്കപ്പെട്ട സ്ത്രീകൾ ഗർഭിണിയാകാതിരിക്കാൻ മരുന്നുകൾ: ഐഎസിന്റെ പിൻഗാമി താലിബാൻ? | taliban|IS|sabarimala issue ...

കാബൂള്‍: താലിബാന്‍ ഭീകരത ഒരിക്കല്‍ അനുഭവിച്ചറിഞ്ഞവരാണ് അഫ്ഗാന്‍ ജനത. തിരിച്ചുവരവില്‍ താലിബാനെ അവര്‍ അത്രമേല്‍ ഭയക്കുന്നതും അതുകൊണ്ടു തന്നെ. സ്ത്രീകളുടെയും കുട്ടികളുടെയും സ്വതന്ത്ര ജീവിതത്തിനു ബോര്‍ഡര്‍ വരികയാണ്. പഴയ ശരീയത്ത് നിയമം വീണ്ടും നടപ്പാക്കാന്‍ താലിബാന്‍ തയ്യാറായാല്‍ താറുമാറാകുന്നത് അഫ്‌ഗാനിലെ സ്ത്രീകളുടെ ജീവിതമാണ്. പഴയ നിയമങ്ങള്‍ ഉണ്ടാകില്ലെന്നും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടാകുമെന്നും താലിബാന്‍ അവകാശപ്പെടുമ്ബോഴും അവരുടെ പ്രവര്‍ത്തികള്‍ ജനങ്ങള്‍ക്ക് സമ്മാനിക്കുന്നത് സമാധാനമോ സുരക്ഷിതത്വമോ അല്ല, പകരം ഭയമാണ്.
തല മുതല്‍ പാദം വരെ മൂടുന്ന ഒറ്റവസ്ത്രമായ ബുര്‍ഖ ധരിക്കാത്തതിന്റെ പേരില്‍ പൊതുമധ്യത്തില്‍ വെച്ച്‌ കഴിഞ്ഞ ദിവസം താലിബാന്‍ തീവ്രവാദി ഒരു സ്ത്രീയെ വെടിവെച്ച്‌ കൊലപ്പെടുത്തിയതും മാതാപിതാക്കളുടെ കയ്യില്‍ നിന്നും ചെറിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതും താലിബാന്റെ ‘ക്രൂര’ മുഖം തെളിയിക്കുന്ന സംഭവങ്ങളായിരുന്നു. താലിബാന്റെ സ്ത്രീകളോടുള്ള സമീപനം കാണുമ്ബോള്‍ ലോകജനതയ്ക്ക് ‘ഐ.എസ്’ ഭീകരരുമായി സാമ്യം തോന്നുന്നുണ്ടെങ്കില്‍ അത് യാദൃശ്ചികമല്ല. കാരണം, താലിബാനും ഐഎസും തമ്മില്‍ അധികം ദൂരവ്യത്യാസമില്ല, ഇരുവരുടെയും കാഴ്ചപ്പാടുകള്‍ ഏതാണ്ട് ഒരുപോലെയാണ്. സ്ത്രീകളെ ‘വെറും വസ്തുവായി’ മാത്രം കാണുന്നവര്‍. ഇവര്‍ രണ്ട് കൂട്ടരും തങ്ങളുടെ സംഘടനകളിലേക്ക് ആളുകളെ കൂട്ടുന്നത് ‘ഇഷ്ടം പോലെ സ്ത്രീകളെ തരാം’ എന്ന മോഹന വാഗ്ദാനത്തിലൂടെയാണ്. ഒരു വില്‍പ്പന ചരക്ക് ആയി മാത്രമാണ് ഐ എസ് സ്ത്രീകളെ കാണുന്നത്.
ഐഎസ് ഭീകരതയുടെ ഏറ്റവും വലിയ ഇരകള്‍ എന്നും സ്ത്രീകളായിരുന്നു. കന്യകകളായ സ്ത്രീകള്‍. സ്ത്രീവിരുദ്ധ കാര്യത്തില്‍ താലിബാന്‍ പിന്തുടരുന്നത് ഐ എസിന്റെ നയങ്ങളാണ്. ഐഎസിന്റെ പ്രവര്‍ത്തികള്‍ താലിബാനും അതേപടി പകര്‍ത്തിയാല്‍ അഫ്‌ഗാനിലെ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരിക നാദിയാ മുറാദ് ബസി താഹയെന്ന 22കാരിയുടെ ‘പഴയ, ഇരുട്ട് നിറഞ്ഞ’ ജീവിതമായിരിക്കും. 2014 ഓഗസ്റ്റിലായിരുന്നു മാതാവും 6 സഹോദരന്‍മാരും അടങ്ങിയ ‘സമാധാന’ ലോകത്ത് നിന്നും ക്രൂരതകള്‍ നിറഞ്ഞ ലോകത്തേക്ക് ഐ.എസ് നാദിയയെ പറിച്ചെടുത്തത്.
വടക്കന്‍ ഇറാഖിലെ സിന്‍ജാര്‍ താഴ്‌വരയിലെ കോച്ചോ എന്ന ഗ്രാമത്തിലായിരുന്നു യസീദി വംശജയായ നാദിയ താമസിച്ചിരുന്നത്. തോക്കേന്തിയ ഐ.എസ് ഭീകരര്‍ ഗ്രാമത്തിലെ സ്ത്രീകളെ ഒരു മുറിയില്‍ പൂട്ടിയിട്ടു. പുരുഷന്മാരെ വെടിവെച്ച്‌ കൊന്നു, നാദിയയുടെ ആറ് സഹോദരന്മാര്‍ അടക്കം അന്ന് വെടിയേറ്റ് വീണത് 312 പുരുഷന്മാര്‍ ആയിരുന്നു. പ്രായമായവരെ തിരഞ്ഞുപിടിച്ച്‌ വെടിവെച്ച്‌ കൊലപ്പെടുത്തി. കൂട്ടത്തില്‍ നാദിയയുടെ മാതാവുമുണ്ടായിരുന്നു. ഒരു ദിവസം കൊണ്ട് സഹോദരന്മാരെയും അമ്മയെയും നാടും വീടും എല്ലാം നഷ്ടമായ നാദിയയ്ക്ക് പിന്നീട് അനുഭവിക്കേണ്ടി വന്നത് ക്രൂരതകളായിരുന്നു. കൊലപ്പെടുത്തിയ സ്ത്രീകളെ എല്ലാവരെയും ഒരുമിച്ച്‌ വലിയൊരു കുഴിയില്‍ ഇട്ട് മണ്ണിട്ട് മൂടി. പ്രായമായ സ്ത്രീകളെ കൊലപ്പെടുത്തിയ കൂട്ടത്തില്‍ ചില ചെറുപ്പക്കാരികളും ഉണ്ടായിരുന്നു. ശരീര ഭംഗിയില്ലെന്ന് തോന്നിയവരെയായിരുന്നു ഐ.എസ് ഇത്തരത്തില്‍ കൊലപ്പെടുത്തിയത്.
നാദിയ അടക്കമുള്ള യസീദി യുവതികളെ ട്രക്കില്‍കുത്തി നിറച്ച്‌ അന്ന് മൊസൂളിലേക്കു കൊണ്ടുപോയി. ഇവരെയെല്ലാം കച്ചവടത്തിന് വെച്ചു. എല്ലാവരെയും നല്ല പൈസയ്ക്ക് തന്നെ വിറ്റു. ആരും വാങ്ങാനില്ലാതെ ബാക്കി വന്നവരെ നിര്‍ദാക്ഷണ്യം കൊലപ്പെടുത്തി. കന്യകകളായ യുവതികള്‍ക്കായി തടിച്ചുകൂടിയ പുരുഷാരവം ഇന്നും നാദിയ ഭയപ്പാടോടെ ഓര്‍ക്കുന്നു. ഐ.എസിനെതിരെയോ ഭീകരര്‍ക്കെതിരെയോ തങ്ങളെ വാങ്ങിയവര്‍ക്കെതിരെയോ ചൂണ്ടുവിരല്‍ ഉയര്‍ത്താന്‍ പോലും ഈ സ്ത്രീകള്‍ക്ക് അവകാശമുണ്ടായിരുന്നില്ല.
ഐഎസിലെ ഒരു ജ‍ഡ്ജിയായിരുന്നു നാദിയയെ വിലക്കുവാങ്ങിയത്. അയാള്‍ മതം മാറാന്‍ നിര്‍ബന്ധിച്ചെങ്കിലും നാദിയ കൂട്ടാക്കിയിരുന്നില്ല. ഒരു മാസത്തോളം അയാളുടെ ലൈംഗിക വൈകൃതങ്ങള്‍ക്കെല്ലാം നാദിയ ഇരയായി. മടുത്തപ്പോള്‍ മറ്റൊരാള്‍ക്ക് വിറ്റു. അയാള്‍, ആദ്യത്തെയാളെക്കാള്‍ വൈകൃത മനസുള്ള ആളായിരുന്നു. മൂന്ന് മാസത്തോളം ഐ.എസിന്റെ ലൈംഗിക അടിമയായിരുന്നു നാദിയ. ലൈംഗിക അടിമയാക്കപ്പെട്ട സ്ത്രീകള്‍ ഗര്‍ഭിണിയാകാതിരിക്കാന്‍ മരുന്നുകള്‍ കുത്തി വച്ചും കഴിപ്പിച്ചും ജനനനിയന്ത്രണം നടത്തിയിരുന്നു. ഐ.എസ് ഭീകരരില്‍ നിന്നും ഓടിരക്ഷപെട്ട നാദിയയ്ക്ക് സഹായമായത് ഇറാഖിലെ ഒരു മുസ്‌ലിം കുടുംബമായിരുന്നു. ഇവരുടെ സഹായത്തോടെ കുര്‍ദ് സേനയുടെ നിയന്ത്രണത്തിലുള്ള യസീദി അഭയാര്‍ഥി ക്യാംപില്‍ എത്തിയ നാദിയ പിന്നീട് ജര്‍മനിയിലേക്ക് പോവുകയായിരുന്നു.
2015ല്‍ യുഎന്‍ രക്ഷാസമിതിയില്‍ ഇക്കാര്യങ്ങളെല്ലാം നാദിയ നിറകണ്ണുകളോടെയാണ് പറഞ്ഞവസാനിപ്പിച്ചത്. ഭീകരതയ്ക്കും മനുഷ്യക്കടത്തിനും എതിരെ പോരാടാനും യസീദികളുടെ അവകാശങ്ങള്‍ നേടിയെടുക്കാനുമായി പൊരുതിയ നാദിയ 2018ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നേടി. ‘ദ് ലാസ്റ്റ് ഗേള്‍’ എന്ന പുസ്തകത്തില്‍ താന്‍ അനുഭവിച്ച, തന്റെ സമൂഹം അനുഭവിച്ച, തന്റെ സ്ത്രീകള്‍ അനുഭവിച്ച യാതനകളും ക്രൂരതകളും നാദിയ തുറന്നെഴുതിയിട്ടുണ്ട്.
ഇത്തരത്തില്‍ സ്ത്രീകളെ ആക്രമിച്ച്‌ കീഴടക്കി ലൈംഗിക അടിമയാക്കി വെക്കുന്ന ഐ.എസിന്റെ പാതയിലാണ് താലിബാനിപ്പോള്‍. ശരീയത്ത് ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് സ്ത്രീ സ്വാതന്ത്യത്തെ ബഹുമാനിക്കുന്നുവെന്നാണ് ‘പുതിയ’ താലിബാന്‍ നേതാക്കള്‍ പറയുന്നത്. എന്നാല്‍, അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യം ശരീയത്ത് നിയമത്തിന്റെ ചട്ടക്കൂടില്‍ മാത്രമാണുണ്ടാവേണ്ടതെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് ആവര്‍ത്തിച്ചതോടെ ജനങ്ങളുടെ ആ പ്രതീക്ഷയും അസ്തമിച്ചു.

Related Articles

Back to top button