LatestTravel

യുദ്ധക്കപ്പലിനെ ആക്രമിച്ച അജ്ഞാത ജീവി

“Manju”

വാഷിംഗ്ടണ്‍ : അമേരിക്കന്‍ നേവിയിലെ പ്രശസ്തമായ പടക്കപ്പലുകളില്‍ ഒന്നായിരുന്നു നോക്സ് – ക്ലാസ് വിഭാഗത്തില്‍പ്പെടുന്ന യു.എസ്.എസ് സ്റ്റെയ്ന്‍. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്കയും ജപ്പാനും തമ്മില്‍ നടന്ന ഇവോ ജിമ ദ്വീപ് പോരാട്ടത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ച ടോണി സ്റ്റൈയ്ന്‍ എന്ന സൈനികന്റെ ഓര്‍മയ്ക്കായാണ് ഈ കപ്പലിന് ഇങ്ങനെയൊരു പേര് ലഭിച്ചത്. 1972 ജനുവരി 8നാണ് യു.എസ്.എസ് സ്റ്റെയ്ന്‍ കമ്മിഷന്‍ ചെയ്തത്. രണ്ട് ദശാബ്ദം നീണ്ട സേവനത്തിന് ശേഷം 1992ല്‍ ഈ യുദ്ധക്കപ്പല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. നിരവധി ഓപ്പറേഷനുകളിലും മറ്റും പങ്കാളിയായ യു.എസ്.എസ് സ്റ്റെയ്ന്‍ പ്രസിദ്ധമായത് ഒരു വിചിത്ര ജീവിയുടെ ആക്രമണത്തിന്റെ പേരിലാണ്. 1978ലാണ് കടലില്‍ വച്ച്‌ സ്റ്റെയ്ന് നേരെ അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായത്. അജ്ഞാത സ്പീഷില്‍പ്പെട്ട ജയന്റ് സ്ക്വിഡ് ആയിരുന്നു ആക്രമണത്തിന് പിന്നില്‍ എന്നാണ് പൊതുവെ കരുതുന്നത്. കപ്പലിന്റെ അതിശക്തമായ സോണാര്‍ ‌ഡോമിന്റെ 8 ശതമാനവും ജീവിയുടെ ആക്രമണത്തില്‍ കേടുപാട് സംഭവിച്ചുവെന്നത് കപ്പല്‍ അധികൃതരെ ആകെ അത്ഭുതപ്പെടുത്തി.
കേടുപാട് സംഭവിച്ച ഭാഗത്ത് നിന്ന് മൂര്‍ച്ചയേറിയ വളഞ്ഞ നഖങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ചിലയിനം സ്ക്വിഡുകളുടെ ടെന്റക്കിളുകളില്‍ ഇത്തരം നഖങ്ങള്‍ കാണപ്പെടാറുണ്ട്. നഖങ്ങളുടെ അവശിഷ്ടങ്ങള്‍ വച്ച്‌ നടത്തിയ പഠനത്തില്‍ നിലവില്‍ കണ്ടെത്തപ്പെട്ടിട്ടുള്ള സ്ക്വിഡുകളിലുള്ളതിനേക്കാള്‍ വളരെ വലുതാണെന്നും അങ്ങനെയെങ്കില്‍ ആ അജ്ഞാതജീവിയ്ക്ക് 150 അടിയോ അതില്‍ കൂടുതലോ നീളമുണ്ടാകാമെന്നും ഗവേഷകര്‍ നിഗമനത്തിലെത്തി.
സിനിമകളിലും കഥകളിലുമൊക്കെ മാത്രം കേട്ടുകേള്‍വിയുള്ള ഭീമന്‍ സമുദ്രജീവികള്‍ ശരിക്കും ഉണ്ടോ ? അവിശ്വസനീയമായി തോന്നാമെങ്കിലും ചന്ദ്രന്റെ ഉപതരിതലത്തെ സംബന്ധിച്ച്‌ മനുഷ്യനുള്ള അറിവ് സമുദ്രങ്ങളുടെ അടിത്തട്ടിനെ പറ്റി മനസിലാക്കിയതില്‍ നിന്നും വിപുലമാണെന്നതാണ് സത്യം. അതുകൊണ്ട് തന്നെ വിശാലമായ സമുദ്രത്തില്‍ യു.എസ്.എസ് സ്റ്റെയ്നെ ആക്രമിച്ച ഭീമന്‍ ജീവിയെ സാങ്കല്പികമെന്ന് പറഞ്ഞ് തള്ളാനാകില്ല. ഭീമന്‍ സ്ക്വിഡ് ആണെന്നാണ് കരുതുന്നതെങ്കിലും സ്റ്റെയ്നെ ആക്രമിച്ച ജീവി ഏതാണെന്നോ അതിന്റെ രൂപം എങ്ങനെയാണെന്നോ ഇന്നും ആര്‍ക്കുമറിയില്ല.

Related Articles

Back to top button