InternationalLatestMotivation

ഡെലിവറി ബോയ് ആകേണ്ടി വന്ന അഫ്ഗാന്‍ മന്ത്രി

“Manju”

ബെര്‍ലിന്‍: അഫ്ഗാനിസ്ഥാനിലെ മുന്‍ മന്ത്രി സയ്യിദ് അഹ്മദ് ഷാ സാദത്ത് ജര്‍മ്മനിയില്‍ പിസ ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന വാര്‍ത്തകള്‍ ദിവങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്നിരുന്നു. 2018ല്‍ അഷ്‍റഫ് ഗനിയുടെ മന്ത്രിസഭയില്‍ ഇടം പിടിച്ച ഇദ്ദേഹം ഗനിയുമായുള്ള അസ്വാരസ്യങ്ങള്‍ മൂലം 2020ല്‍ മന്ത്രിസഭയില്‍ നിന്ന് രാജി വയ്ക്കുകയായിരുന്നു. തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍ വിട്ട് ജര്‍മ്മനിയിലേയ്ക്ക് കുടിയേറി. അഫ്ഗാനിസ്ഥാനില്‍ നിന്ന് ജര്‍മ്മനിയിലെത്തിയ സാദത്ത് കൈവശം ഉണ്ടായിരുന്ന പണം തീര്‍ന്നതിനെ തുടര്‍ന്നാണ് ഭക്ഷണ വിതരണം ഉപജീവന മാര്‍ഗമായി തിരഞ്ഞെടുത്തത്.
ഒരു കാലത്ത് അഫ്ഗാനിലെ മന്ത്രിയായിരുന്ന സാദത്ത് ഇപ്പോഴത്തെ തന്റെ തൊഴിലിനെക്കുറിച്ചുളള ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമാണ്. ലജ്ജയില്ല, ജോലി ജോലിയാണ്. ഒരു ജോലിയുണ്ടെങ്കില്‍, അതിനര്‍ത്ഥം പൊതുജനങ്ങള്‍ക്ക് ആവശ്യമുണ്ട് ആരെങ്കിലും അത് ചെയ്യണം എന്നാണെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജര്‍മനിയില്‍ ഇടം കണ്ടെത്തിയ ആയിരക്കണക്കിന് അഫ്ഗാനികളില്‍ ഒരാളാണ് സാദത്ത്.
താന്‍ ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന ഫോട്ടോകള്‍ പുറത്ത് വന്നതിന് പിന്നാലെ അത് തന്റേത് തന്നെയാണന്ന് സ്കൈ ന്യൂസിനോട് സാദത്ത് സമ്മതിച്ചിരുന്നു. കൂടാതെ തന്റെ കഥ ഏഷ്യയിലെയും അറബ് രാജ്യങ്ങളിലെയും ഉന്നതരായ ആളുകള്‍ക്ക് അവരുടെ ജീവിതം നയിക്കുന്നതിനുള്ള ഒരു ഉത്തേജനമായി മാറട്ടെയെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. സാദത്തിന്റെ ജീവിതവും വാക്കുകളും ഉന്നതര്‍ക്ക് മാത്രമല്ല വിദ്യാസമ്പന്നരും തൊഴിലിന്റെ വലിപ്പ ചെറുപ്പത്തിന്റെ പേരില്‍ മടിച്ച്‌ നില്‍ക്കുന്നവരോടും പലതും വിളിച്ച്‌ പറയുന്നുണ്ട്.
സര്‍ക്കാരിലെ അഴിമതിയില്‍ മടുത്തതിനാലാണ് രാജിവച്ചതെന്നാണ് സാദത്ത് പറയുന്നത്. മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന വേളയില്‍ പ്രസിഡന്റിന്റെ അടുത്ത ആളുകളും ഞാനും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. അവരുടെ ആവശ്യങ്ങള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടിയായിരുന്നു. പണം സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ശരിയായി വിനിയോഗിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിയില്ല. തുടര്‍ന്ന് അവര്‍ എന്നില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു, പ്രസിഡന്റ് എന്നെ സമ്മര്‍ദ്ദത്തിലാക്കി. 2020ഓടെ സുരക്ഷാ സ്ഥിതി വഷളായി, അതിനാല്‍ ഞാന്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു എന്നും സാദത്ത് വ്യക്തമാക്കി.

Related Articles

Back to top button