IndiaKeralaLatest

വായുമലിനീകരണം; ഇന്ത്യക്കാരുടെ ആയുസ്സ് വെട്ടിക്കുറയ്ക്കുന്നുവെന്ന് പഠനം

“Manju”

ന്യൂഡല്‍ഹി: വായുമലിനീകരണം 40 ശതമാനം ഇന്ത്യക്കാരുടെ 9 വര്‍ഷത്തെ ആയുസ്സെടുക്കുന്നുവെന്ന് യുഎസ് ഗവേഷക സംഘത്തിന്റെ പഠന റിപോര്‍ട്ട്. രാജ്യത്തെ 480 ദശലക്ഷം പേര്‍ ജീവിക്കുന്ന ഡല്‍ഹി അടക്കമുള്ള വടക്ക്, കിഴക്ക്, മധ്യ ഇന്ത്യയിലെ പ്രദേശങ്ങളില്‍ കനത്ത വായുമലിനീകരണമാണ് അനുഭവപ്പെടുന്നത്. ചിക്കാഗൊ സര്‍വകലാശാലയുടെ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. സര്‍വകലാശാലയുടെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റിയൂട്ടാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.

മലിനീകരണം ഇപ്പോഴുള്ള പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കുന്നതായും പഠനം വെളിപ്പെടുത്തുന്നു. മഹാരാഷ്ട്രയിലെ ചില പ്രദേശങ്ങള്‍, മധ്യപ്രദേശ് തുടങ്ങിയവിടങ്ങളിലാണ് മലിനീകരണം രൂക്ഷമായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 2019 മുതല്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാമിനെ പഠനത്തില്‍ അഭിനന്ദിച്ചിട്ടുണ്ട്. ഈ മലിനീകരണ നിയന്ത്രണ പദ്ധതി വഴി ഇന്ത്യക്കാരുടെ ആയുസ്സ് 1.7 വര്‍ഷമായും ഡല്‍ഹിക്കാരുടെ ആയുസ്സ് 3.1 വര്‍ഷമായും വര്‍ധിപ്പിക്കാന്‍ സഹായിച്ചു.

ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ട രാജ്യത്തെ 102 നഗരങ്ങളിലെ മലിനീകരണ തോത് 2024ഓടെ 20-30ശതമാനം കണ്ട് കുറക്കാനാണ് നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാം ലക്ഷ്യമിടുന്നത്. ഈ പദ്ധതിക്കു കീഴില്‍ ഇന്ധന ഉപയോഗത്തിലും പുക, പൊടി മാലിന്യങ്ങള്‍ പുറത്തുവിടുന്നതിലും കടുത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഐക്യുഎയര്‍ എന്ന സ്വിസ് മലിനീകരണ ഗവേഷണ കേന്ദ്രത്തിന്റെ പഠനമനുസരിച്ച്‌ 2020ല്‍ വായുമലിനീകരണം ഏറ്റവും മോശമായിരുന്ന നഗരമായിരുന്നു ഡല്‍ഹി. അതിനു മുമ്ബ് മൂന്ന് വര്‍ഷത്തോളവും ഡല്‍ഹി തന്നെയായിരുന്നു ഇക്കാര്യത്തില്‍ മുന്നില്‍. എന്നാല്‍ കൊവിഡ് ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ ഡല്‍ഹിയിലെ മലിനീകരണത്തോത് കുറഞ്ഞു. മാത്രമല്ല, അയല്‍ സംസ്ഥാനങ്ങളിലെ വൈക്കോല്‍ കത്തിക്കലും നിയന്ത്രിച്ചു. മലിനീകരണത്തോത് കുറയ്ക്കുകയാണെങ്കില്‍ ബംഗ്ലാദേശിലെ ജനങ്ങളുടെ ആയുസ്സ് 5.4 വര്‍ഷം ഉയര്‍ത്താനാവുമെന്നും പഠനം പറയുന്നു.

Related Articles

Back to top button