IndiaLatest

ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന അനുവദിക്കണം ; ജസ്റ്റിസ് കുര്യന്‍ ജോസഫ്

“Manju”

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്. മുഖ്യമന്ത്രി അരവിന്ദ്          കെജ് രിവാളിന് അയച്ച കത്തിലാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത് .

മതപരമായ ആരാധനകളിലും സേവനങ്ങളിലും പങ്കെടുക്കാന്‍ ആളുകളെ അനുവദിക്കുന്നത് അവരിലെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ മാത്രമേ സഹായിക്കൂ എന്നത് ഒരു വസ്തുതയാണ്. അത് അവര്‍ക്ക് ഉണര്‍വ്, പ്രതീക്ഷ, ആന്തരിക ശക്തി, ആത്മവിശ്വാസം എന്നിവ പകരും. അതിനാല്‍, പൊതു ആരാധനാലയങ്ങളിലെ സേവനങ്ങള്‍ നിരോധിക്കുന്നത് വിവേചനപരമാണെന്നും ആര്‍ട്ടിക്കിള്‍ 14, 19, 21, 25 പ്രകാരം ഉറപ്പുനല്‍കുന്ന ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു .

രാജ്യ തലസ്ഥാനത്ത് കോവിഡ് മഹാമാരിയുടെ തീവ്രത ഗണ്യമായി കുറഞ്ഞുവെന്ന് അറിയുന്നത് വളരെയധികം ആശ്വാസകരമാണ്. റെസ്റ്ററന്റുകള്‍, തിയറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍ , ബാറുകള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതിയുണ്ട്. ഡല്‍ഹിയില്‍ പ്രതിവാര വിപണികളും സ്പാകളും അനുവദനീയമാണ്. ശവസംസ്കാരം, വിവാഹം തുടങ്ങിയ സേവനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്നവരുടെ എണ്ണം 100 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഇവ സമൂഹം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനെ സൂചിപ്പിക്കുന്ന മികച്ച അടയാളങ്ങളാണ്.

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവാദമുണ്ട്, എന്നാല്‍ സന്ദര്‍ശകരെ അനുവദിക്കില്ല എന്ന ഉത്തരവിലെ നിയന്ത്രണം തുടരുന്നുണ്ട് . കോവിഡ് രണ്ടാം തരംഗത്തിന് മുമ്പുള്ള നിയന്ത്രണങ്ങള്‍ക്ക് ഇതിനകം ഇളവ് നല്‍കുകയും പൊതു ആരാധനാലയങ്ങളില്‍ സേവനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തു. രണ്ടാം തരംഗം ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണങ്ങള്‍ വീണ്ടും നടപ്പിലാക്കിയതെന്നും കെജ് രിവാളിന് അയച്ച കത്തില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടുന്നു.

 

Related Articles

Back to top button