നിപ്പ ഭീതിയിൽ കേരളം; സമ്പര്‍ക്കപ്പട്ടിക ഉയർന്നേക്കാം

നിപ്പ ഭീതിയിൽ കേരളം; സമ്പര്‍ക്കപ്പട്ടിക ഉയർന്നേക്കാം

നിപ്പ ഭീതിയിൽ കേരളം; സമ്പര്‍ക്കപ്പട്ടിക ഉയർന്നേക്കാം

“Manju”

കോഴിക്കോട്: നിപ്പയുടെ മൂന്നാം വരവിന്റെ ഭീതിയിലാണ് കേരളം. നിപ്പ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് ജില്ലയിൽ പന്ത്രണ്ടുവയസുകാരൻ മരിച്ചതിന് പിന്നാലെ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. വ്യാപന ശേഷി കുറവും മരണനിരക്ക് കൂടുതലുമുള്ള ഈ വൈറസിനെ പിടിച്ചുകെട്ടാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങളും കേന്ദ്ര സംഘത്തിന്റെ സഹായത്തോടെ പുരോഗമിക്കുകയാണ്.
ആശങ്കയില്ലെന്ന് ആരോഗ്യമന്ത്രി പറയുമ്പോഴും രോഗ ഉറവിടത്തെ കുറിച്ച് അവ്യക്തത തുടരുകയാണ്. മരിച്ച പന്ത്രണ്ടുകാരന് രോഗം ബാധിച്ചത് ജന്തുജാലങ്ങളില്‍ നിന്നാണോ അതോ ആരില്‍ നിന്നെങ്കിലും പക‍ർന്നതാണോയെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയാന്‍ അധികൃതർക്കായിട്ടില്ല. ഇതില്‍ വ്യക്തത വരേണ്ടത് പ്രതിരോധ പ്രവർത്തനങ്ങളില്‍ നിർണായകമാണ്.
ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ നിപ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുന്‍പാണ്. രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ച കഴിഞ്ഞ ദിവസം നില ഗുരുതരമായി മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങി. അതുകൊണ്ടുതന്നെ വൈറസിന്‍റെ തീവ്രതയും ഉറവിടവും കണ്ടെത്തേണ്ടത് പ്രതിരോധ പ്രവർത്തനങ്ങളിലും നിർണായകമാവുകയാണ്.
വവ്വാലുകളില്‍ നിന്നാണോ അതോ മറ്റാരില്‍ നിന്നെങ്കിലും രോഗം പകർന്നതാണോയെന്നാണ് അറിഞ്ഞാല്‍ മാത്രമേ സമ്പർക്ക പട്ടികയടക്കം കൃത്യമാവുകയുള്ളൂ. 2018 ല്‍ നിന്നും വ്യത്യസ്തമായി കൊവിഡ് പശ്ചത്താലത്തില്‍ സാമൂഹിക അകലവും ജാഗ്രതയും ജനങ്ങൾ പാലിക്കുന്നുണ്ടെങ്കിലും വിവിധ ആശുപത്രികളിലടക്കം സഞ്ചരിച്ച രോഗിയുടെ സമ്പർക്ക പട്ടിക ഇനിയും ഉയരാനാണ് സാധ്യത.
നിലവില്‍ രോഗലക്ഷണങ്ങളുള്ള രണ്ട് പേർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മൂന്ന് വർഷം മുന്‍പ് 17 ജീവനുകളെടുത്ത വൈറസിന്‍റെ സാന്നിധ്യം സംസ്ഥാനത്തിപ്പോഴും തുടരുകയാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. പഴൂരിൽ മൃഗസംരക്ഷണ വകുപ്പ് അധികൃതർ ഇന്ന് പരിശോധന നടത്തും.
മരിച്ച കുട്ടിയുടെ വീട്ടിൽ എത്തി നേരത്തെ അസുഖം ബാധിച്ച ആടിനെ പരിശോധിക്കുകയും സാമ്പിള്‍ ശേഖരിക്കുകയും ചെയ്യും. പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ടോ എന്ന കാര്യവും പരിശോധിക്കും. സാന്നിദ്ധ്യം കണ്ടെത്തിയാൽ ഇവ ഏത് വിഭാഗത്തിൽ പെടുന്നു എന്നതടക്കം കണ്ടെത്തേണ്ടതുണ്ട്. വവ്വാലിന്‍റെ സ്രവ സാമ്പിള്‍ പരിശോധിക്കേണ്ടതുണ്ടോ എന്നത് പിന്നീട് തീരുമാനിക്കും.
നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇന്ന് മെഡിക്കൽ കോളേജിൽ നിപ ട്രൂനാറ്റ് പരിശോധന നടത്തും. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തുന്ന സംഘം ഇതിനായി പ്രത്യേക ലാബ് സജ്ജീകരിക്കും. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്‍ഫേര്‍മേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കാൻ കഴിയും.
അടിയന്തര സാഹചര്യം ഏകോപിപ്പിക്കുന്നതിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.
പരിചയ സമ്പന്നരായ ആരോഗ്യപ്രവര്‍ത്തകരെ വരും ദിവസങ്ങളിൽ ഈ കമ്മറ്റികളിൽ ഉൾപ്പെടുത്തും.

Related post