KozhikodeLatest

നിപ പ്രതിരോധം; ആരോഗ്യമന്ത്രി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു

“Manju”

കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥീരികരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു ചേര്‍ത്തു. നിപ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ഓരോ പഞ്ചായത്തിലും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
നിപ വൈറസ് ബാധ റിപോര്‍ട്ട് ചെയ്ത ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുഴുവനായും മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേര്‍ന്നുകിടക്കുന്ന മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങിയ അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജനങ്ങള്‍ പരിഭ്രാന്തരാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.
യോഗത്തില്‍ മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, പി എ മുഹമ്മദ് റിയാസ്, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി, നിപ സ്‌പെഷല്‍ ഓഫീസര്‍ മുഹമ്മദ് വൈ സഫീറുല്ല, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button