IndiaLatest

കോവിഡ് മരുന്നുകളുടെ ജിഎസ്ടി നിരക്ക് ഡിസംബര്‍ 31 വരെ നീട്ടി

“Manju”

ലക്‌നൗ: ജിഎസ്ടി കൗണ്‍സില്‍ ഏതാനും ജനസൗഹൃദ തീരുമാനങ്ങള്‍ എടുത്തതായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. കോവിഡ് മരുന്നുകളുടെ കുറഞ്ഞ ജിഎസ്ടി നിരക്ക് ഡിസംബര്‍ 31 വരെ നീട്ടി. നേരത്തെ ഇത് സെപ്റ്റംബര്‍ 30 വരെയാണ് നിശ്ചയിച്ചിരുന്നത്. ബയോ ഡീസലിന്റെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കാന്‍ കൗണ്‍സില്‍തീരുമാനിച്ചതായി ധനമന്ത്രി അറിയിച്ചു.
പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ സമയമായില്ലെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇതല്ല അതിനുള്ള ശരിയായ സമയം. കേരള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഈ വിഷയം കൗണ്‍സില്‍ ചര്‍ച്ച ചെയ്തത്. എന്നാല്‍, കൗണ്‍സില്‍ അംഗങ്ങള്‍ പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതിനെ അനുകൂലിച്ചില്ല. നിലവില്‍ പെട്രോളിയും ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ സമയമായില്ലെന്ന വിലിയരുത്തല്‍ ഹൈക്കോടതിയെ അറിയിക്കും.
പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ കടുത്ത എതിര്‍പ്പുമായി കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ രംഗത്ത് വന്നതോടെ വിഷയം പിന്നീട് ചര്‍ച്ച ചെയ്യാനായി മാറ്റിവച്ചു. വെള്ളിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഈ വിഷയം ചര്‍ച്ചയ്ക്ക് എടുത്തെങ്കിലും എല്ലാ സംസ്ഥാനങ്ങളും കൂടി ഒന്നിച്ച്‌ എതിര്‍ത്തു. ഇതോടെ വിഷയം ചര്‍ച്ച ചെയ്യാനുള്ള സമയമായില്ലെന്ന വിലയിരുത്തലോടെയാണ് നിര്‍ദ്ദേശം ചര്‍ച്ച ചെയ്യുന്നത് കൗണ്‍സില്‍ യോഗം നീട്ടിവച്ചത്.
വിഷയം പീന്നീട് വീണ്ടും ചര്‍ച്ച ചെയ്യുമെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് കേരളവും മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് നൂറ് കടന്നിരിക്കുകയാണ്. ഡീസല്‍ വിലയിലും സമാനമായ കുതിപ്പുണ്ടായിട്ടുണ്ട്. ജൂണില്‍ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലക്‌നൗവില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം വിഷയം ചര്‍ച്ച ചെയ്തത്.

Related Articles

Back to top button