IndiaLatest

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകള്‍ ജി.എസ്​.ടി പരിധിയില്‍

“Manju”

ന്യൂഡല്‍ഹി: സൊ​മാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഓണ്‍ലൈന്‍ ഭക്ഷണവിതരണ പ്ലാറ്റ്​​ഫോമുകളില്‍നിന്ന്​ ചരക്കുസേവന നികുതി ഈടാക്കാമെന്ന നിര്‍ദേശവുമായി ജി.എസ്​.ടി കൗണ്‍സല്‍. ലഖ്​നോവില്‍ ചേര്‍ന്ന ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷനായ ജി.എസ്​.ടി കൗണ്‍സല്‍ യോഗത്തിലാണ്​ തീരുമാനം.
നിലവില്‍ ഈ ആപ്പുകള്‍ ജി.എസ്​.ടിയില്‍ ടി.സി.എസായാണ്​ രജിസ്റ്റര്‍ ചെയ്​തിരിക്കുന്നത്​. ഓണ്‍ലൈന്‍ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട്​ പുതിയ നികുതി പ്രഖ്യാപിച്ചിട്ടില്ല, എന്നാല്‍ ജി.എസ്​.ടി കളക്ഷന്‍ പോയന്‍റില്‍ മാറ്റം വരുത്തുക മാത്രമാണ്​ ചെയ്​തതെന്ന്​ ജി.എസ്​.ടി കൗണ്‍സല്‍ യോഗത്തിന്​ ശേഷം റവന്യൂ​ സെക്രട്ടറി തരുണ്‍ ബജാജ്​ പറഞ്ഞു.
ജി.എസ്​.ടി കളക്ഷന്‍ പോയന്‍റില്‍ മാറ്റം വരിക മാത്രമാണ്​ ചെയ്യുന്നതെന്നും വില കൂടില്ലെന്നുമാണ്​ സര്‍ക്കാറിന്റെ പ്രതികരണം.
‘നിങ്ങള്‍ ഒരു ഓണ്‍​ലൈന്‍ ആപ്പുവഴി ഭക്ഷണം വാങ്ങുകയാണെങ്കില്‍, ഇപ്പോള്‍ റസ്റ്ററന്‍റുകളാണ്​ നികുതി അടക്കുന്നത്​. എന്നാല്‍ ചില റസ്റ്ററന്‍റുകളില്‍ തുക അടക്കാന്‍ തയാറാകുന്നില്ല. ഇനിമുതല്‍ റസ്റ്ററന്‍റിന്​ പകരം ഉപഭോക്താക്കളില്‍നിന്ന്​ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്​​ഫോമുകള്‍ നികുതി ഈടാക്കുകയും സര്‍ക്കാറിലേക്ക്​ അടക്കുകയും ചെയ്യും’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ നികുതി പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഓണ്‍ലൈന്‍ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട്​ ചില റസ്റ്ററന്‍റുകളില്‍ നികുതി വെട്ടിക്കുന്നത്​ ശ്രദ്ധയില്‍പ്പെട്ടു. ചില റസ്​റ്ററന്‍റുകള്‍ രജിസ്റ്റര്‍ ചെയ്​തിട്ടുപോലുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2022 ജനുവരി ഒന്നുമുതലാണ്​ പുതിയ നികുതി പ്രാബല്യത്തില്‍ വരിക. ഇ കൊമോഴ്​സ്​ കമ്പനികള്‍ക്ക്​ സോഫ്​റ്റ്​വെയര്‍ മാറ്റത്തിന്​ വേണ്ടിയാണ്​ ഈ സമയം.

Related Articles

Back to top button