AlappuzhaKeralaLatest

ശ്രീനാരായണ ഗുരു ദാനം നല്‍കിയ സ്കൂള്‍ അവഗണനയില്‍

“Manju”

ചേര്‍ത്തല: ശ്രീനാരായണഗുരു ദാനം നല്‍കിയ ചേര്‍ത്തല ശ്രീനാരായണ ഗുരു മെമ്മോറിയല്‍ ഗവ. ബോയ്സ് ഹൈസ്കൂള്‍ അവഗണനയില്‍. ഗുരുവിെന്‍റ 63ാം വയസ്സില്‍ തണ്ണീര്‍മുക്കം പുന്നെക്കാട്ട് ചിറയിന്‍ കണ്ടന്റെ അനന്തരവന്‍ 60 വയസ്സുള്ള കൊച്ചയ്യപ്പന്‍ ചേര്‍ത്തല സബ് രജിസ്ട്രാര്‍ മുമ്പാകെ ശ്രീനാരായണ ഗുരുവിന് എഴുതിക്കൊടുത്ത ദാനാധാരമാണ് ഇന്ന് സ്കൂള്‍ നില്‍ക്കുന്നിടം. ആലുവ അദ്വൈതാശ്രമത്തില്‍ ഉണ്ടായിരുന്ന ഗുരുവിന് അന്ന് നാലുരൂപ വിലയുള്ള മുദ്രപ്പത്രത്തില്‍ 258/10 സര്‍വേ നമ്പറിലാണ് പ്രമാണം രജിസ്റ്റര്‍ ചെയ്തത്. ആശ്രമത്തിനായാണ് കൊച്ചയ്യപ്പന്‍ 36 സെന്‍റ് സ്ഥലം നല്‍കിയത്. പിന്നീട് ഗുരുവും ശിഷ്യരും ഒന്നിച്ച്‌ ഇവിടെയെത്തി ആശ്രമം സ്ഥാപിച്ച്‌ പൂജാദി കര്‍മങ്ങള്‍ അനുഷ്ഠിച്ചിരുന്നു. കാലക്രമേണ ഗുരുവിന്റെ വിശ്വസ്ത ശിഷ്യരില്‍ ഒരാളായി മാറി കൊച്ചയ്യപ്പന്‍. അക്കാലത്ത് ചേര്‍ത്തലയില്‍ ഹൈസ്കൂള്‍ ഇല്ലായിരുന്നു. ചേര്‍ത്തല സ്വദേശി മുറിവേലി പാച്ചുപിള്ള വക്കീലാണ് ഗുരുവിനെ ചേര്‍ത്തലയില്‍ ഹൈസ്കൂള്‍ ഇല്ലെന്ന് ധരിപ്പിച്ചത്. ഇതറിഞ്ഞ ഗുരു ഹൈസ്കൂള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു.
കട്ടിയാട്ട് ശിവരാമ പണിക്കരുടെ നേതൃത്വത്തില്‍ പണം കണ്ടെത്താനായിരുന്നു തീരുമാനം. പിരിവെടുത്താണ് ചെറിയ കെട്ടിടം പണിതത്. തുടര്‍ന്ന് സര്‍ക്കാര്‍ അംഗീകാരവും ലഭിച്ചതോടെ ഗവ. ബോയ്സ് ഹൈസ്കൂള്‍ എന്ന് പേരും വന്നു. വയലാര്‍ രാമവര്‍മ, വയലാര്‍ രവി, എ.കെ. ആന്‍റണി തുടങ്ങിയ പ്രഗല്ഭര്‍ ഇവിടെനിന്നാണ് പഠിച്ചിറങ്ങിയത്. 1997-98 കാലഘട്ടത്തിലാണ് ആദ്യ പി.ടി.എ നിലവില്‍ വരുന്നത്. ആദ്യയോഗത്തില്‍ ചേര്‍ത്തല നഗരസഭ 26ാം വാര്‍ഡ് വല്ലയില്‍ വി.ആര്‍. കാര്‍ത്തികനാണ് ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ഹൈസ്കൂള്‍ എന്ന് സ്കൂളിന് പേര് നല്‍കണമെന്ന് പറഞ്ഞത്. പിന്നീട് സര്‍ക്കാര്‍ ഇത് അംഗീകരിച്ചു.
നിലവില്‍ കെട്ടിടങ്ങള്‍ കാലപ്പഴക്കത്താല്‍ തകര്‍ന്ന അവസ്ഥയാണ്. സ്കൂളിെന്‍റ വടക്ക് വശത്തുളള കെട്ടിടം എ.ഇ.ഒ ഓഫിസായി മാറ്റിയെങ്കിലും ഈ കെട്ടിടവും തകര്‍ന്ന അവസ്ഥയാണ്. ചേര്‍ത്തല താലൂക്ക് സമാധി ദിനാചരണ കമ്മിറ്റിയും ചേര്‍ത്തല ശ്രീനാരായണ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളും ചേര്‍ന്ന് ഇന്ന് ശ്രീനാരായണഗുരു സമാധി ദിനം ആചരിച്ചു.

Related Articles

Back to top button