KeralaLatest

പ്ലാന്റേഷൻ കോർപ്പറേഷൻ വികസനത്തിനായി കർമ്മ പദ്ധതി

“Manju”

കേരള പ്ലാന്റേഷൻ കോർപ്പറേഷൻ നേരിടുന്ന വിവിധ വിഷയങ്ങൾക്കും സാമ്പത്തിക പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് കർമ്മ പദ്ധതി രൂപീകരിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികളും വിവിധ ട്രേഡ് യൂണിയൻ നേതാക്കളും ചേർന്ന് നടത്തിയ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. വിവിധ വിഷയങ്ങൾ പഠന വിധേയമാക്കി പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തി. കോർപ്പറേഷനെ ലാഭത്തിലെത്തിക്കാൻ മാനേജ്‌മെന്റിന്റെയും തൊഴിലാളികളുടെയും കൂട്ടായ പരിശ്രമം കൂടിയേ തീരൂ. വൈവിധ്യ വൽക്കരണത്തിലൂടെ പ്ലാന്റേഷനുകളുടെ വികസനം സാധ്യമാക്കാനാവും. ബോണസ് കുടിശിക, ഇടക്കാലാശ്വസം, യൂണിഫോം/ മെഡിക്കൽ/വാഷിങ് അലവൻസുകൾ, അടിസ്ഥാന സൗകര്യങ്ങൾ, വന്യ മൃഗങ്ങളിൽ നിന്നുള്ള സംരക്ഷണം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട്. വിവിധ ഏജൻസികളിൽ നിന്നും കോർപ്പറേഷനുകളിൽ നിന്നും പ്ലാന്റേഷൻ കോർപ്പറേഷന് ലഭ്യമാകേണ്ട ഫണ്ടുകൾ ലഭിക്കുന്നതിനുള്ള ശുപാർശകൾ അടിയന്തിരമായി ഹൈ പവർ കമ്മറ്റിയുടെ പരിഗണനയിൽ കൊണ്ടുവന്ന് നടപടികൾ സ്വീകരിക്കും. യോഗത്തിൽ വി.കെ. ഗോപി, സി.കെ. ഉണ്ണികൃഷ്ണൻ, കുര്യക്കോസ്, മോഹൻകുമാർ, ജോയി, ഹസ്സൻ, രാമനാരായണൻ തുടങ്ങി പതിനാറോളം ട്രേഡ് യൂണിയൻ നേതാക്കളും മാനേജ്‌മെന്റിന് വേണ്ടി മാനേജിങ് ഡയറക്ടർ ബി. പ്രമോദും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Related Articles

Back to top button