IndiaLatest

അര്‍ദ്ധ നഗ്നനായ ഫക്കീറിന് ഇന്ന് 100 വര്‍ഷം

“Manju”

മഹാത്മാഗാന്ധി എന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി, ഭാരതത്തിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന നാമം, നമ്മുടെ രാഷ്ട്രപിതാവ് . ഇന്ത്യയെ സ്വാതന്ത്രമാക്കുന്നതില്‍ ഗാന്ധിജി വഹിച്ച പങ്കിനെ കുറിച്ച്‌ പറഞ്ഞറിയിക്കാന്‍ സാധിക്കില്ല . ഓരോ കുഞ്ഞും അറിഞ്ഞിരിക്കേണ്ട ചരിത്രമാണ് അദ്ദേഹത്തിന്റെ ജീവിതം. ഇന്ത്യ ഇന്നിങ്ങനെ തലയുയര്‍ത്തി ലോകത്തിനു മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതിനു ഒറ്റ പേരെ ഉള്ളു നമ്മള്‍ സ്നേഹത്തോടെ ബാപ്പുജി. ആ സ്നേഹം കൊണ്ടും ആദരവ് കൊണ്ടും തന്നെയാണ് നമ്മള്‍ അദ്ദേഹത്തെ ഇന്ത്യയുടെ രാഷ്ട്ര പിതാവാക്കിയത് .
ഗാന്ധിജി എന്ന് പറയുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് അര്‍ദ്ധനഗ്നനായ കയ്യില്‍ ഒരു വടിയും പിടിച്ചു കണ്ണട വച്ച ഒരു രൂപമാണ് . എന്നാല്‍ എന്ന് മുതലാണ് ഗാന്ധി ഈ രീതിയില്‍ വസ്ത്രം ധരിക്കാന്‍ തുടങ്ങിയത് എന്ന് നമ്മളില്‍ പലര്‍ക്കും അറിവുണ്ടാവില്ല . തന്റെ 52-ാം വയസ്സില്‍ അതായത് 1921 സെപ്റ്റംബര്‍ 22-ന് തമിഴ്നാട്ടിലെ മധുരയില്‍വെച്ചാണ് ഗാന്ധിജി ഈ മാറ്റത്തിന് സ്വയം വിധേയനായത്. ബ്രിട്ടനില്‍ നിയമപഠനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ഗാന്ധിജിയുടെ വേഷവിധാനങ്ങള്‍ യൂറോപ്യനായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ജീവിതകാലത്ത് പലതരം വേഷമാറ്റങ്ങള്‍ക്ക് അദ്ദേഹം തയ്യാറായിട്ടുണ്ട്. 1915-ല്‍ ഇന്ത്യയില്‍ കപ്പലിറങ്ങുമ്ബോള്‍ തനി കത്തിയവാറുകാരന്റെ വേഷമായിരുന്നു ധരിച്ചിരുന്നത്. അങ്ങനെ പല വേഷങ്ങളും ഒന്ന് ധരിച്ചു നോക്കിയിട്ടുള്ള വ്യക്തിയാണ് നമ്മുടെ ഗാന്ധിജി .പക്ഷെ ഗാന്ധിജിയുടെ ഏറ്റവും ഒടുവിലത്തെ വേഷമാറ്റമായിരുന്നു മധുരയില്‍വെച്ച്‌ നടന്നത്. അന്ന് മുതല്‍ ഗാന്ധി അര്‍ദ്ധ നഗ്നനാണ് .
പക്ഷെ അപ്പോഴും ഒരു ചോദ്യം ബാക്കിയാണ് എന്തിനാണ് അദ്ദേഹം ഈ രീതിയില്‍ വസ്ത്രം തെരെഞ്ഞെടുത്തത് ? അതിനുള്ള ഉത്തരം നിസ്സഹകരണം എന്നതാണ് . അതായത് ഗാന്ധിജിയുടെ നേതൃത്വത്തില്‍ 1920 ഓഗസ്റ്റ് ഒന്നുമുതല്‍ 1922 ഫെബ്രുവരി 12 വരെനടന്ന നിസ്സഹകരണ സമരം ആധുനിക ഇന്ത്യയെ സൃഷ്ടിച്ചെടുക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ഒരു പ്രക്ഷോഭമായിരുന്നു .
നിസ്സഹകരണ സമരത്തിന്റെ മുഖ്യരൂപം ചര്‍ക്കയിലും ഖാദിയിലും അധിഷ്ഠിതമായ സ്വദേശിപ്രചാരണമായിരുന്നു. ബ്രിട്ടീഷ് അധിനിവേശത്തിന്റെ പ്രത്യക്ഷരൂപമായ വിദേശവസ്ത്രങ്ങള്‍ പൂര്‍ണമായും ബഹിഷ്‌കരിച്ച്‌, ഒരുകാലത്ത് ലോകം കീഴടക്കിയിരുന്ന ഇന്ത്യന്‍ വസ്ത്രമായ ഖാദികൊണ്ട് ഇന്ത്യക്കാരെ വസ്ത്രം ധരിപ്പിക്കുകയായിരുന്നു സ്വദേശി പ്രസ്ഥാനത്തിന്റെ ലക്ഷ്യം. നിസ്സഹകരണ സമരത്തിനും സ്വദേശിക്കും 1920 സെപ്റ്റംബറില്‍ െകാല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രത്യേക സമ്മേളനം അംഗീകാരം നല്‍കി. ഒരുവര്‍ഷത്തിനകം പൂര്‍ണസ്വരാജ് എന്നതായിരുന്നു ഗാന്ധിജിയുടെ വാഗ്ദാനം.
1921 മധ്യത്തോടെ നിസ്സഹകരണസമരം വിദേശവസ്ത്ര ബഹിഷ്‌കരണത്തിലേക്ക് കടന്നു. 1921 സെപ്റ്റംബര്‍ 30-നകം വിദേശവസ്ത്രങ്ങള്‍ ബഹിഷ്‌കരിക്കുക എന്നതായിരുന്നു ലക്ഷ്യം. ജൂലായ് 31-ന് മുംബൈയിലെ എല്‍ഫിസ്റ്റണ്‍ മൈതാനത്തുവെച്ച്‌ അനേകായിരങ്ങളുടെ സാന്നിധ്യത്തില്‍ വിദേശ വസ്ത്രക്കൂമ്ബാരത്തിന് ഗാന്ധിജി തീകൊളുത്തി. ആ തീ രാജ്യംമുഴുവന്‍ ആളിപ്പടര്‍ന്നു. നിസ്സഹകരണസമരക്കാര്‍ വീടുവീടാന്തരം നടന്ന് വിദേശവസ്ത്രങ്ങള്‍ ശേഖരിച്ച്‌ തെരുവില്‍ കൂട്ടിയിട്ട് കത്തിച്ചു. സമുന്നതരായ നേതാക്കള്‍മുതല്‍ സാധാരണ പ്രവര്‍ത്തകര്‍വരെ സ്ത്രീ-പുരുഷ ഭേദമന്യേ തെരുവുകളില്‍ ഖാദിവില്‍പ്പന നടത്തി. ഓഗസ്റ്റ് ഒന്നിന് ലോകമാന്യതിലകന്റെ ഒന്നാം ചരമവാര്‍ഷികത്തിനുമുമ്ബായി വിദേശവസ്ത്രബഹിഷ്‌കരണം പൂര്‍ത്തിയാക്കി തിലകനോടുള്ള ആദരവ് പ്രകടിപ്പിക്കണമെന്ന് ഗാന്ധിജി ആഹ്വാനംചെയ്തു.
സമരപരിപാടികളുടെ ഭാഗമായി സെപ്റ്റംബര്‍ 15-ന് ഗാന്ധിജി മദ്രാസിലെത്തി. മറീനാബീച്ചില്‍ചേര്‍ന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിച്ചു. തുടര്‍ന്ന് കച്ചവടക്കാരും തൊഴിലാളികളും മറ്റുമടങ്ങുന്ന ചെറുയോഗങ്ങളിലും അദ്ദേഹം സംബന്ധിച്ചു. അവരോട് വിദേശവസ്ത്രം വില്‍ക്കുന്നതും ധരിക്കുന്നതും ഉപേക്ഷിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യത്തിന് ഖാദി കിട്ടുന്നില്ലെന്നും വിലകൂടിയ ഖാദി വാങ്ങാന്‍ ഞങ്ങള്‍ക്ക് ശേഷിയില്ലെന്നും തൊഴിലാളികള്‍ ഗാന്ധിജിയോട് പറഞ്ഞു. എന്നാല്‍, നിങ്ങള്‍ വസ്ത്രത്തിന്റെ ആവശ്യം കുറച്ച്‌ ഒറ്റമുണ്ടുടുത്ത് വിദേശവസ്ത്രം ഉപേക്ഷിക്കൂ എന്ന് ഗാന്ധിജി അവരോട് ഉപദേശിച്ചു.
തൊഴിലാളികളുടെ ചോദ്യവും തന്റെ മറുപടിയും ഗാന്ധിജിയെ വല്ലാതെ പ്രയാസത്തിലാക്കി. തന്റെ വസ്ത്രങ്ങള്‍ അല്‍പ്പം കൂടുതലാണെന്ന ചിന്ത ഗാന്ധിജിക്കുണ്ടായിരുന്നു.
വസ്ത്രം കുറയ്ക്കുന്നതിനെക്കുറിച്ച്‌ പലപ്പോഴും അദ്ദേഹം ചിന്തിച്ചിട്ടുണ്ട്. പക്ഷേ, സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും തടയുകയായിരുന്നു. എന്നാല്‍, ഇപ്പോഴത് ഒരു വെല്ലുവിളിയായി മാറി. ഗാന്ധിജി എപ്പോഴുമെന്നപോലെ തന്റെ ആത്മാവിന്റെ വിളിക്കായി കാതോര്‍ത്തു. അദ്ദേഹം തന്റെ ഷര്‍ട്ടും തലപ്പാവും ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. നഗ്‌നതമറയ്ക്കാന്‍ ഒറ്റമുണ്ട് (പാളത്താര്‍)മാത്രം ഉപയോഗിക്കാന്‍ ഉറച്ചു. 1921 സെപ്റ്റംബര്‍ 22-ന് തന്റെ വേഷമാറ്റം സംബന്ധിച്ച്‌ പ്രസ്താവനയിറക്കി. അന്നുരാത്രി ഒരു ബാര്‍ബറെ വിളിച്ച്‌ തല മുണ്ഡനംചെയ്തു. അര്‍ധനഗ്‌നവേഷം സ്വീകരിച്ച്‌ ഉറങ്ങാന്‍ കിടന്നു. രാവിലെ മധുരയിലെ നെയ്ത്തുകാരുടെ യോഗമായിരുന്നു ഗാന്ധിജിയുടെ പരിപാടി. അവിടെ പുതിയവേഷത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.
തന്റെ വസ്ത്രമാറ്റം സംബന്ധിച്ച്‌ ഗാന്ധിജി പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു: ‘കുറഞ്ഞപക്ഷം അടുത്ത ഒക്ടോബര്‍വരെയെങ്കിലും എന്റെ തലപ്പാവും മേല്‍വസ്ത്രവും ഒഴിവാക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കയാണ്. അരമറയ്ക്കാവുന്ന ഒറ്റമുണ്ടുകൊണ്ട് തൃപ്തിപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വളരെ അത്യാവശ്യഘട്ടത്തില്‍മാത്രം ദേഹം മൂടാന്‍ ഒരു പുതപ്പ് ഉപയോഗിക്കുന്നതാണ്. ഇത്തരമൊരു മാറ്റം സ്വീകരിക്കാന്‍ കാരണം ഞാന്‍ സ്വന്തം ജീവിതത്തില്‍ പിന്തുടരാത്ത ഒരു കാര്യവും മറ്റുള്ളവരെ ഉപദേശിക്കാറില്ല എന്നതുകൊണ്ടാണ്. എന്നെ സംബന്ധിച്ചിടത്തോളം ഈ ത്യാഗം ഒരു ദുഃഖാചരണത്തിന്റെ സൂചനകൂടിയാണ്. നമ്മള്‍ വളരെയധികം ദുഃഖിതരാണ്. കാരണം, സ്വരാജ് കരസ്ഥമാക്കാന്‍ കഴിയാതെ ഈ വര്‍ഷം കടന്നുപോവുകയാണ്’ .
അങ്ങനെയാണ് ഗാന്ധിജി അര്‍ദ്ധനഗ്‌നനായി മാറിയത് . ആ തീരുമാനം ബാപ്പുജി സ്വീകരിച്ചിട്ട് ഇന്നേക്ക്, സെപ്തംബര്‍ 22 ന് 100 വര്‍ഷം തികയുകയാണ്. സ്വന്തം ജീവിതം തന്നെ ഒരു പാഠപുസ്തകമാക്കി മാറ്റിയ വ്യക്തിയാണ് ഗാന്ധിജി . ഈ ദിവസം ഒരു നിമിഷ നേരത്തേക്കെങ്കിലും മനസ്സുകൊണ്ട് ആ പാദങ്ങളില്‍ നമസ്കരിക്കാം.

Related Articles

Back to top button