KeralaLatestThiruvananthapuram

സ്കൂള്‍ തുറക്കല്‍: ഉന്നതതല യോഗം ഇന്ന്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ തയ്യാറാക്കാന്‍ ഉന്നതതല യോഗം ഇന്ന് നടക്കും. ആരോഗ്യ – വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാര്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ഇന്ന് വൈകുന്നേരമാണ് യോഗം.

നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ഒരേ സമയം എത്ര കുട്ടികളെ വരെ ക്ലാസ്സുകളില്‍ പ്രവേശിപ്പിക്കണം, ഒരു ബെഞ്ചില്‍ എത്ര വിദ്യാര്‍ത്ഥികള്‍ ആകാം തുടങ്ങിയ കാര്യങ്ങളാകും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുക. ചര്‍ച്ചയില്‍ ഉയര്‍ന്നു വരുന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. സര്‍ക്കാര്‍ തീരുമാനം അനുസരിച്ചായിരിക്കും തുടര്‍ നടപടി.
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് എല്ലാം ബാധകമാകുന്ന പൊതുമാര്‍ഗരേഖ ആയിരിക്കും തയ്യാറാക്കുക. വലിയ ക്ലാസ്സുകളില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തിലും ചെറിയ ക്ലാസ്സുകളിലെ കുട്ടികളുടെ എണ്ണത്തിലും വ്യത്യാസം കൊണ്ടുവരാനാണ് സാധ്യത. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ക്ലാസ്സില്‍ ഇരുത്താന്‍ സാധിക്കുമോ എന്ന സംശയവും ആരോഗ്യ വകുപ്പിന് മുന്നിലുണ്ട്.

ഇന്നലെ സ്‌കൂള്‍ ബസുകളിലെ വിദ്യാര്‍ഥികളുടെ യാത്ര സംബന്ധിച്ച്‌ ഗതാഗത വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ഒരു സീറ്റില്‍ കുട്ടിക്ക് മാത്രമാണ് ഇരുന്ന് യാത്ര ചെയ്യാന്‍ കഴിയുക. നിന്ന് യാത്ര ചെയ്യുന്നതിന് വിലക്കുണ്ട്. ഒക്ടോബര്‍ 20-ാം തിയതിക്ക് മുന്‍പ് സ്കൂള്‍ വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. സ്കൂള്‍ ബസിലെ ഡ്രൈവറും സഹായിയും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. വിദ്യാര്‍ഥികളെ സ്കൂളുകളില്‍ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ക്കും നിബന്ധനകള്‍ ബാധകമാണ്. വിദ്യാര്‍ഥികള്‍ക്കായി കെഎസ്‌ആര്‍ടിസി ബോണ്ട് സര്‍വീസും നടത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Check Also
Close
Back to top button