IndiaLatestTravel

കൊല്ലം – കന്യാകുമാരി ഫെറി സര്‍വീസ്

“Manju”

കൊല്ലം: കൊല്ലം, കോവളം, കന്യാകുമാരി വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച്‌ ഫെറി സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ആലോചന സജീവം. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും തമിഴ്നാട് തുറമുഖ വികസന വകുപ്പ് മന്ത്രി ഇ.വി. വേലുവുമായി ചെന്നൈയില്‍ നടത്തിയ ചര്‍ച്ചയില്‍ കേരളം മുന്നോട്ടുവച്ച നിര്‍ദേശം അവര്‍ക്കും സ്വീകാര്യമായിരുന്നു.
ഇതു സംബധിച്ചു കേരളം തയ്യാറാക്കിയ റിപ്പോര്‍ട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കൈമാറും. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇരു മന്ത്രിമാരും വീണ്ടും കൂടിക്കാഴ്ച നടത്തി ധാരണയിലെത്തും. ഇതിനിടെ, ഫെറി സര്‍വീസിന്റെ സാദ്ധ്യതകളെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ നടത്തും. പരവൂര്‍, വര്‍ക്കല, കോവളം, ശുചീന്ദ്രം, നാഗര്‍കോവില്‍ തുടങ്ങിയ തീര്‍ത്ഥാടന – വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിക്കുന്ന കടല്‍യാത്ര സഞ്ചാരികള്‍ക്ക് ആസ്വാദ്യകരമാകുമെന്നാണ് പ്രതീക്ഷ. 85 നോട്ടിക് മൈല്‍ വരുന്ന കൊല്ലം – കന്യാകുമാരി ദൈര്‍ഘ്യം 7 മണിക്കൂറില്‍ എത്തിക്കാന്‍ കഴിയും. റോഡിലെ തിരക്ക് ഒഴിവാക്കി കടല്‍ക്കാഴ്ചകളും തീരങ്ങളുമായി ബന്ധപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളും ടൂറിസം കേന്ദ്രങ്ങളും സന്ദര്‍ശിക്കാമെന്നതും പ്രത്യേകത.

കൊല്ലത്തിനും കന്യാകുമാരിക്കും മദ്ധ്യേയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഫെറി യാത്ര ബന്ധിപ്പിക്കും. കായലും കടലും സംഗമിക്കുന്ന പൊഴിക്കര, കാപ്പില്‍, വര്‍ക്കല, കോവളം ബീച്ചുകള്‍, വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളായ പൂവാര്‍, ശംഖുമുഖം, കുളച്ചല്‍, ശുചീന്ദ്രം ക്ഷേത്രം തുടങ്ങിയവ യാത്രയില്‍ ഉള്‍പ്പെടും. ലക്ഷദ്വീപ് ടൂറിസം വികസനത്തിന്റെ ഭാഗമായി മിനിക്കോയി – കൊല്ലം കപ്പല്‍ സര്‍വീസും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇതുകൂടി യഥാര്‍ത്ഥ്യമായാല്‍ കൊല്ലത്തിന്റെ ടൂറിസം വികസനത്തിന് സാദ്ധ്യതകള്‍ ഏറെയാവും.
ഫെറി സര്‍വീസ് എന്ന ആശയത്തോട് തമിഴ്നാട് തുറമുഖ വകുപ്പ് മന്ത്രിയുടെ പ്രതികരണം ആവേശകരമായിരുന്നു. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കൊല്ലത്തിന് വലിയ നേട്ടമാവും. കൊച്ചി – കൊല്ലം ചരക്ക് കപ്പല്‍ യാത്ര വലിയ വിജയമായിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാവുന്നതും പ്രതീക്ഷ നല്‍കുന്നു. രണ്ടു സംസ്ഥാനങ്ങളിലെയും തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച്‌ പില്‍ഗ്രിം ടൂറിസം പദ്ധതി ആരംഭിക്കാനുള്ള നിര്‍ദേശവും തമിഴ്നാട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്

Related Articles

Back to top button