IndiaLatest

അസമില്‍ കുടിയൊഴിപ്പിക്കല്‍ തുടരുന്നു

“Manju”

ഗുവാഹതി: അസമിലെ പൊലീസ് നരനായാട്ടിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലും കുടിയൊഴിപ്പിക്കല്‍ തുടരുന്നു. പൊലീസിനു പുറമെ 32 കമ്ബനി അര്‍ധസൈനികരെയും ഉപയോഗിച്ചാണ് ഒഴിപ്പിക്കല്‍. സിഫാജാര്‍ ജില്ലയിലെ ധോല്‍പൂരില്‍ 800 കുടുംബങ്ങളെയാണ് തിങ്കളാഴ്ച കുടിയൊഴിപ്പിച്ചത്. മൂന്നു ദിവസമായി ആഹാരവും പാര്‍പ്പിടവുമില്ലാതെ തുറസ്സായ സ്ഥലത്തു കഴിയുകയാണ് ഈ കുടുംബങ്ങള്‍. ഇതിന്റെ തുടര്‍ച്ചയെന്നോണം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കുടിയൊഴിപ്പിക്കല്‍ നടന്നു. 100 കുടുംബങ്ങളെ വീണ്ടും കുടിയൊഴിപ്പിച്ചതാണ് വ്യാഴാഴ്ച പൊലീസ് വെടിവെപ്പില്‍ കലാശിച്ചത്.
വ്യാഴാഴ്ച രാവിലെ ധറാങ്ങിലെ സിപാജറില്‍ കുടിയൊഴിപ്പിക്കല്‍ എതിര്‍ത്ത ഗ്രാമവാസികള്‍ക്കുനേരെ പ്രകോപനമില്ലാതെ പൊലീസ് വെടിയുതിര്‍ത്തിരുന്നു. രണ്ടുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുഈനുല്‍ ഹഖ് (30), ശൈഖ് ഫരീദ് (12) എന്നിവരാണ് കൊല്ലപ്പെട്ടത്. മുഈനുലിന്റെ മൃതദേഹം പൊലീസിന്റെ കൂടെയുള്ള ഫോട്ടോഗ്രാഫര്‍ ബിജോയ് ശങ്കര്‍ ബനിയ ചവിട്ടിമെതിച്ചിരുന്നു. വെടിയേറ്റ് നിലത്തുവീണ പ്രതിഷേധക്കാരനെ ഇരുപതോളം പൊലീസുകാര്‍ വളഞ്ഞിട്ടുതല്ലുന്ന ദൃശ്യവും പുറത്തുവന്നു. അസമിലെ തദ്ദേശീയരായ ഗോത്രവിഭാഗങ്ങളിലെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ ബഹുമുഖ കാര്‍ഷിക പദ്ധതി നടപ്പാക്കാനാണ് കുടിെയാഴിപ്പിക്കുന്നതെന്നാണ് പറയുന്നത്. ഈ സ്ഥലം കാളി ക്ഷേത്രത്തിന്റേതാണെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. ബംഗാളി സംസാരിക്കുന്ന മുസ്ലിംകളാണ് കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ അധികവും.
മൂന്നു ദിവസത്തിനിടെ 900 കുടുംബങ്ങളിലെ 5,000 പേരെ കിടപ്പാടങ്ങളില്‍നിന്ന് ആട്ടിപ്പുറത്താക്കിയതായി പ്രാഥമിക വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനുപുറമെയാണ് കുടിയൊഴിപ്പിക്കല്‍ നടക്കുന്നത്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അസമിലുടനീളം ആയിരക്കണക്കിന് കുടുംബങ്ങളെ ബലം പ്രയോഗിച്ച്‌ കുടിയൊഴിപ്പിച്ചെന്നും അവരില്‍ ബഹുഭൂരിഭാഗവും മുസ്ലിംകളാണെന്നും വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു മാസം മുമ്പ് ധുബ്രിയില്‍ 300 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. 2019ല്‍ ബിശ്വനാഥ് ജില്ലയില്‍ 445 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. അതിനുശേഷം കാസിരംഗയിലും കുടിയൊഴിപ്പിക്കല്‍ നടന്നു. അവരെല്ലാം കിടപ്പാടം നഷ്ടപ്പെട്ട് അഭയമില്ലാതെ കഴിയുകയാണ്.
ശാഫി മദനിയുടെ നേതൃത്വത്തില്‍ അസം നോര്‍ത്ത് ജമാഅത്തെ ഇസ്ലാമി, സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍, ഓള്‍ അസം മൈനോറിറ്റി സ്റ്റുഡന്‍റ്സ് യൂനിയന്‍, ജംഇയ്യത്ത് ഉലമായേ ഹിന്ദ് എന്നിവരുമായി സഹകരിച്ചാണ് വസ്തുതാന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയത്. ജീവിക്കുന്ന ഭൂമിയില്‍ നിന്ന് പിഴുതെറിയപ്പെട്ട കുടുംബങ്ങള്‍ക്ക് അഭയവും ഭക്ഷണവും നിയമസഹായവും അടിയന്തരമായി നല്‍കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Related Articles

Back to top button