KeralaLatest

‘റോബോട്ടിക്’ വിഷ്‌ണു

“Manju”

കിളിമാനൂര്‍ : വിഷ്‌ണുവിന്റെ വീട് നിറയെ റോബോട്ടുകളാണ്. ക്ലീനിങ്‌ റോബോട്ട്, മെഡിക്കല്‍ റോബോട്ട്, അസിസ്റ്റന്റ് റോബോട്ട്, ഓഫീസ് റോബോട്ട്, ഓട്ടോമേഷന്‍ റോബോട്ട്, എന്റര്‍ടെയ്‌ന്‍മെന്റ് റോബോട്ട്… ഇതില്‍ ചിലത് മാത്രം. കരവാരം തോട്ടയ്ക്കാട് ലിസി മന്ദിരത്തില്‍ വിഷ്ണു പി കുമാറാണ് വിവിധതരം റോബോട്ടും ഉപകരണങ്ങളും നിര്‍മിച്ച്‌ ശ്രദ്ധേയനാകുന്നത്. തിരുവനന്തപുരം മാര്‍ബസേലിയോസ് എന്‍ജിനിയറിങ്‌ കോളേജിലെ അവസാനവര്‍ഷ ബിടെക് ഇലക്‌ട്രോണിക്സ് ആന്‍ഡ്‌ കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ്‌. രണ്ടാം ക്ലാസ്‌ മുതല്‍ ഇലക്‌ട്രോണിക്സിലും കണ്ടുപിടിത്തങ്ങളിലുമായിരുന്നു താല്‍പ്പര്യം. അച്ഛനമ്മമാരായ പത്മകുമാറും ലിസിയും പ്രോത്സാഹനവും പിന്തുണയുമായി ഒപ്പംനിന്നു.
കോവിഡ്‌ ഒന്നാം വരവില്‍ കുറഞ്ഞ ചെലവില്‍ ക‍ൃത്യതയുള്ള ഓക്‌സിമീറ്ററുകള്‍ നിര്‍മിക്കാമോയെന്ന്‌ കോളേജിലെ അധ്യാപകനായ പ്രൊഫ. ജെ എസ് അരുണ്‍ അന്വേഷിച്ചു. നിര്‍ദേശം ഏറ്റെടുത്ത വിഷ്ണു, ഓക്സിഫൈന്‍ എന്ന മൊബൈല്‍ ആപ്പില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓക്സിമീറ്റര്‍ നിര്‍മിച്ചു. വിരലില്‍ വയ്ക്കാവുന്ന ഡിവൈസും പരിശോധനാ ഫലം മൊബൈലില്‍ ആപ്പില്‍ ലഭിക്കുന്ന രീതിയിലുമാണ് ഓക്സിഫൈന്‍ പ്രവര്‍ത്തിക്കുന്നത്. ഒരു മിനിറ്റുമുതല്‍ 24 മണിക്കൂര്‍വരെയുള്ള ഓക്സിജന്‍, പള്‍സ് ലെവല്‍ കൃത്യമായി മൊബൈലിലൂടെ അറിയാനും ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്ന മറ്റ് മൊബൈലില്‍ കാണാനും സാധിക്കും. വീട്ടിലുള്ളവരുടെ പള്‍സും ഓക്സിജന്‍ ലെവലും വിദേശ രാജ്യത്തുള്ള മക്കള്‍ക്കും കാണാമെന്ന്‌ ചുരുക്കം. 400 രൂപയാണ്‌ നിര്‍മാണച്ചെലവ്‌. കണ്ടുപിടിത്തത്തിന് തിരുവനന്തപുരം ശ്രീചിത്രയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
കൂടാതെ 97 റോബോട്ടുകളാണ്‌ വിഷ്ണു നിര്‍മിച്ചത്‌. യന്തിരന്‍ സിനിമ കണ്ടതോടെയാണ് വിഷ്ണുവിന് റോബോട്ടിക്സ് മേഖലയോട് കമ്പംതോന്നിയത്. പഠനാവശ്യത്തിനും വീട് വൃത്തിയാക്കാനും തുടങ്ങി എന്താവശ്യത്തിനും റെഡിയാണ് റോബോട്ടുകള്‍. ആവശ്യക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ വിഷ്ണു നിര്‍മിച്ചും നല്‍കുന്നു. സമൂഹനന്മ ലക്ഷ്യമിട്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയില്‍ ജോലി ചെയ്യണമെന്നാണ്‌ വിഷ്ണുവിന്റെ ലക്ഷ്യം.

Related Articles

Back to top button